മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് 13 മണിക്കൂർ വൈകി; യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി

മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് 13 മണിക്കൂർ വൈകി; യാത്രക്കാരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി



മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ടയറിലെ സാങ്കേതിക തകരാറിനെ തുടർന്ന് 13 മണിക്കൂറോളം വൈകി. വെള്ളിയാഴ്ച രാത്രി 9.10ന് മസ്‌കറ്റിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന IX 712 വിമാനമാണ് മണിക്കൂറുകളോളം വൈകിയത് (Air India Express Muscat Kannur Flight Delayed). ഇതോടെ വിമാനത്തിലുണ്ടായിരുന്ന നൂറുകണക്കിന് യാത്രക്കാർ കടുത്ത പ്രതിസന്ധിയിലാവുകയും വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരികയും ചെയ്തു.

വിമാനത്തിൽ യാത്രക്കാരെയെല്ലാം കയറ്റി രാത്രി 11 മണി വരെ ഇരുത്തിയ ശേഷമാണ് ടയറിന്റെ തകരാർ പരിഹരിക്കാൻ സാധിക്കില്ലെന്ന വിവരം അധികൃതർ അറിയിച്ചത്. തുടർന്ന് യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് മാറ്റി. മണിക്കൂറുകളോളം തങ്ങൾക്ക് കൃത്യമായ വിവരങ്ങളൊന്നും നൽകിയിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പിന്നീട് ശനിയാഴ്ച രാവിലെ 10 മണിയോടെ എയർ ഇന്ത്യ എക്‌സ്‌പ്രസ് മറ്റൊരു വിമാനം ഏർപ്പാടാക്കിയാണ് യാത്രക്കാരെ കണ്ണൂരിലേക്ക് എത്തിച്ചത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനം നിശ്ചിത സമയത്ത് ടേക്ക് ഓഫ് ചെയ്യാതിരുന്നതെന്ന് വ്യക്തമാക്കിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് അധികൃതർ, യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു.