
കൊച്ചി: വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ പിതാവ് നൽകിയ സ്വത്തിലുള്ള അവകാശം നഷ്ടമാകുമെന്ന തരത്തിലുള്ള നിബന്ധനകൾക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം വ്യവസ്ഥകൾ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പാലിക്കാൻ ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി.(Kerala High Court Verdict On Daughter Property Rights Marriage Or Becoming Nun)
പിതാവ് എഴുതിവെച്ച ധനനിശ്ചയാധാരത്തിലെ ഈ നിബന്ധനയുടെ മറവിൽ സഹോദരിയുടെ സ്വത്ത് സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശി വർക്കിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ചരിത്രപരമായ ഉത്തരവ്. 1965-ൽ വൈക്കം സ്വദേശിയായ പിതാവ് എഴുതിയ ധനനിശ്ചയാധാരപ്രകാരം മകൾ കത്രീനയ്ക്ക് 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ മകൾ വിവാഹിതയാവുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ ഈ ഭൂമി മകനായ വർക്കിക്ക് ലഭിക്കുമെന്നൊരു പ്രത്യേക വ്യവസ്ഥയും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.
തുടർന്ന് 1971-ൽ വിവാഹിതയായ കത്രീന ജർമ്മനിയിലേക്ക് കുടിയേറി. 1983-ൽ പിതാവ് മരണപ്പെട്ടതോടെ, ആധാരത്തിലെ ഈ വ്യവസ്ഥ ചൂണ്ടിക്കാണിച്ച് വർക്കി സഹോദരിയുടെ 10 സെന്റ് സ്ഥലം സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്യുകയായിരുന്നു. ഇതിനെതിരെ കത്രീന ആദ്യം മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതിയിൽ നൽകിയ അപ്പീലിൽ കത്രീനയ്ക്ക് അനുകൂലമായി വിധി വന്നു. ഈ വിധിക്കെതിരെ വർക്കി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് തിരിച്ചടിയുണ്ടായത്.
ഒരാൾ വിവാഹം കഴിക്കുന്നതിനോ കന്യാസ്ത്രീയാകുന്നതിനോ തടസ്സമായി നിൽക്കുന്ന ഏത് നിബന്ധനയും ഇന്ത്യൻ കരാർ നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം പൂർണ്ണമായും അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം വ്യവസ്ഥകൾ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും, പിതാവ് നൽകിയ 10 സെന്റ് ഭൂമിയിൽ കത്രീനയ്ക്ക് പൂർണ്ണമായ നിയമപരമായ അവകാശമുണ്ടെന്നും വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി വർക്കിയുടെ അപ്പീൽ തള്ളുകയായിരുന്നു
