മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനമായ ഇന്ന് 10 വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു. ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്ന ബാരിക്കേഡും ഒരു വശത്തേക്ക് നീക്കി. നിലവിൽ ഉദ്യോഗസ്ഥർക്കും മന്ത്രിവാഹനങ്ങൾക്കുമാണ് പ്രവേശനം അനുവദിച്ചത്. സമരകവാടം 10 വർഷത്തിനുശേഷമാണ് തുറന്നത്. കവാടം തുറന്നെങ്കിലും പൊതുജനങ്ങൾ കന്റോൺമെന്റ് ഗേറ്റിലൂടെ തന്നെ പ്രവേശിക്കണം.
നോർത്ത് ഗേറ്റ് വഴി നിരന്തരം പൊതുജനങ്ങൾ സെക്രട്ടറിയേറ്റിൽ വന്നതോടെയാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി മുൻ സർക്കാർ ഗേറ്റ് അടച്ചത്. ഈ ഗേറ്റിലൂടെ കയറുന്ന വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ പ്രവർത്തിച്ചിരുന്നത്. കേരള സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിനെയാണ് പൊതുവെ ‘സമരഗേറ്റ്’ എന്ന് വിളിക്കുന്നത്. സർക്കാരിനെതിരെയുള്ള സമരങ്ങളും മാർച്ചുകളും പ്രധാനമായും അവസാനിക്കുന്നത് ഈ ഗേറ്റിന് മുന്നിലായതിനാലായതിനാലാണ് ഈ പേരു വന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമുള്ള ഈ ഗേറ്റ് നേരത്തെ അടച്ചിട്ടിരുന്നു. മന്ത്രിമാർക്കും വിഐപികൾക്കും പുറമെ പൊതുജനങ്ങൾക്കും സെക്രട്ടറിയേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഈ ഗേറ്റ് ഉപയോഗിക്കാറുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇടയ്ക്കിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ടെങ്കിലും, ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നാണിത്. കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ മുന്നേറ്റങ്ങൾക്കും തൊഴിലാളി യൂണിയൻ സമരങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ചരിത്രപരമായ പ്രാധാന്യവും ഈ ഗേറ്റിനുണ്ട്

