ഫിഷറീസ് തിരികെ നല്‍കണമെങ്കില്‍ ഉന്നതവിദ്യാഭ്യാസം വേണമെന്ന ലീഗിന്റെ ആവശ്യത്തിന് വഴങ്ങാതെ കോണ്‍ഗ്രസ്; ലീഗിന് ഫിഷറീസ് തന്നെ നല്‍കിയപ്പോള്‍ ലത്തീന്‍ സഭയ്ക്ക് നിരാശ; അവസാന നിമിഷം സണ്ണി ജോസഫിന്റെ റവന്യൂ അനില്‍കുമാര്‍ പിടിച്ചു; തര്‍ക്കമില്ലെന്ന് സതീശന്‍ പറയുമ്പോഴും അണിയറയില്‍ നടന്നത് വന്‍ ട്വിസ്റ്റുകള്‍; മന്ത്രിമാരുടെ വകുപ്പുകളുടെ സമ്പൂര്‍ണ പട്ടിക ഇങ്ങനെ

ഫിഷറീസ് തിരികെ നല്‍കണമെങ്കില്‍ ഉന്നതവിദ്യാഭ്യാസം വേണമെന്ന ലീഗിന്റെ ആവശ്യത്തിന് വഴങ്ങാതെ കോണ്‍ഗ്രസ്; ലീഗിന് ഫിഷറീസ് തന്നെ നല്‍കിയപ്പോള്‍ ലത്തീന്‍ സഭയ്ക്ക് നിരാശ; അവസാന നിമിഷം സണ്ണി ജോസഫിന്റെ റവന്യൂ അനില്‍കുമാര്‍ പിടിച്ചു; തര്‍ക്കമില്ലെന്ന് സതീശന്‍ പറയുമ്പോഴും അണിയറയില്‍ നടന്നത് വന്‍ ട്വിസ്റ്റുകള്‍; മന്ത്രിമാരുടെ വകുപ്പുകളുടെ സമ്പൂര്‍ണ പട്ടിക ഇങ്ങനെ



തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാള്‍, മന്ത്രിമാരുടെ വകുപ്പുവിഭജനത്തില്‍ അന്തിമ തീരുമാനമായി. തര്‍ക്കങ്ങള്‍ക്കും അണിയറ നീക്കങ്ങള്‍ക്കും ഒടുവിലാണ് വകുപ്പുകളുടെ കാര്യത്തില്‍ വ്യക്തത വന്നിരിക്കുന്നത്.

ഫിഷറീസ് വകുപ്പ് ഷിബു ബേബി ജോണിന് നല്‍കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല; പകരം ലീഗ് നേതാവായ വി.ഇ. അബ്ദുല്‍ ഗഫൂറിന് തന്നെ ഫിഷറീസ് വകുപ്പ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഫിഷറീസ് വകുപ്പ് വിട്ടുകൊടുക്കണമെങ്കില്‍ പകരം ഉന്നതവിദ്യാഭ്യാസ വകുപ്പ് വേണമെന്ന മുസ്ലിം ലീഗിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. അതേസമയം, റവന്യൂ വകുപ്പിനെച്ചൊല്ലി അവസാന നിമിഷം വലിയ അട്ടിമറിയാണ് നടന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉറപ്പിച്ചിരുന്ന റവന്യൂ വകുപ്പ് അവസാന നിമിഷം എ.പി. അനില്‍കുമാറിന് ലഭിച്ചു. പകരം സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് അനുവദിച്ചത്. കെ. മുരളീധരന് ദേവസ്വം വകുപ്പ് നല്‍കില്ലെന്ന തരത്തില്‍ ശക്തമായ അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഒടുവില്‍ ആരോഗ്യവും ദേവസ്വവും അദ്ദേഹം തന്നെ ഉറപ്പിച്ചു.

വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട് യാതൊരുവിധ തര്‍ക്കങ്ങളും ഉണ്ടായിരുന്നില്ലെന്നും ഇതെല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ച വാര്‍ത്തകള്‍ മാത്രമാണെന്നുമായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിച്ചത്. വകുപ്പുവിഭജന ചര്‍ച്ചകള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും, ഗവര്‍ണര്‍ ഇന്നലെ ലോക്ഭവനില്‍ ഇല്ലാതിരുന്നതിനാലാണ് ഔദ്യോഗിക വിജ്ഞാപനം വൈകിയതെന്നും ഇന്ന് രാവിലെ തന്നെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, പുതുതായി രൂപീകരിച്ച വയോജന ക്ഷേമ വകുപ്പിന്റെ ചുമതല നിലവില്‍ ആര്‍ക്കും കൈമാറിയിട്ടില്ല.

സുപ്രധാനമായ ധനകാര്യം, ആഭ്യന്തരം, വ്യവസായം, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ പരിചയസമ്പന്നരായ നേതാക്കള്‍ക്ക് നല്‍കുമ്പോള്‍ തന്നെ, യുവതലമുറയ്ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു വകുപ്പുവിഭജനമാണ് നടത്തിയിരിക്കുന്നത്.

പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശന്‍ മന്ത്രിമാരുടെ വകുപ്പുകള്‍ അടങ്ങിയ അന്തിമ പട്ടിക ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് കൈമാറിയിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ (ധനകാര്യം, പൊതുഭരണം, നിയമം)

മന്ത്രിസഭയുടെ അമരക്കാരനായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ധനകാര്യം, പൊതുഭരണം, നിയമം ഉള്‍പ്പെടെയുള്ള ഏറ്റവും നിര്‍ണ്ണായകമായ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.

പ്രധാന വകുപ്പുകള്‍:

ധനകാര്യം, നിയമം, ആസൂത്രണവും സാമ്പത്തിക കാര്യങ്ങളും, പൊതുഭരണം, അഖിലേന്ത്യാ സര്‍വീസുകള്‍, ശാസ്ത്ര-സാങ്കേതിക വകുപ്പ്, മലിനീകരണ നിയന്ത്രണം, പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ റിഫോംസ്, തെരഞ്ഞെടുപ്പ്, ഏകീകരണം.

മറ്റ് ചുമതലകള്‍:

നാഷണല്‍ സേവിങ്‌സ്, സ്റ്റോഴ്‌സ് പര്‍ച്ചേസ്, വാണിജ്യ നികുതികള്‍, കാര്‍ഷിക ആദായനികുതി, ട്രഷറികള്‍, ലോട്ടറി, സംസ്ഥാന ഓഡിറ്റ്, കെ.എസ്.എഫ്.ഇ (KSFE), സംസ്ഥാന ഇന്‍ഷുറന്‍സ്, കെ.എഫ്.സി (KFC), സ്റ്റാമ്പുകളും സ്റ്റാമ്പ് ഡ്യൂട്ടിയും, തുറമുഖങ്ങള്‍, സൈനിക ക്ഷേമം, ദുരിതാശ്വാസം, സംസ്ഥാന ഹോസ്പിറ്റാലിറ്റി, സിവില്‍-ക്രിമിനല്‍ നീതിന്യായ ഭരണം, വിമാനത്താവളങ്ങള്‍, മെട്രോ റെയില്‍, അന്തര്‍സംസ്ഥാന നദീജലം, തീരദേശ ഷിപ്പിംഗും ഉള്‍നാടന്‍ ഗതാഗതവും, കെ.എസ്.ഐ.എന്‍.സി (KSINC), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് (PRD), പ്രിന്റിംഗ് ആന്‍ഡ് സ്റ്റേഷനറി, ന്യൂനപക്ഷ ക്ഷേമം. പൊതുവായവ: എല്ലാ സുപ്രധാന നയപരമായ കാര്യങ്ങളും, മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാത്തതുമായ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ കീഴിലാണ്.

പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ വകുപ്പുകള്‍

രമേശ് ചെന്നിത്തല (ആഭ്യന്തരം & കയര്‍): ആഭ്യന്തരം, വിജിലന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, ജയിലുകള്‍, കയര്‍.

കെ. മുരളീധരന്‍ (ആരോഗ്യം & ദേവസ്വം): ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ യൂണിവേഴ്സിറ്റി, തദ്ദേശീയ മരുന്ന് (Indigenous Medicine), ആയുഷ്, ഡ്രഗ് കണ്‍ട്രോള്‍, ഭക്ഷ്യസുരക്ഷ, ദേവസ്വം.

എ.പി. അനില്‍കുമാര്‍ (റവന്യൂ): ഭൂമിയും റവന്യൂവും, സര്‍വേയും ഭൂനികുതിയും, ഭൂപരിഷ്‌കരണങ്ങള്‍.

സണ്ണി ജോസഫ് (വൈദ്യുതി): വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യങ്ങള്‍.

കോണ്‍ഗ്രസിലെ യുവനിരയും മറ്റ് നേതാക്കളും

പി.സി. വിഷ്ണുനാഥ് (ടൂറിസം & സാംസ്‌കാരികം): ടൂറിസം, സംസ്‌കാരം, കെ.എസ്.എഫ്.ഡി.സി (KSFDC), ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ്.

റോജി എം. ജോണ്‍: (ഉന്നത വിദ്യാഭ്യാസം): കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, സര്‍വ്വകലാശാലകള്‍ (കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ്, മെഡിക്കല്‍, ഡിജിറ്റല്‍ സര്‍വ്വകലാശാലകള്‍ ഒഴികെ), പ്രവേശന പരീക്ഷ, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (NCC), അസാപ് (ASAP).

ടി. സിദ്ദിഖ്: (കൃഷി): കൃഷി, മണ്ണ് സര്‍വേയും മണ്ണ് സംരക്ഷണവും, കേരള കാര്‍ഷിക സര്‍വ്വകലാശാല, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍.

എം. ലിജു (സഹകരണം & എക്‌സൈസ്): സഹകരണം, എക്‌സൈസ്. ബിന്ദു കൃഷ്ണ (തൊഴില്‍ & വനിതാ ക്ഷേമം): തൊഴില്‍, ക്ഷീരവികസനം & മില്‍ക്ക് കോ-ഓപ്പറേറ്റീവുകള്‍, വനിതാ-ശിശു സംരക്ഷണം.

കെ.എ. തുളസി (പിന്നാക്ക ക്ഷേമം): പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമം.

ഘടകകക്ഷി നേതാക്കളുടെ വകുപ്പുകള്‍

മുസ്ലിം ലീഗ് (IUML):പി.കെ. കുഞ്ഞാലിക്കുട്ടി (വ്യവസായം & ഐടി): വ്യവസായം & വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (IT), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സ്റ്റാര്‍ട്ടപ്പുകള്‍, മൈനിംഗ് ആന്‍ഡ് ജിയോളജി, ഹാന്‍ഡ്ലൂംസ് & ടെക്സ്‌റ്റൈല്‍സ്.

എന്‍. ഷംസുദ്ദീന്‍ (പൊതുവിദ്യാഭ്യാസം): പൊതുവിദ്യാഭ്യാസം, സാക്ഷരതാ പ്രസ്ഥാനം, ഹജ്ജ്, വഖഫ് & ന്യൂനപക്ഷ വികസനം.

കെ.എം. ഷാജി (തദ്ദേശസ്വയംഭരണം): പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ടൗണ്‍ പ്ലാനിംഗ്, ഗ്രാമവികസനം, റീജിയണല്‍ ഡെവലപ്മെന്റ് അതോറിറ്റികള്‍, കില (KILA).

പി.കെ. ബഷീര്‍ (പൊതുമരാമത്ത്): പൊതുമരാമത്ത് വകുപ്പ് (PWD). വി.ഇ. അബ്ദുള്‍ ഗഫൂര്‍ (ഫിഷറീസ് & സാമൂഹ്യനീതി): ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി.


കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍:

മോന്‍സ് ജോസഫ് (ജലവിഭവം & ഭവനനിര്‍മ്മാണം): ജലസേചനം (Irrigation), കാഡ (CADA), ഭൂഗര്‍ഭജല വകുപ്പ്, ജലവിതരണവും ശുചിത്വവും (Water Supply & Sanitation), ഭവനനിര്‍മ്മാണം (Housing).

അനൂപ് ജേക്കബ് (ഭക്ഷ്യം & സിവില്‍ സപ്ലൈസ്): ഭക്ഷ്യം & സിവില്‍ സപ്ലൈസ്, ഉപഭോക്തൃ കാര്യങ്ങള്‍, ലീഗല്‍ മെട്രോളജി.

മറ്റ് ഘടകകക്ഷികള്‍ (RSP, CMP, ജനാധിപത്യ കോണ്‍ഗ്രസ്):

ഷിബു ബേബി ജോണ്‍ (വനം & സ്‌കില്‍ ഡെവലപ്‌മെന്റ്): വനം-വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം (KASE).

സി.പി. ജോണ്‍ (ഗതാഗതം): റോഡ് ഗതാഗതം, മോട്ടോര്‍ വാഹന വകുപ്പ്, ജലഗതാഗതം.

ഒ.ജെ. ജനീഷ് (കായികം & രജിസ്‌ട്രേഷന്‍): കായികം, യുവജനകാര്യം, മൃഗശാല, മ്യൂസിയം, രജിസ്ട്രേഷന്‍, പുരാവസ്തു വകുപ്പ്, ആര്‍ക്കൈവ്‌സ്.