കേരളത്തിൽ ശക്തമായ മഴ ലഭിക്കും: ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം

കേരളത്തിൽ ശക്തമായ മഴ ലഭിക്കും: ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത വേണം 




തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ-വടക്കൻ കേരളത്തിലെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.(Kerala Rain Alert Yellow Alert In Nine Districts )

മഴയ്ക്ക് പുറമേ സംസ്ഥാനത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രതിഭാസത്തിന്റെ ഭാഗമായി കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുണ്ട്. മെയ് 19 രാവിലെ 8.30 മുതൽ മെയ് 20 ഉച്ചയ്ക്ക് 2.30 വരെ ഈ തീരങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

മലവെള്ളപ്പാച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതർ ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. പുഴക്കരകളിലും ഡാമുകളുടെ താഴത്തെ പ്രദേശങ്ങളിലും ഉള്ളവർ അപകടസാധ്യത മുൻകൂട്ടി കണ്ട് മാറിത്താമസിക്കാൻ തയ്യാറാകണം. ദുരന്തസാധ്യതാ മേഖലകളിൽ ഉള്ളവർ തദ്ദേശ ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്ന് ഉറപ്പാക്കുകയും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറുകയും ചെയ്യുക. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മേൽക്കൂരകൾക്ക് ബലമില്ലാത്ത വീടുകളിൽ താമസിക്കുന്നവർ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്