'ഒരുപാട് പിച്ചിച്ചീന്തിയില്ലേ? ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?'; കെ.സി. പക്ഷമില്ല, ലക്ഷ്യം സുശക്തമായ യുഡിഎഫ് സര്‍ക്കാര്‍; കരുത്തു തെളിയിച്ച് വേണുഗോപാല്‍ തലസ്ഥാനത്ത്; കെസിയെ സ്വീകരിക്കാന്‍ എത്തിയത് സണ്ണി ജോസഫും മാത്യു കുഴല്‍നാടനും വിഷ്ണുനാഥും ടി സിദ്ദിഖും പഴകുളം മധുവും അടക്കം; മന്ത്രിസഭാ രൂപീകരണത്തില്‍ കെസി പിടിമുറുക്കും; ഇനി തിരുവനന്തപുരത്ത് ചര്‍ച്ചകളുടെ മണിക്കൂറുകള്‍

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ? ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?'; കെ.സി. പക്ഷമില്ല, ലക്ഷ്യം സുശക്തമായ യുഡിഎഫ് സര്‍ക്കാര്‍; കരുത്തു തെളിയിച്ച് വേണുഗോപാല്‍ തലസ്ഥാനത്ത്; കെസിയെ സ്വീകരിക്കാന്‍ എത്തിയത് സണ്ണി ജോസഫും മാത്യു കുഴല്‍നാടനും വിഷ്ണുനാഥും ടി സിദ്ദിഖും പഴകുളം മധുവും അടക്കം; മന്ത്രിസഭാ രൂപീകരണത്തില്‍ കെസി പിടിമുറുക്കും; ഇനി തിരുവനന്തപുരത്ത് ചര്‍ച്ചകളുടെ മണിക്കൂറുകള്‍


'


തിരുവനന്തപുരം: 'ഒരുപാട് പിച്ചിച്ചീന്തിയില്ലേ? ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?' പത്തുനാള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിച്ച് ഡല്‍ഹിയില്‍ നിന്നെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് കടുത്ത ഭാഷയില്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ അണികള്‍ക്കുള്ള അമര്‍ഷത്തെക്കുറിച്ചും 'കെ.സി. പക്ഷ'ത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴായിരുന്നു വേണുഗോപാലിന്റെ ഈ വൈകാരികവും എന്നാല്‍ കര്‍ക്കശവുമായ മറുപടി. തന്നെ സ്വീകരിക്കാന്‍ എത്തിയവര്‍ തന്റെ പക്ഷക്കാരാണെന്ന വാദത്തെ തള്ളിയ അദ്ദേഹം, തനിക്ക് പദവികളേക്കാള്‍ വലുത് പാര്‍ട്ടിയാണെന്നും ഒരു കോണ്‍ഗ്രസുകാരനായി മരിക്കാനാണ് ആഗ്രഹമെന്നും ആവര്‍ത്തിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ കെ.സി. വേണുഗോപാലിന് ലഭിച്ച വരവേല്‍പ്പ് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ അനിഷേധ്യമായ സംഘടനാ കരുത്തിന്റെ തെളിവായി. സണ്ണി ജോസഫ്, മാത്യു കുഴല്‍നാടന്‍, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, പഴകുളം മധു തുടങ്ങിയ പ്രമുഖ നേതാക്കളുടെ വലിയ നിര തന്നെ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കേരളത്തിലെ അധികാര കൈമാറ്റത്തിലും ഭരണരൂപീകരണത്തിലും വേണുഗോപാല്‍ വഹിച്ച നിര്‍ണ്ണായക പങ്ക് അടിവരയിടുന്നതായിരുന്നു ഈ ജനക്കൂട്ടം.

'കെ.സി. പക്ഷം എന്നൊന്നില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലുള്ളത്,' അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സ്വീകരിക്കാന്‍ എത്തിയത് ചൂണ്ടിക്കാട്ടി, അവരെല്ലാം തന്റെ പക്ഷക്കാരാണോ എന്നും അദ്ദേഹം തിരിച്ചുചോദിച്ചു. പാര്‍ട്ടിയെയും തന്നെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് നിര്‍ത്തണമെന്നും, സര്‍ക്കാരിനെ പിന്തുണച്ച് മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പദവികളേക്കാള്‍ സംഘടനാ ചട്ടക്കൂടിന് വില നല്‍കുന്ന കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ ജീവിതം ഒരു പോരാട്ടത്തിന്റെ കഥയാണ്. കണ്ണൂരിലെ പയ്യന്നൂരില്‍ നിന്ന് കെഎസ്യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, മൂന്നുതവണ ആലപ്പുഴയില്‍ നിന്ന് എംഎല്‍എ, വിമാനത്താവള വികസനത്തിന് ചുക്കാന്‍ പിടിച്ച കേന്ദ്രമന്ത്രി, ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ എഐസിസി ജനറല്‍ സെക്രട്ടറി എന്നിങ്ങനെ വേണുഗോപാലിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. തോല്‍വി അറിയാത്ത നേതാവ് എന്ന വിശേഷണവും അദ്ദേഹത്തിന് രാഷ്ട്രീയ വൃത്തങ്ങളില്‍ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്.

കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കിടയില്‍ ഹൈക്കമാന്‍ഡിന്റെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്ന വേണുഗോപാല്‍, ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന 'കോര്‍ കമ്മിറ്റി'യിലെ പ്രധാനിയാണ്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വിശ്വസ്തനായ അദ്ദേഹം, രാജസ്ഥാന്‍ മുതല്‍ കര്‍ണ്ണാടക വരെയുള്ള സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ കാട്ടിയ മികവ് കേരളത്തിലെ മുഖ്യമന്ത്രി നിര്‍ണ്ണയത്തിലും പ്രകടമായി. പല പേരുകള്‍ ഉയര്‍ന്നു കേട്ടപ്പോഴും ഹൈക്കമാന്‍ഡിന്റെ അന്തിമ വാക്കിന് പിന്നില്‍ കെ.സിയുടെ കൃത്യമായ ചടുലനീക്കങ്ങളുണ്ടായിരുന്നു.

ഇത്തവണ കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നതില്‍ വേണുഗോപാലിന്റെ സംഘടനാ തന്ത്രങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കാനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അര്‍ഹതയ്ക്ക് മുന്‍ഗണന നല്‍കാനും അദ്ദേഹം മുന്‍കൈ എടുത്തു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം നീണ്ടുപോയപ്പോള്‍ രമേശ് ചെന്നിത്തലയുമായും നിയുക്ത മുഖ്യമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തി എല്ലാവരെയും ഒരേ ചരടില്‍ കോര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

'കോണ്‍ഗ്രസിന്റെ ഏറ്റവും പ്രാപ്തരായ എംഎല്‍എമാരാണ് ഇക്കുറി ജയിച്ചു വന്നിരിക്കുന്നത്. അര്‍ഹതയും മാനദണ്ഡങ്ങളും മുന്‍നിര്‍ത്തി മികച്ച മന്ത്രിമാര്‍ ഉണ്ടാകും,' അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്ന ഒരു ഭരണകൂടമായിരിക്കും കേരളത്തിലുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കുന്നതില്‍ നിയുക്ത മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചേര്‍ന്നായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.

താന്‍ എന്നും പാര്‍ട്ടിയുടെ അച്ചടക്കമുള്ള സൈനികനാണെന്ന് വേണുഗോപാല്‍ ആവര്‍ത്തിച്ചു. പദവികള്‍ക്കായി താന്‍ ഒരിക്കലും ആരുടെ മുന്നിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാനാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ പരിഗണിക്കാത്തതില്‍ അനുയായികള്‍ക്കുണ്ടായ വിഷമം സ്വാഭാവികമാണെങ്കിലും പാര്‍ട്ടിയുടെ ഐക്യമാണ് പരമപ്രധാനമെന്ന് അദ്ദേഹം അണികളെ ഓര്‍മ്മിപ്പിച്ചു.

രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും എല്ലാ കാര്യങ്ങളും രമ്യമായി പരിഹരിക്കപ്പെടുമെന്നും കെ.സി. ഉറപ്പുനല്‍കി. പുതിയ മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകണമെന്നതിനെക്കുറിച്ചും വകുപ്പ് വിഭജനത്തെക്കുറിച്ചുമുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് സൂചന. ഡല്‍ഹിയും കേരളവും തമ്മിലുള്ള പാലമായി നിന്ന് വേണുഗോപാല്‍ നടത്തുന്ന ഈ നീക്കങ്ങള്‍ പുതിയ സര്‍ക്കാരിന് ശക്തമായ അടിത്തറ നല്‍കും.

കേരളത്തിന്റെ വികസനത്തിനായി കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഒപ്പം തന്നെ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും പുതിയ ഭരണകൂടത്തിന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിവാദങ്ങളുടെ പുകമറയൊഴിച്ച്, വികസനത്തിന്റെ പുതിയ പാതയിലേക്ക് കേരളത്തെ നയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് കെ.സി. വേണുഗോപാല്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയത്.