കേരള ചരിത്രത്തിലാദ്യമായി നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് BJP മത്സരിക്കുന്നു: സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ

കേരള ചരിത്രത്തിലാദ്യമായി നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് BJP മത്സരിക്കുന്നു: സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ 


തിരുവനന്തപുരം: മൂന്ന് സീറ്റുകളിൽ ഉജ്ജ്വല വിജയം നേടി ചരിത്രത്തിലാദ്യമായി കേരള നിയമസഭയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ച ബിജെപി സഭയിൽ ആദ്യ രാഷ്ട്രീയ പോരാട്ടത്തിന് ഒരുങ്ങുന്നു. വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും.(Kerala Assembly Speaker Election, BJP Fields BB Gopakumar As Candidate For Kerala Assembly Speaker Election)

കൊല്ലം ജില്ലയിലെ ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും ജനവിധി നേടി സഭയിലെത്തിയ ബി.ബി. ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെ സ്പീക്കർ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി പ്രതിനിധി മത്സരിച്ചിട്ടില്ലാത്തതിനാൽ രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ നീക്കം.

സഭയിൽ കേവലമൊരു സാന്നിധ്യമായി ഒതുങ്ങാതെ തുടക്കം മുതൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ ബിജെപി നൽകുന്നത്. സ്പീക്കർ പദവിയിലേക്കുള്ള ബി.ബി. ഗോപകുമാറിന്റെ പേര് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടം എം.എൽ.എ വി. മുരളീധരനും ചേർന്നാണ് ഔദ്യോഗികമായി സഭയിൽ നിർദ്ദേശിക്കുക. അതേസമയം, നിയമസഭയിലെ പുതിയ ഭരണകക്ഷിയായ യു.ഡി.എഫ് തങ്ങളുടെ മുതിർന്ന കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനാർത്ഥിയായി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ നിരയിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ സ്പീക്കർ സ്ഥാനാർത്ഥി ആരാണെന്ന കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.