മലപ്പുറത്തെ നടുക്കിയ പോക്സോ കേസുകൾ: ക്ലാസ് നടന്നത് പ്രതിയുടെ വീടിന്റെ ഓപ്പണ്‍ ടെറസിൽ സിസിടിവി ദൃശ്യങ്ങളുമില്ല: കരാട്ടെ പരിശീലകനെ വെറുതെവിട്ടു

മലപ്പുറത്തെ നടുക്കിയ പോക്സോ കേസുകൾ: ക്ലാസ് നടന്നത് പ്രതിയുടെ വീടിന്റെ ഓപ്പണ്‍ ടെറസിൽ സിസിടിവി ദൃശ്യങ്ങളുമില്ല: കരാട്ടെ പരിശീലകനെ വെറുതെവിട്ടു


മലപ്പുറം: വാഴക്കാട് ഊര്‍ക്കടവ് വലിയാട്ട് വീട്ടില്‍ സിദ്ദിഖ് അലിയെ (49) പോക്‌സോ കേസുകളില്‍ നിന്നും കോടതി വെറുതെവിട്ടു. കരാട്ടെ പരിശീലനത്തിനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്.</p><p>2024 ഫെബ്രുവരിയില്‍ ഒരു വിദ്യാര്‍ത്ഥിനി ചാലിയാര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് കരാട്ടെ പരിശീലകനെതിരെ വ്യാപക പരാതികളുയര്‍ന്നത്. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം കൂടുതല്‍ പേര്‍ പരാതിയുമായി മുന്നോട്ട് വരികയും, 17കാരി നല്‍കിയ 14 പേജുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ 2024 ഏപ്രില്‍ അഞ്ചിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.</p><p>തുടര്‍ന്ന് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തുകയും ചെയ്തിരുന്നു. കേസിലെ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കോടതി ഗൗരവമായി പരിഗണിച്ചു. കരാട്ടെ ക്ലാസ് നടന്നത് പ്രതിയുടെ വീടിന്റെ ഓപ്പണ്‍ ടെറസ്സിലാണെന്നും, പകല്‍ സമയത്ത് 25 ഓളം പെണ്‍കുട്ടികള്‍ അടങ്ങുന്ന ബാച്ചുകളില്‍ മൂന്ന് വനിതാ പരിശീലകരുടെ സാന്നിധ്യത്തിലാണ് ക്ലാസുകള്‍ നടന്നിരുന്നതെന്നും പ്രതിഭാഗം വാദിച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ലൈംഗികാതിക്രമം നടന്നു എന്നത് അവിശ്വസനീയമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ, 2021-ല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ക്ലാസില്‍ നിന്നും പുറത്താക്കപ്പെട്ട ചില വിദ്യാര്‍ത്ഥികളുടെ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും വാദമുയര്‍ന്നു.</p><p>കേസില്‍ പ്രധാന തെളിവായി പോലീസ് കണക്കാക്കിയിരുന്ന സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നത് വിധിയില്‍ നിര്‍ണ്ണായകമായി. കൂടാതെ, പീഡനം നടന്നെന്ന് പറയുന്ന സംഭവങ്ങളില്‍ പരാതി നല്‍കാന്‍ ഒന്നര വര്‍ഷത്തോളം കാലതാമസം ഉണ്ടായതും കേസിനെ ദുര്‍ബലപ്പെടുത്തിയതായി പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.തെളിവുകളുടെ അഭാവത്തില്‍ സിദ്ദിഖ് അലിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു