സൗജന്യ ബസ് യാത്ര ജൂൺ ഒന്ന് മുതൽ, സ്ത്രീകൾക്ക് എല്ലാ മാസവും 3000 രൂപ വീതം ധനസഹായം; വമ്പൻ തീരുമാനങ്ങളുമായി പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ചേർന്ന രണ്ടാമത് മന്ത്രിസഭ യോഗത്തിൽ വലിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. മതപരമായ അടിസ്ഥാനത്തിൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കിയ സർക്കാർ, സ്ത്രീകൾക്കായി വിപുലമായ ക്ഷേമപദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. സ്ത്രീ ക്ഷേമത്തിന് മുൻഗണന നൽകിയ പ്രഖ്യാപനങ്ങളിൽ സൗജന്യ ബസ് യാത്രയും പ്രതിമാസ ധനസഹായവും ഉൾപ്പെടുന്നു.</p><p>'അന്നപൂർണ യോജന' പ്രകാരം സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ സഹായം നൽകും. നിലവിൽ 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിയിൽ ഉള്ളവർ നേരിട്ട് ഇതിലേക്ക് മാറും. ജൂൺ 1 മുതൽ സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു. 2010-നും 2024-നും ഇടയിൽ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ പുതിയ വിഭാഗങ്ങളെ ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചു. ഈ വിഭാഗങ്ങളിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുള്ളവരായിരുന്നു. 2024-ലെ കൽക്കട്ട ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. മുൻ സർക്കാർ കൊണ്ടുവന്ന സബ് കാറ്റഗറൈസേഷൻ സമ്പ്രദായവും റദ്ദാക്കി.</p><p>ഇമാമുമാർക്കും ഹിന്ദു പുരോഹിതന്മാർക്കും നൽകിയിരുന്ന പ്രതിമാസ സ്റ്റൈപ്പന്റുകൾ നിർത്തലാക്കി. പൊതുപണം മതപരമായ അലവൻസുകൾക്ക് പകരം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. ഈ തുക ഇനി മുതൽ 'വിവേകാനന്ദ മെറിറ്റോറിയസ് സ്കോളർഷിപ്പിനായി' ഉപയോഗിക്കും. മതം, ജാതി, രാഷ്ട്രീയം എന്നിവ നോക്കാതെ എല്ലാ വിദ്യാർത്ഥികൾക്കും ഈ സ്കോളർഷിപ്പിന് അർഹതയുണ്ടാകും. 2012-ൽ മമത ബാനർജി സർക്കാർ ആരംഭിച്ച ഇമാം അലവൻസും 2020-ൽ ആരംഭിച്ച പുരോഹിത അലവൻസുമാണ് നിർത്തലാക്കുന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം സുവേന്ദു അധികാരി തന്റെ ആദ്യ 'ജനതാ ദർബാർ' സാൾട്ട് ലേക്കിലെ ബിജെപി ഓഫീസിൽ നടത്തി. ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനും പരിഹരിക്കാനുമുള്ള ഈ സംവിധാനം ഇനി മുതൽ ഭരണത്തിന്റെ ഭാഗമായി പതിവായി നടക്കും