തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പത്തു വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ഇന്ന് അധികാരമേല്‍ക്കുന്നു. കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ ഇന്ന് പത്ത് മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബൃഹത്തായ ചടങ്ങില്‍ സതീശനൊപ്പം 20 മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യും. 1982-ല്‍ കെ. കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്തിന് ശേഷം ഇതാദ്യമായാണ് യുഡിഎഫിന്റെ മുഴുവന്‍ മന്ത്രിമാരും ഒരേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് എന്നത് ഈ സര്‍ക്കാരിന്റെ പ്രത്യേകതയാണ്.
പത്തു വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് വിരാമമിട്ട് യുഡിഎഫ് തിരിച്ചെത്തിയതിന്റെ ആവേശത്തിലാണ് അണികള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്താന്‍ ഇടയില്ലെങ്കിലും കോണ്‍ഗ്രസിന്റെ നാല് മുഖ്യമന്ത്രിമാരും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തും. തലസ്ഥാനം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ യുഡിഎഫിന്റെ ആഘോഷവേദിയായി മാറും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
വേദിയില്‍ ഗവര്‍ണര്‍ക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്നാണ് ലോക്ഭവന്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എ പി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീര്‍, എന്‍ ഷംസുദ്ദീന്‍, കെ എം ഷാജി, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.
ആദ്യ കാബിനെറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍!
സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വി.ഡി. സതീശന്‍ തന്റെ കരുത്ത് തെളിയിക്കുമെന്നാണ് വിവരം. സാധാരണക്കാരെയും പാവപ്പെട്ടവരെയും ലക്ഷ്യമിട്ടുള്ള വിപ്ലവകരമായ ചില ജനപ്രിയ പ്രഖ്യാപനങ്ങള്‍ ആദ്യ കാബിനറ്റില്‍ തന്നെ ഉണ്ടായേക്കും. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം കൂട്ടും. കൊച്ചി മാതൃകയില്‍ സംസ്ഥാനത്താകെ ഇന്ദിര കാന്റീന്‍. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യയാത്രയിലും പ്രഖ്യാപനം വന്നേക്കും.
ഇന്നലെ വൈകീട്ടോടെയാണ് മന്ത്രിമാരുടെ പട്ടിക തയ്യാറായത്. മുഖ്യമന്ത്രിയടക്കമുള്ള 21 മന്ത്രിമാരുടെയും പട്ടിക ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ലോക്ഭവനിലെത്തി വി.ഡി. സതീശന്‍ കൈമാറി. മന്ത്രിമാര്‍ക്ക് ടേം വ്യവസ്ഥ കൊണ്ടുവരുന്നത് ഉഭയകക്ഷിയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, തര്‍ക്കം തീര്‍ന്നിട്ടില്ല. അനൂപ് ജേക്കബും മാണി സി. കാപ്പനും മന്ത്രിസ്ഥാനം പങ്കുവെക്കണമെന്നാണ് ചര്‍ച്ചചെയ്തിട്ടുള്ളത്. ഇതിനോട് അനൂപിനും കാപ്പനും എതിര്‍പ്പുണ്ട്. എന്തായാലും അനൂപ് ആദ്യം സത്യപ്രതിജ്ഞചെയ്യുമെന്നാണ് തീരുമാനം.
ചരിത്രത്തിലാദ്യമായി മുസ്ലിംലീഗും മന്ത്രിസ്ഥാനത്തിന് ടേം ഏര്‍പ്പെടുത്തി. കോഴിക്കോടിന് മന്ത്രിസ്ഥാനമില്ലാത്തതിനാല്‍ പാറക്കല്‍ അബ്ദുള്ളയെ രണ്ടരവര്‍ഷംകഴിഞ്ഞ് മന്ത്രിയാക്കുമെന്ന് ലീഗ് പ്രഖ്യാപിച്ചു. ആരാണ് ഒഴിയേണ്ടതെന്ന് ഇപ്പോള്‍ ലീഗ് പുറത്തുപറഞ്ഞിട്ടില്ല. മന്ത്രിമാരുടെ വകുപ്പുകളിലും അന്തിമ തീരുമാനം ആയിട്ടില്ല. വൈദ്യുതി വകുപ്പ് വേണ്ടെന്ന് പറഞ്ഞ കെ മുരളീധരന് ആരോഗ്യവകുപ്പും ദേവസ്വവും നല്‍കാന്‍ ധാരണയായിട്ടുണ്ട്.
മൂന്ന് വനിതകള്‍ കാബിനറ്റ് പദവിയില്‍
ഇത് യു.ഡി.എഫില്‍ ആദ്യമാണ്. ബിന്ദുകൃഷ്ണ, കെ.എ. തുളസി എന്നിവര്‍ മന്ത്രിസഭയിലും ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടിസ്പീക്കര്‍ പദവിയിലും. 1960-64ല്‍ എ. നഫീസത്ത് ബീവിക്കു ശേഷം ആദ്യമാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. അര്‍ഹതപ്പെട്ടവര്‍ ഒരുപാടുണ്ട്. നിലവില്‍ മന്ത്രിമാരായവരെക്കാള്‍ യോഗ്യരായവര്‍ പുറത്തുണ്ട്. സാമൂഹികസാഹചര്യം, മേഖലാപരിഗണന, സ്ത്രീപ്രാതിനിധ്യം തുടങ്ങിയ പല കാര്യങ്ങളും പരിഗണിക്കേണ്ടിവരുമ്പോഴുള്ള പ്രശ്‌നമാണ്. കോണ്‍ഗ്രസ് ഇത്തരം കാര്യങ്ങളെല്ലാം പരിശോധിച്ചാണ് തീരുമാനമെടുക്കാറുള്ളത്. പലമാനദണ്ഡങ്ങള്‍ കാരണം പലരും ഒഴിവാക്കപ്പെട്ടതില്‍ ദുഃഖമുണ്ട്.
യുവത്വമുള്ള മന്ത്രിസഭയാണ് സതീശന്റെ നേതൃത്വത്തില്‍ കേരളത്തിലുണ്ടാകുന്നത്. ആദ്യമായി എം.എല്‍.എ.യായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷിനെ മന്ത്രിയാക്കിയത് അപ്രതീക്ഷിതമാണ്. ഗ്രൂപ്പ് അവകാശവാദങ്ങളില്‍പ്പോലും ഇടംപിടിക്കാതിരുന്ന പേരാണ് ജനീഷിന്റേത്. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 16 പേര്‍ പുതുമുഖങ്ങളാണ്. പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരാണ് ഭരണരംഗത്തെ കാരണവര്‍മാരായി മന്ത്രിസഭയിലുള്ളത്. കെ. മുരളീധരന്‍, എ.പി. അനില്‍കുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് നേരത്തേ മന്ത്രിമാരായിരുന്നവര്‍. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.
വാക്ക് മാറില്ലെന്ന് സതീശന്റെ വാക്ക്
പറഞ്ഞകാര്യങ്ങളെല്ലാം ചെയ്യാനുള്ളതാണെന്നും വാക്കുമാറില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയായാലും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഇങ്ങനെ ഇരിക്കില്ലേയെന്ന ചോദ്യത്തിന്, ഞാന്‍ എപ്പോഴും നിങ്ങളുടെ ചോദ്യങ്ങളെ നേരിട്ടിട്ടില്ലേ, നിങ്ങളെ കാണാതെ പോകുന്നവനല്ലല്ലോ എന്നായിരുന്നു മറുപടി.
''ഞാന്‍ വിമര്‍ശിക്കപ്പെടണം. മാധ്യമങ്ങള്‍ എന്നെക്കുറിച്ച് നല്ലതുമാത്രം പറയണമെന്നൊന്നുമില്ല. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കണം. തിരുത്തല്‍ശക്തിയായി മാധ്യമങ്ങളുണ്ടാകണമെന്നതുതന്നെയാണ് എന്റെ അഭിപ്രായം. വീഴ്ചകള്‍ തിരുത്തി മുന്നോട്ടുപോകും. ഞാന്‍ നെഹ്റുവിയന്‍ സോഷ്യലിസ്റ്റാണ്. ആകാശത്തുനിന്ന് വാര്‍ത്തകളുണ്ടാക്കരുത്. പുതുയുഗപ്പിറവിക്കാണ് യു.ഡി.എഫ്. എത്തുന്നത്. ആ ഉത്തരവാദിത്വം മാധ്യമങ്ങളുടേതു കൂടിയാണ്. കുറവുകളുണ്ട് സമ്മതിക്കുന്നു'' -സതീശന്‍ പറഞ്ഞു.
മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ ഒരുനേതാവും സമ്മര്‍ദം ചെലുത്തിയിട്ടില്ല. ഗ്രൂപ്പ് തര്‍ക്കവും ഉണ്ടായിട്ടില്ല. ഒരുമിച്ചിരുന്നാണ് തീരുമാനമെടുത്തത്. വീതംവെപ്പല്ല നടന്നത്. അതുകൊണ്ടാണ് 24 മണിക്കൂറിനുള്ളില്‍ മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാനായത്. വകുപ്പുകളുടെ കാര്യത്തിലും ഏകദേശധാരണയായിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം അത് ഗവര്‍ണര്‍ക്ക് കൈമാറും -സതീശന്‍ പറഞ്ഞു.
കറുത്തകാറില്‍ യാത്രചെയ്യില്ല എന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശന്‍. 'മുഖ്യമന്ത്രി എന്ന നിലയില്‍ ഏത് വാഹനമാണോ കിട്ടുന്നത് അത് ഉപയോഗിക്കും. അത് ലാളിത്യമായി വ്യാഖ്യാനിക്കേണ്ടതില്ല. നിലവിലെ സംസ്ഥാനത്തിന്റെ സാമ്പത്തി കസാഹചര്യത്തില്‍ മുഖ്യമന്ത്രി ഒരു പുതിയ കാര്‍ വാങ്ങിച്ചാല്‍ അത് തെറ്റായസന്ദേശം നല്‍കും' -വി.ഡി. സതീശന്‍ പറഞ്ഞു. മൂന്നുവാഹനത്തില്‍ക്കൂടുതല്‍ വേണ്ടെന്ന് പോലീസിനോട് പറഞ്ഞു. അകമ്പടി വാഹനം ഒഴിവാക്കാന്‍ പോലീസിനോട് ആവശ്യ പ്പെട്ടിട്ടും അനുവദിച്ചില്ല -സതീശന്‍ പറഞ്ഞു.
