തിരുവനന്തപുരം: കേരളത്തില്‍ ജനവിധി അനുകൂലമായതിന് പിന്നാലെ യു.ഡി.എഫില്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഊര്‍ജ്ജിതമായ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക്. പരമ്പരാഗതമായി മുന്നണി പുലര്‍ത്തിപ്പോരുന്ന വകുപ്പുവിഭജന രീതികളിലും മന്ത്രിമാരുടെ എണ്ണത്തിലും ഇത്തവണ വലിയ തോതിലുള്ള അഴിച്ചുപണികള്‍ക്ക് സാധ്യത തെളിയുകയാണ്. ഘടകകക്ഷികളെ എല്ലാം ഒരുപോലെ സംതൃപ്തിപ്പെടുത്തുന്നതിനൊപ്പം, ഭരണത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിനായി ജാതി-മത-സാമുദായിക സന്തുലിതാവസ്ഥ കൃത്യമായി പാലിക്കുക എന്ന അതീവ ഗുരുതരമായ വെല്ലുവിളിയാണ് പുതിയ നേതൃത്വത്തിന് മുന്നിലുള്ളത്. യുഡിഎഫിലെ മന്ത്രി പദവി വിഭജനത്തില്‍ ഇന്ന് അന്തിമരൂപം വരും.
മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് നാല് മന്ത്രിസ്ഥാനങ്ങളില്‍ തൃപ്തിപ്പെടാന്‍ തയ്യാറായാല്‍ മാത്രമേ മുന്നണിയിലെ ചെറുഘടകകക്ഷികള്‍ക്കെല്ലാം മന്ത്രിപദവി ഉറപ്പാക്കാന്‍ സാധിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ലീഗിന് നാല് മന്ത്രിമാരും ഒപ്പം ക്യാബിനറ്റ് പദവിയുള്ള മറ്റു സുപ്രധാന പോസ്റ്റുകളും നല്‍കി അനുനയിപ്പിക്കാനുള്ള ഫോര്‍മുലയ്ക്കാണ് നിലവില്‍ മുന്‍ഗണന. ഈ ഫോര്‍മുല യാഥാര്‍ത്ഥ്യമായാല്‍, ഒരു മന്ത്രി മാത്രമുള്ള ചെറു കക്ഷികള്‍ക്കും ഭരണ പങ്കാളിത്തം ഉറപ്പാക്കാനും മുന്നണിയിലെ അസംതൃപ്തി പൂര്‍ണ്ണമായും ഒഴിവാക്കാനും കോണ്‍ഗ്രസിന് സാധിക്കും.
ഭരണതലത്തില്‍ ലീഗിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മറ്റ് ചില ഫോര്‍മുലകളും ചര്‍ച്ചയിലുണ്ട്. മുതിര്‍ന്ന നേതാവ് എം.കെ. മുനീറിനെ ഉദ്ദേശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനവും കമ്മീഷന്റെ പുനഃസംഘടനയും ലീഗ് താല്പര്യപ്പെടുന്നുണ്ട്. ഇതോടൊപ്പം കെ.പി.എ. മജീദിനായി മറ്റൊരു സുപ്രധാന പദവിയും ലീഗ് ക്യാമ്പ് ആവശ്യപ്പെടുന്നുണ്ട്. മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തില്‍ കടുംപിടുത്തം പിടിക്കാതെ, ഇത്തരം പദവികളിലൂടെ ലീഗിന്റെ രാഷ്ട്രീയ പ്രാധാന്യം നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരാകും മന്ത്രിസഭയില്‍ ഉണ്ടാകുക. എന്നാല്‍ വലിയ വിജയം കൈവരിച്ച പശ്ചാത്തലത്തില്‍ ഒരു മന്ത്രിസ്ഥാനം കൂടി അടിയന്തരമായി നേടിയെടുക്കാന്‍ കഴിയുമോ എന്ന കാര്യവും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ സമുദായ സമവാക്യങ്ങള്‍ കൂടി പരിഗണിച്ചു വേണം കോണ്‍ഗ്രസിന് തങ്ങളുടെ 11 അംഗ പട്ടികയ്ക്ക് അന്തിമരൂപം നല്‍കാന്‍. ക്രിസ്ത്യന്‍, നായര്‍, ഈഴവ, ദളിത് പ്രാതിനിധ്യങ്ങള്‍ കൃത്യമായി ഉറപ്പാക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള കടുത്ത മേല്‍നോട്ടവും ഉണ്ടാകും.
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കുള്ള ഒരു പദവിയും നല്‍കാനാണ് നിലവിലെ ധാരണ. എന്നാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം പി.ജെ. ജോസഫിനും താല്പര്യമുള്ളതിനാല്‍ ലീഗും ജോസഫ് ഗ്രൂപ്പും തമ്മില്‍ ഈ പദവിക്കായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, ചെറിയ കക്ഷിയായ കെ.ഡി.പി.യിലെ മാണി സി. കാപ്പന് മന്ത്രിസ്ഥാനത്തിനുപകരം കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കണമെന്ന ആലോചനകളും കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ സജീവമാണ്. എന്നാല്‍ ആര്‍.എം.പി. ഇത്തവണ മന്ത്രിസ്ഥാനത്തിന് വലിയ അവകാശവാദം ഉന്നയിക്കാനിടയില്ലെന്നാണ് സൂചന.
സുപ്രധാന വകുപ്പുകള്‍ കൈവശപ്പെടുത്തുന്നതിനെച്ചൊല്ലിയും മുന്നണിയില്‍ വന്‍ വടംവലിയാണ് നടക്കുന്നത്. ഇത്തവണ റവന്യൂ വകുപ്പ് വേണമെന്ന ആവശ്യം ജോസഫ് ഗ്രൂപ്പ് ശക്തമായി ഉന്നയിക്കും. എന്നാല്‍ പരമ്പരാഗതമായി തങ്ങള്‍ കൈകാര്യം ചെയ്തിരുന്ന റവന്യൂ വകുപ്പില്‍ ലീഗിനും കടുത്ത താല്പര്യമുണ്ട്. റവന്യൂ ലഭിച്ചില്ലെങ്കില്‍ പൊതുമരാമത്തും ടൂറിസവും, അതല്ലെങ്കില്‍ പൊതുവിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും ചേര്‍ത്ത് ഒറ്റ വകുപ്പായി നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ബദല്‍ ആവശ്യം. ഇതിനുപുറമെ ആരോഗ്യ വകുപ്പിലും മുസ്ലിം ലീഗ് കണ്ണ് വെക്കുന്നുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് മുതിര്‍ന്നേക്കും. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടുന്ന ഗതാഗത വകുപ്പ് ഇത്തവണ കോണ്‍ഗ്രസ് നേരിട്ട് ഏറ്റെടുക്കാനാണ് സാധ്യത. വിദ്യാഭ്യാസ വകുപ്പും കോണ്‍ഗ്രസ് ലീഗിന് വിട്ടുകൊടുക്കാതെ സ്വന്തം കൈകളില്‍ സൂക്ഷിക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, തുറമുഖവും സഹകരണവുമാണ് സി.എം.പി. തങ്ങളുടെ പ്രതിനിധിക്കായി ചോദിക്കുന്നത്.
നിയമസഭാ സ്പീക്കര്‍ പദവിയിലേക്കും തര്‍ക്കങ്ങള്‍ ഒഴിഞ്ഞിട്ടില്ല. നിലവില്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് സജീവമായി ഉയരുന്ന പേര് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേതാണ്. എന്നാല്‍ തിരുവഞ്ചൂര്‍ മന്ത്രിസഭയിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിച്ചാല്‍, യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായി റോജി എം. ജോണിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചേക്കും. ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഘടകകക്ഷികള്‍ക്ക് നല്‍കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
യു.ഡി.എഫിലെ മന്ത്രിമാരുടെ സാധ്യതാപട്ടിക പരിശോധിച്ചാല്‍ വന്‍ നേതാക്കളുടെ നിര തന്നെയാണ് കാണാന്‍ സാധിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എന്‍. ശക്തന്‍, എ.പി. ????കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, എം. ലിജു, ബിന്ദു കൃഷ്ണ, ടി. സിദ്ദിഖ്, വി.പി. സജീന്ദ്രന്‍ എന്നിവരാണ് മുന്‍നിരയിലുള്ളത്. ഇവരില്‍ നിന്നാകും സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പദവികള്‍ നിശ്ചയിക്കുക.
പാര്‍ട്ടിയില്‍ വലിയൊരു യുവനിരയും അവസരം കാത്ത് നില്‍ക്കുന്നുണ്ട്. വി.ടി. ബല്‍റാം, മാത്യു കുഴല്‍നാടന്‍, അന്‍വര്‍ സാദത്ത്, ജ്യോതികുമാര്‍ ചാമക്കാല, കെ. ജയന്ത്, എം. വിന്‍സന്റ്, പഴകുളം മധു, റോജി എം ജോണ്‍ എന്നിവരും സജീവ പരിഗണനയിലാണ്. ഘടകകക്ഷികളില്‍ നിന്ന് മുസ്ലിം ലീഗിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, കെ.കെ.എം. അഷ്‌റഫ് എന്നിവരും, കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫും, ജേക്കബ് ഗ്രൂപ്പില്‍ നിന്ന് അനൂപ് ജേക്കബും, ആര്‍.എസ്.പിയില്‍ നിന്ന് ഷിബു ബേബി ജോണും, സി.എം.പിയില്‍ നിന്ന് സി.പി. ജോണും, കെ.ഡി.പിയില്‍ നിന്ന് മാണി സി. കാപ്പനും പട്ടികയിലുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മുന്നണി യോഗം ചേര്‍ന്ന് അന്തിമ ഫോര്‍മുല പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
