
കണ്ണൂർ: കണ്ണാടിപ്പറമ്പിൽ വിരണ്ടോടിയ ആനയെ തളച്ചു. നാറാത്ത് ആലങ്കീൽ ഭാഗത്ത് വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണത്തിലാക്കിയത്. ഇതോടെ പ്രദേശവാസികളെയും ഭക്തരെയും ഒരുപോലെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്ക് അവസാനമായി.(An elephant that ran wild in Kannur was tamed, Hours of worry ended)
കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിൽ നിന്നാണ് ആന വിരണ്ടോടിയത്. വിരണ്ട ഉടനെ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന ഒരു ഓട്ടോറിക്ഷയും കാറും ആന തകർത്തു. തുടർന്ന് കണ്ണാടിപ്പറമ്പ് – സ്റ്റെപ്പ് റോഡ് വഴി ആന ഓടുകയായിരുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ആലങ്കീൽ ഭാഗത്തെത്തിയപ്പോൾ റോഡരികിലുള്ള മരത്തിൽ ആനയെ കെട്ടിയിടാൻ പാപ്പാൻമാരും നാട്ടുകാരും ശ്രമിച്ചെങ്കിലും ആദ്യം അത് പരാജയപ്പെട്ടു. എന്നാൽ, ഭാഗ്യവശാൽ മുറിഞ്ഞു വീണ മരത്തിന്റെ ഒരു ഭാഗം ആനയുടെ കാലിൽ കുരുങ്ങിയത് വഴിത്തിരിവായി. ഇതോടെ ആനയ്ക്ക് കൂടുതൽ ദൂരേക്ക് വേഗത്തിൽ ഓടാൻ സാധിച്ചില്ല. ഇത് വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
