
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവെന്ന വാർത്തകൾ തള്ളി മുൻ മന്ത്രി സജി ചെറിയാൻ. പിണറായി വിജയൻ മോശം ഭരണാധികാരിയാണെന്ന വാദം തെറ്റാണെന്നും, അദ്ദേഹത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിനെതിരെ പാർട്ടിയിൽ ആരും രംഗത്തുവന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Saji Cherian Defends Pinarayi Vijayan Dismisses CPM Pathanamthitta Committee Rift Reports)
പിണറായി വിജയൻ ഒരു മോശം ഭരണാധികാരിയല്ലെന്നും അക്കാര്യം നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ പോലും സമ്മതിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിൽ പോരായ്മകൾ ഉണ്ടായിട്ടില്ലെങ്കിലും ജനങ്ങൾ ഒരു മാറ്റം ആഗ്രഹിച്ചിട്ടുണ്ടാകാം. തോൽവി കൂട്ടായ ഉത്തരവാദിത്തമായി കണ്ട് വിശദമായി പരിശോധിക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
പാർട്ടി സഖാക്കളെല്ലാം ഇപ്പോഴും ആവേശത്തിലാണ്. ചെറിയ കുറവുകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിൽ വർഗീയ വിഭജനം നടത്താൻ ബിജെപി മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുമായി നീങ്ങുകയാണ്. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ അവർ ആസൂത്രിതമായി ശ്രമിക്കുന്നു. ഇതിനായി മുസ്ലിം ലീഗിനെ കരുവാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വി. ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത് മുസ്ലിം ലീഗിന്റെ സമ്മർദ്ദം മൂലമാണെന്ന വാദം ശരിയല്ലെന്ന് സജി ചെറിയാൻ പറഞ്ഞു. മുസ്ലിം ലീഗിന് അവരുടേതായ രാഷ്ട്രീയ താൽപ്പര്യങ്ങൾ കാണും. എന്നാൽ ലീഗിന്റെ സഹായമില്ലാതെ തന്നെ കോൺഗ്രസിന് തനിയെ ഭരിക്കാൻ സാധിക്കും. അങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ എന്തുകൊണ്ടാണ് ലീഗിന്റെ മാത്രം സമ്മർദ്ദത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
മതമൗലികവാദികൾ ലീഗിലും ബിജെപിയിലുമുണ്ടെന്ന് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. സമുദായ നേതാക്കളെ ആക്ഷേപിച്ചുകൊണ്ടുള്ള യൂത്ത് ലീഗിന്റെ പ്രകടനം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. അത്തരം വംശീയ മുദ്രാവാക്യങ്ങൾ വിളിച്ചവർക്കെതിരെ നടപടിയെടുത്തത് നല്ല കാര്യമാണ്. കേരളത്തിന്റെ മതനിരപേക്ഷത തകർക്കാനുള്ള ഏത് ശ്രമത്തെയും പ്രതിരോധിക്കുമെന്നും തങ്ങൾക്കുണ്ടായ രാഷ്ട്രീയമായ തിരിച്ചടികളെ ഗൗരവത്തോടെ കണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും സജി ചെറിയാൻ വ്യക്തമാക്കി
