തുടക്കത്തിലെ കല്ലുകടി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അതിവേഗ ഇടപെടല്‍; ഇടഞ്ഞ മുരളിയെ അനുനയിപ്പിക്കാന്‍ വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വം വകുപ്പും നല്‍കും; വൈദ്യുതി ആര്‍ക്കെന്നതില്‍ വ്യക്തതയില്ല; അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും; മന്ത്രിസഭയില്‍ 14 പേര്‍ പുതുമുഖങ്ങള്‍; ടീം വിഡിഎസിന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ പത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍


തുടക്കത്തിലെ കല്ലുകടി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അതിവേഗ ഇടപെടല്‍; ഇടഞ്ഞ മുരളിയെ അനുനയിപ്പിക്കാന്‍ വൈദ്യുതിക്ക് പകരം ആരോഗ്യവും ദേവസ്വം വകുപ്പും നല്‍കും; വൈദ്യുതി ആര്‍ക്കെന്നതില്‍ വ്യക്തതയില്ല; അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും; മന്ത്രിസഭയില്‍ 14 പേര്‍ പുതുമുഖങ്ങള്‍; ടീം വിഡിഎസിന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ പത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍




തിരുവനന്തപുരം: ടീം യുഡിഎഫ് നാളെ അധികാരത്തിലേക്ക്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ യുവാക്കളെയും വനിതകളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തി കൊണ്ടാണ് 21 അംഗ മന്ത്രിസഭയെ പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതോടെ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായെങ്കിലും ഒടുവില്‍ പ്രശ്‌നങ്ങള്‍ തീര്‍ത്ത് മന്ത്രിസഭ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങുകയാണ്. വകുപ്പ് വിഭജനത്തില്‍ ഇടഞ്ഞ കെ മുരളീധരന് വഴങ്ങി കോണ്‍ഗ്രസ് നേതൃത്വം അനുരജ്ഞന വഴിതേടി. നേരത്തെ നിശ്ചയിച്ച വൈദ്യുതി വകുപ്പിന് പകരം മുരളീധരന്‍ ആവശ്യപ്പെട്ട ആരോഗ്യ വകുപ്പും, ഒപ്പം ദേവസ്വവും നല്‍കും.

വൈദ്യുതി വകുപ്പെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയതോടെയാണ് നേതൃത്വം വഴങ്ങിയത്. വി ഡി സതീശന്‍ മന്ത്രിസഭയില്‍ ആരോഗ്യവകുപ്പാണ് മുരളീധരന്‍ പ്രതീക്ഷിച്ചിരുന്നത്. ഇത് മുന്നില്‍ കണ്ടുള്ള പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ സതീശന്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ കെ സി വേണുഗോപാല്‍ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്.

കെ സി വേണുഗോപാല്‍ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനില്‍കുമാറിന് ആരോഗ്യം നല്‍കാനായിരുന്നു നീക്കം. വകുപ്പില്‍ എതിര്‍പ്പ് അറിയിച്ച മുരളീധരന്‍ വൈദ്യുതിയെങ്കില്‍ ചുമതല ഏല്‍ക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ മാറ്റമുണ്ടായത്. ഇനി വൈദ്യുതി വകുപ്പ് ആര്‍ക്ക് എന്നതില്‍ വ്യക്തത വന്നിട്ടില്ല. 2004ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ മുരളീധരന്‍ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നല്‍കിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.

അതേസമയം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ക്ക് അവകാശവാദമുന്നയി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ ഒടുവില്‍ ഒരു മന്ത്രിയും ചീഫ് വിപ്പ് പദവിയുംകൊണ്ട് അനുനയിപ്പിച്ചു. പി.ജെ. ജോസഫിന്റെ മകനും തൊടുപുഴ എം.എല്‍.എയുമായ അപു ജോണ്‍ ജോസഫിനാണ് ചീഫ് വിപ്പ് സ്ഥാനം. ഇക്കാര്യം കേരള കോണ്‍ഗ്രസ്‌ചെയര്‍മാന്‍ പി.ജെ ജോസഫ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു.

സര്‍പ്രൈസുകള്‍ക്കും അപ്രതീക്ഷിത തിരുത്തലുകള്‍ക്കും രാഷ്ട്രീയ കേന്ദ്രങ്ങളെ ആകാംക്ഷയിലാക്കിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്തിന്റെ ഭരണയന്ത്രം തിരിക്കേണ്ട പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, സി.പി. ജോണ്‍, എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍, ടി. സിദ്ദീഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് തിങ്കളാഴ്ച രാവിലെ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 16ാം കേരള നിയമസഭയുടെ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍. മന്ത്രിസഭയില്‍ 14 പേര്‍ പുതുമുഖങ്ങളാണ്. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 12ഉം മുസ്‌ലിം ലീഗിന് അഞ്ചും കേരള കോണ്‍ഗ്രസ്, ആര്‍.എസ്.പി, സി.എം.പി, കേരള കോണ്‍ഗ്രസ് ജേക്കബ് എന്നീ ഘടകകക്ഷികള്‍ ഓരോ മന്ത്രിമാര്‍ വീതവുമാണ് ലഭിച്ചത്. ചില ഘടകകക്ഷികളുടെ കാര്യത്തില്‍ ടേം വ്യവസ്ഥ നിശ്ചയിച്ചെങ്കിലും അത് പിന്നീട് പ്രഖ്യാപിക്കും. അനൂപ് ജേക്കബും മാണി സി. കാപ്പനും ചുമതല വെച്ചുമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതായാണ് സൂചന.

അതേസമയം, മുസ്‌ലിം ലീഗ് ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയാകുന്നയാളെ പ്രഖ്യാപിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പാറയ്ക്കല്‍ അബ്ദുല്ലയാണ് രണ്ടാം ടേം മന്ത്രി. വകുപ്പുകള്‍ സംബന്ധിച്ച ഏറെക്കുറെ ധാരണയായെങ്കിലും അന്തിമമായിട്ടില്ല. അവസാനവട്ട ചര്‍ച്ചകള്‍ പുരോഗിക്കുകയാണ്. സത്യപ്രതിജ്ഞക്ക് ശേഷമാകും ഇക്കാര്യം പ്രഖ്യാപിക്കുക. കോണ്‍ഗ്രസില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിക്കൊപ്പം സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. പട്ടികജാതി വിഭാഗത്തില്‍നിന്ന് രണ്ടു മന്ത്രിമാരുണ്ടാകുന്നതും ചരിത്രം. 1960ല്‍ എ. നഫീസത്ത് ബീവിക്ക് ശേഷം ഇതാദ്യമായാണ് വനിത ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കെത്തുന്നത്.

സാമൂഹിക സന്തുലിതാവസ്ഥയും സാമുദായിക പരിഗണനയും ജില്ല പ്രാതിനിധ്യവും സീനിയോറിറ്റിയുമടക്കം വിവിധ ഘട്ടങ്ങള്‍ പരിഗണിച്ചാണ് കോണ്‍ഗ്രസിലെ 63 എം.എല്‍.എമാരില്‍നിന്ന് മന്ത്രിമാരായ 11 പേരെ അരിച്ചെടുത്ത്.