യുവാക്കളുടെ വന്‍ ഒഴുക്കും പ്രകോപനപരമായ ഉള്ളടക്കവും ഞെട്ടിച്ചു; 'കോക്രോച്ച് ജനതാ പാര്‍ട്ടി' രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇന്റലിജന്‍സ് ബ്യൂറോ! 90,000 ഫോളോവേഴ്സായപ്പോള്‍ തന്നെ എക്‌സ് അക്കൗണ്ട് പൂട്ടിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഐടി മന്ത്രാലയം; ഇന്‍സ്റ്റഗ്രാമും പൂട്ടാന്‍ നീക്കം; അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ നിരന്തര ശ്രമമെന്ന് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ

യുവാക്കളുടെ വന്‍ ഒഴുക്കും പ്രകോപനപരമായ ഉള്ളടക്കവും ഞെട്ടിച്ചു; 'കോക്രോച്ച് ജനതാ പാര്‍ട്ടി' രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇന്റലിജന്‍സ് ബ്യൂറോ! 90,000 ഫോളോവേഴ്സായപ്പോള്‍ തന്നെ എക്‌സ് അക്കൗണ്ട് പൂട്ടിക്കാന്‍ നിര്‍ദ്ദേശം നല്‍കി ഐടി മന്ത്രാലയം; ഇന്‍സ്റ്റഗ്രാമും പൂട്ടാന്‍ നീക്കം; അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ നിരന്തര ശ്രമമെന്ന് സ്ഥാപകന്‍ അഭിജീത് ദിപ്‌കെ


ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ 'കോക്രോച്ച് ജനതാ പാര്‍ട്ടി' (CJP) എന്ന ആക്ഷേപഹാസ്യ-വിമര്‍ശന കൂട്ടായ്മയുടെ എക്‌സ് (X) അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കിയത് ഇന്റലിജന്‍സ് ബ്യൂറോയുടെ (IB) മുന്നറിയിപ്പിനെ തുടര്‍ന്ന്. ദേശീയ സുരക്ഷയും രാജ്യത്തിന്റെ പരമാധികാരവും മുന്‍നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ വ്യാഴാഴ്ച ഈ അക്കൗണ്ട് തടഞ്ഞത്.

ഈ ഹാന്‍ഡിലിലെ ഉള്ളടക്കം അങ്ങേയറ്റം പ്രകോപനപരമാണെന്നും അത് 'ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും' ബാധിക്കുന്നതാണെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കിയതോടെയാണ് കേന്ദ്ര ഐടി മന്ത്രാലയം ഐടി നിയമത്തിലെ സെക്ഷന്‍ 69A പ്രകാരം അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ടത്. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, ക്രമസമാധാനം, ദേശീയ സുരക്ഷ എന്നിവയ്ക്ക് ഭീഷണിയാകുന്ന ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ തടയാന്‍ മധ്യവര്‍ത്തി സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ നിയമം.

ഇന്ത്യയിലുള്ള എക്‌സ് ഉപയോക്താക്കള്‍ക്ക് ബുധനാഴ്ച മുതല്‍ ഈ അക്കൗണ്ട് ലഭ്യമാകാതിരുന്നതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. നിയമപരമായ ആവശ്യത്തെത്തുടര്‍ന്ന് ഈ അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കിയിരിക്കുന്നു എന്ന സന്ദേശമാണ് അക്കൗണ്ട് സന്ദര്‍ശിക്കുമ്പോള്‍ സ്‌ക്രീനില്‍ കാണിക്കുന്നത്. എക്‌സ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു പ്രത്യേക അതോറിറ്റിയില്‍ നിന്ന് നിയമസാധുതയുള്ള അഭ്യര്‍ത്ഥന ലഭിച്ചാല്‍, ആവശ്യം ഉന്നയിച്ച രാജ്യത്തിന്റെ പരിധിയില്‍ മാത്രമായി ഇത്തരം തടഞ്ഞുവെക്കലുകള്‍ പരിമിതപ്പെടുത്താറുണ്ട്. വെറും ഒരാഴ്ച മാത്രം പ്രായമായ ഈ കൂട്ടായ്മ, പുതിയ തലമുറയുടെ (Gen-Z) തമാശകളും ഭരണകൂട വിരുദ്ധ മീമുകളും രാഷ്ട്രീയ വിമര്‍ശനങ്ങളും നിറഞ്ഞ ഒരു വലിയ ഡിജിറ്റല്‍ പ്രതിഷേധ പ്രസ്ഥാനമായി വളരെ വേഗത്തിലാണ് വൈറലായത്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ അഭിജീത് ദിപ്‌കെ ആരംഭിച്ച ഈ പേജ് തങ്ങളെ 'അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം' എന്നാണ് പരിചയപ്പെടുത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി ഈ പേജ് കാണുകയും പിന്തുടരുകയും ചെയ്തത്.

അറസ്റ്റ് ഭയന്ന് അഭിജീത് ദിപ്‌കെ

അക്കൗണ്ട് റദ്ദാക്കപ്പെട്ടതിന് പിന്നാലെ, ഡല്‍ഹിയില്‍ എത്തിയാലുടന്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ആരോപിച്ചു. എക്‌സില്‍ പേജിന്റെ ഫോളോവേഴ്സ് 90,000 കടന്നപ്പോള്‍ തന്നെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ഐ.ടി മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നതായും, ഇതിന് പിന്നാലെ സി.ജെ.പിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉടന്‍ ബ്ലോക്ക് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. നിലവില്‍ യു.എസിലുള്ള അഭിജീത് ദിപ്‌കെ, തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിക്കുകയും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രധാന അക്കൗണ്ട് റദ്ദാക്കപ്പെട്ടതോടെ, രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ 'കോക്രോച്ച് ഈസ് ബാക്ക്' (Cockroach Is Back) എന്ന പേരില്‍ പുതിയൊരു അക്കൗണ്ട് സ്ഥാപിച്ച് അദ്ദേഹം ഡിജിറ്റല്‍ പ്രതിഷേധം തുടരുകയാണ്. നീറ്റ് (NEET) ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള പുതിയ വിവാദങ്ങള്‍ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കടുത്ത വിമര്‍ശനങ്ങളുമായി സി.ജെ.പി ഇപ്പോഴും സജീവമാണ്. നിലവില്‍ സി.ജെ.പി കേരളം, മഹാരാഷ്ട്ര, ബംഗാള്‍ എന്നിങ്ങനെ പ്രാദേശിക തലത്തില്‍ അമ്പതിലധികം ഉപ-അക്കൗണ്ടുകള്‍ ഇതിനുണ്ട്.

സിജെപിക്ക് പ്രചോദനമായത് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍

മേയ് 15-ന് നടന്ന ഒരു സുപ്രീം കോടതി വാദത്തിനിടയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമര്‍ശങ്ങളാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കത്തിന് കാരണം. വ്യവസ്ഥിതിയെ ആക്രമിക്കുന്ന പരാന്നഭോജികള്‍ (parasites) ഈ സമൂഹത്തില്‍ നിലവിലുണ്ടെന്നും, ഉദ്യോഗമൊന്നും ലഭിക്കാത്തവരും ഒരു തൊഴില്‍ മേഖലയിലും സ്ഥാനമില്ലാത്തവരുമായ ചില യുവാക്കള്‍ പാറ്റകളെപ്പോലെയാണെന്നും (cockroaches) അദ്ദേഹം പറയുകയുണ്ടായി. അവരില്‍ ചിലര്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വിവരാവകാശ പ്രവര്‍ത്തകരുമായി മാറി എല്ലാവരെയും ആക്രമിക്കാന്‍ തുടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒരു ദിവസത്തിന് ശേഷം, മാധ്യമങ്ങളിലെ ചില വിഭാഗങ്ങള്‍ തന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിക്കുകയായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു. വ്യാജവും കപടവുമായ ബിരുദങ്ങളുടെ സഹായത്തോടെ നിയമ വ്യവസായം, മാധ്യമങ്ങള്‍ തുടങ്ങിയ മാന്യമായ തൊഴിലുകളിലേക്ക് കടന്നുകൂടിയവരെയാണ് താന്‍ പരാന്നഭോജികളെന്ന് വിളിച്ചതെന്നും, രാജ്യത്തെ യുവാക്കളെ താന്‍ തികച്ചും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഈ വിശദീകരണം പുറത്തുവരുമ്പോഴേക്കും 'കോക്രോച്ച് ജനതാ പാര്‍ട്ടി' ഇന്റര്‍നെറ്റില്‍ വന്‍ തരംഗമായി മാറുകയും ഒരു ലക്ഷത്തിലധികം അംഗങ്ങള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളുടെ വലിയ പിന്തുണയും ഈ കൂട്ടായ്മയ്ക്ക് ലഭിക്കുന്നുണ്ട്. സി.ജെ.പിയുടെ ഈ പെട്ടെന്നുള്ള വളര്‍ച്ച കൗതുകകരമാണെന്നും എന്നാല്‍ ഇവരുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച സര്‍ക്കാര്‍ നടപടി തികച്ചും ബുദ്ധിശൂന്യമാണെന്നും ശശി തരൂര്‍ എം.പി വിമര്‍ശിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് (TMC) നേതാക്കളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് എന്നിവരും ചലച്ചിത്ര മേഖലയിലെ പ്രമുഖരും ഈ ഡിജിറ്റല്‍ പ്രതിഷേധ കൂട്ടായ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിന് പിന്നാലെ രൂപീകരിച്ച്, വെറും ഒരാഴ്ച മാത്രം പ്രായമായ സി.ജെ.പി പേജ് തുടര്‍ച്ചയായി പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നും ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ (IB) കണ്ടെത്തല്‍. യുവാക്കളായ വലിയൊരു വിഭാഗം ആളുകള്‍ ഈ കൂട്ടായ്മയെ പിന്തുടരുന്നു എന്നതും ഐ.ബി ഗൗരവത്തോടെയാണ് കാണുന്നത്.