ഇരിട്ടി ഇ പ്ലാനറ്റ് ഷോറൂമിൽ വൻ മോഷണം 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു


ഇരിട്ടി ഇ പ്ലാനറ്റ് ഷോറൂമിൽ വൻ മോഷണം 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു



ഇരിട്ടി: ഇരിട്ടി പയഞ്ചേരി മുക്കിൽ പ്രവർത്തിക്കുന്ന  ഇലക്ടോണിക്‌സ് വില്പനശാലയായ ഇ പ്ലാനറ്റിൽ വൻ കവർച്ച. ഐഫോണുകൾ അടക്കം 18 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ ആണ് ഇവിടെ നിന്നും കവർന്നതായി കണക്കാക്കുന്നത്.  ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. 
വ്യാഴാഴ്ച്ച രാവിലെ ഒൻമ്പത് മണിയോടെ ജീവനക്കാർ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറിന്റെ നടുഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. കടയിൽ മോഷണം നടന്നതാണെന്ന്  മനസ്സിലായതോടെ ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.  വ്യാഴാഴ്ച പുലർച്ചെ 2.30നും 3.30നും ഇടയിലായി  മോഷണം നടന്നതായാണ് നിരീക്ഷണക്യാമറാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.  ഷോപ്പിനുള്ളിലേയും സമീപത്തേയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്ന് പേരാണ് മോഷണത്തിൽ ഉൾപ്പെട്ടതെന്ന് വ്യക്തമായി. മോഷ്ടാക്കളിൽ രണ്ട് പേർ മുഖംമൂടി ധരിച്ചിരുന്നതായും കണ്ടെത്തി. ഒരാളുടെ രൂപം വ്യക്തമായി ക്യാമറയിൽ പതിഞ്ഞിട്ടില്ല.
ഷട്ടറിന്റെ നടുഭാഗം വലിച്ച് ഓടിച്ചാണ്   മോഷ്ടാക്കൾ കടയ്ക്കുള്ളിൽ കടന്നത്. തുടർന്ന് പണം സൂക്ഷിക്കുന്ന കൗണ്ടറിനും തൊട്ടടുത്തുള്ള മൊബൈൽ വിൽപ്പന വിഭാഗത്തിലും എത്തിയശേഷം  മൊബൈൽ ഫോണുകളുടെ കവറുകൾ തുറന്ന് ഫോണുകൾ മാത്രം എടുത്തുമാറ്റിയാണ് മോഷണം നടത്തിയത്. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഐഫോണുകളും മറ്റുഫോണുകളുമാണ് മോഷണം പോയത്. ഇലക്ടോണിക്‌സ് കടയുടെ മുന്നിലായി 24മണിക്കൂർ പ്രവർത്തിക്കുന്ന പൊട്രോൾ പമ്പും ഹോട്ടലും ഉണ്ട്. ഷോപ്പിന് മുന്നിൽ ഓഫറുകൾ വാഗ്ദാനം നൽകിയ കമാനം സ്ഥാപിച്ചിരുന്നു. ഇതിനെ മറയാക്കായാണ് ഷട്ടർ തകർത്തതെന്ന് സംശയിക്കുന്നു. മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു ബാഗ് മണത്ത് പോലീസ് നായ തവക്കൽ കോംപ്ലകസ് വരെ എത്തിയെങ്കിലും പിന്നിട് തിരിച്ചു വന്നു. മോഷ്ടിച്ച ഫോണുകളുമായി കവർച്ചാ സംഘം ഇരിട്ടി ടൗൺ ഭാഗത്തേക്കാണ് നീങ്ങിയതെന്ന സംശയിക്കുന്നു. ഇരിട്ടി ഡിവൈ എസ് പി പി. രാജേഷ്, സി ഐ വി. സിജിത്ത്, എസ് ഐ കെ. ഷറഫൂദ്ദീൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണം  ആരംഭിച്ചു.