
തിരുവനന്തപുരം: പരമ്പരാഗത മേഖലയ്ക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റൈൽ വ്യവസായത്തിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി (P K Kunhalikutty industries minister textile meet). തിരുവനന്തപുരത്ത് കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രാലയവും സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ടെക്സ്റ്റെൽ മേഖലയിലെ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയെ ആഗോള വിപണിയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും 2030ഓടെ 100 ബില്യൺ യു.എസ്. ഡോളർ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ഈ വിപുലമായ യോഗം സംഘടിപ്പിച്ചത്. കൈത്തറി, നെയ്ത്ത് അടക്കമുള്ള പരമ്പരാഗത മേഖലകളുടെ സാധ്യതകൾ വിപുലമാക്കേണ്ടതുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ ടെക്‌സ്റ്റൈൽ മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും അവയ്ക്കുള്ള കൃത്യമായ പരിഹാര മാർഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിലൂടെ നിർദേശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.കേരളത്തെ സംബന്ധിച്ച് നിലവിൽ അനേകം സാധാരണ തൊഴിലാളികൾ ഉൾപ്പെടുന്ന മേഖലയാണിത്. വിപുലമായ തൊഴിലവസരങ്ങൾക്കുള്ള വലിയ സാധ്യതയാണ് വസ്ത്ര നിർമാണ, വ്യാപാര രംഗം സംസ്ഥാനത്തിന് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ ഡോ. കൃപ കുമാർ കെ.എസ്. സ്വാഗതം ആശംസിച്ചു. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.
ഇൻഡസ്ട്രീസ് വകുപ്പിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂലി തോമസ്, കേന്ദ്ര ടെക്‌സ്‌റ്റൈൽ കമ്മീഷണറുടെ ഓഫീസ് ഡയറക്ടർ വിജയ് ധർ ചൗബേ, സീനിയർ കൺസൽട്ടന്റ് ബിജേത മോഹന്തി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും വസ്ത്രവ്യാപാര മേഖലയിലെ വിവിധ പ്രതിനിധികളും സമ്മേളനത്തിൽ സംബന്ധിച്ചു.
