വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാര്‍ക്ക് അയച്ചു നല്‍കി വിലപേശി; മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്സാപ്പ് സ്‌ക്രീന്‍ ഷോട്ട് പുറത്ത്; മോഡലിങ്ങിന്റെ മറവില്‍ ഇരകളെ ദുബായില്‍ എത്തിച്ചത് വിസിറ്റിങ് വിസയില്‍; 57 ദിവസത്തിന് ശേഷം നാട്ടിലേക്ക് കയറ്റിവിടും; നിരവധി യുവതികള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്നും ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍

വാട്ട്സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇടപാടുകാര്‍ക്ക് അയച്ചു നല്‍കി വിലപേശി; മുഖ്യപ്രതി സിന്ധുവിന്റേതെന്ന് കരുതുന്ന വാട്സാപ്പ് സ്‌ക്രീന്‍ ഷോട്ട് പുറത്ത്; മോഡലിങ്ങിന്റെ മറവില്‍ ഇരകളെ ദുബായില്‍ എത്തിച്ചത് വിസിറ്റിങ് വിസയില്‍; 57 ദിവസത്തിന് ശേഷം നാട്ടിലേക്ക് കയറ്റിവിടും; നിരവധി യുവതികള്‍ ദുബായില്‍ കുടുങ്ങിക്കിടക്കുന്നുവെന്നും ഇരയായ യുവതിയുടെ വെളിപ്പെടുത്തല്‍


കൊച്ചി: കൊച്ചിയില്‍ മോഡലിങ്ങിന്റെ മറവില്‍ നടന്ന ക്രൂരമായ സെക്സ് റാക്കറ്റിന്റെയും മനുഷ്യക്കടത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് രംഗത്ത് തിളങ്ങാന്‍ ആഗ്രഹിക്കുന്ന മലയാളി യുവതികളെ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി കെണിയില്‍ വീഴ്ത്തി, വിദേശത്തേക്ക് കടത്തി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന വന്‍ സംഘമാണ് പിടിയിലായത്. കേസിന്റെ മാസ്റ്റര്‍ ബ്രെയിനും മുഖ്യപ്രതിയുമായ സിന്ധുവിനെ മുംബൈ വിമാനത്താവളത്തില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തതോടെ, കേസില്‍ നിര്‍ണായകമായ പല തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിന്ധു പ്രത്യേക അന്വേഷണസംഘത്തിന്റെ വലയിലാകുന്നത്.

ഈ സംഘടിത കുറ്റകൃത്യത്തിന്റെ ക്രൂരത വെളിപ്പെടുത്തുന്ന വാട്‌സാപ്പ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ സിന്ധു വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും വ്യക്തിപരമായും ഇടപാടുകാര്‍ക്ക് അയച്ചുനല്‍കുകയും, തുടര്‍ന്ന് പെണ്‍കുട്ടികളുടെ ശരീരത്തിന് വിലയിട്ട് ഉറപ്പിക്കുകയും ചെയ്യുന്നതിന്റെ വ്യക്തമായ തെളിവുകളാണ് ഈ ചാറ്റുകളിലുള്ളത്. പണമിടപാടുകളെക്കുറിച്ചും രൂപയെക്കുറിച്ചും സിന്ധു നേരിട്ട് സംസാരിക്കുന്ന ഈ വിവരങ്ങള്‍ ഇരയായ യുവതി തന്നെ പൊലീസിന് കൈമാറിയിട്ടുണ്ട്. ദിവസേന ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഈ റാക്കറ്റിലൂടെ നടന്നിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഓരോ തവണയും പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്തു കൊടുക്കുമ്പോള്‍ ഈ സംഘത്തിന് 25,000 രൂപ വരെ കമ്മീഷനായി ലഭിച്ചിരുന്നു.

ദുബായില്‍ ഫാഷന്‍ ഷോ ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് സിന്ധു മോഡലുകളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഒരു ഷോയ്ക്ക് അമ്പതിനായിരം രൂപ പ്രതിഫലം, മോഡലിങ് പരിശീലനം, ആഢംബര ഹോട്ടലിലെ താമസം, വിനോദയാത്ര, വിദേശത്ത് ജോലി തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് സിന്ധു യുവതികളെ പ്രലോഭിപ്പിച്ചത്. തുടര്‍ന്ന് സിന്ധു തന്നെ വിസയടക്കമുള്ള യാത്രാസൗകര്യങ്ങള്‍ ഒരുക്കി ഇവരെ വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിക്കും. ദുബായില്‍ എത്തിച്ച ശേഷം ഇവരെ നേരെ ഹോട്ടല്‍ മുറികളിലേക്ക് മാറ്റുകയാണ് പതിവ്. അവിടെ വച്ച് മദ്യത്തിലും ആഹാരത്തിലും മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബോധരഹിതരാക്കിയ ശേഷം ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കും. 57 ദിവസത്തെ വിസിറ്റിങ് വിസയുടെ കാലാവധി തീരുന്നതോടെയാണ് ഇവരെ തിരികെ നാട്ടിലേക്ക് കയറ്റിവിടുന്നത്.

പെണ്‍കുട്ടികള്‍ ബോധരഹിതരാകുന്നതോടെ പലര്‍ക്കും കാഴ്ചവയ്ക്കുകയും, ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയിലും മൊബൈലിലും പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ക്രൂരമായ മര്‍ദനവും ഭീഷണിയും തുടരുകയാണ് പ്രതികളുടെ രീതി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നോ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നോ ഉള്ള ഭയം കാരണമാണ് പല പെണ്‍കുട്ടികളും ക്രൂരത പുറത്തുപറയാതിരുന്നതും പരാതി നല്‍കാതിരുന്നതും. തന്നെ മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും, കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും മഹറൂഫ് എന്നയാള്‍ ഭീഷണിപ്പെടുത്തിയതായും ഇരയായ ഒരു യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി മലയാളി യുവതികള്‍ ഇപ്പോഴും ദുബായില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

കേസില്‍ ഇതുവരെ മൂന്ന് പ്രതികളാണ് പൊലീസ് പിടിയിലായിട്ടുള്ളത്. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് നടത്തുന്ന മുഖ്യപ്രതി സിന്ധു, തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ അലീനയെയും മഞ്ജിമയെയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. പണം വാങ്ങിയതും വിദേശത്തേക്ക് പെണ്‍കുട്ടികളെ കടത്തിയതും സിന്ധുവും അലീനയും ചേര്‍ന്നാണെന്ന് വ്യക്തമായിട്ടുണ്ട്. വിദേശത്തുള്ള മറ്റ് പ്രതികളായ ഷംല, റഹ്‌മത്ത് എന്നിവരെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നിലവില്‍ പിടിയിലായ സംഘത്തെ നിയന്ത്രിക്കുന്ന മറ്റ് വന്‍തോക്കുകള്‍ ഉണ്ടോ എന്നും, കേസില്‍ പ്രമുഖ താരങ്ങള്‍ക്ക് പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊച്ചിയില്‍ എത്തിച്ച മുഖ്യപ്രതി സിന്ധുവിനെ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ ഈ റാക്കറ്റിന്റെ വേരുകള്‍ പൂര്‍ണ്ണമായി കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ക്രൂരവും സംഘടിതവുമായ ഈ കുറ്റകൃത്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ അറിയിച്ചു. ഇരകളെ ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ലെങ്കിലും ഗുണ്ടാബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘം ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേസില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അതില്‍ തൃപ്തിയുണ്ടെന്നും വ്യക്തമാക്കിയ പരാതിക്കാരി, തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും ഭീഷണികളിലും കടുത്ത മാനസിക സമ്മര്‍ദമുണ്ടെന്നും ആശങ്ക പ്രകടിപ്പിച്ചു.