
കുവൈറ്റ്: കുവൈത്തിനും യുഎഇക്കും നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായും എന്നാൽ പ്രതിരോധ സംവിധാനങ്ങൾ ഇവയെ വിജയകരമായി നേരിട്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു. കുവൈത്ത് വ്യോമപരിധിക്കുള്ളിൽ ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മുൻകൂട്ടി നിശ്ചയിച്ച സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സായുധ സേന ഈ ഡ്രോണുകളെ നേരിട്ടു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഏത് വെല്ലുവിളികളെയും നേരിടാനും സൈന്യം പൂർണ്ണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സമാനമായ രീതിയിൽ യുഎഇയിലെ ഫുജൈറയിലും ഇന്ന് പുലർച്ചെ ശക്തമായ സ്ഫോടനശബ്ദങ്ങൾ കേട്ടു. യുഎഇ ലക്ഷ്യമിട്ടെത്തിയ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തകർക്കുകയായിരുന്നുവെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് വിവിധയിടങ്ങളിൽ സ്ഫോടനശബ്ദങ്ങൾ അനുഭവപ്പെട്ടത്. പ്രതിരോധ സംവിധാനങ്ങളുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചു.
മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും പരിഭ്രാന്തി ഒഴിവാക്കണമെന്നും കുവൈത്ത്, യുഎഇ സർക്കാരുകൾ അഭ്യർത്ഥിച്ചു. പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ് ഇരു രാജ്യങ്ങളിലെയും സുരക്ഷാ സേനകൾ പുലർത്തുന്നത്. മേഖലയിലെ വ്യോമപരിധി നിരീക്ഷിക്കുന്നത് സൈന്യം ശക്തമാക്കിയിട്ടുണ്ട്.
