
ലക്നോ: ഉത്തർപ്രദേശിൽ ഭാര്യാമാതാവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനിടെ യുവാവിനെ മുതല പിടിച്ചു (man crocodile attack UP). യു.പിയിലെ സരയൂ നദിക്കരയിൽ നടന്ന ദാരുണമായ സംഭവത്തിൽ ഗ്രേറ്റർ നോയിഡ സ്വദേശിയായ ദീപക് ശർമ (30) എന്ന യുവാവിനെയാണ് കാണാതായത്. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കകം മുതല യുവാവുമായി നദിയുടെ ആഴങ്ങളിലേക്ക് മറയുകയായിരുന്നു.
ഭാര്യാമാതാവ് ഊർമിള ദേവിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായാണ് ദീപക് ശർമ ഗോണ്ട ജില്ലയിലെ ഉമ്രി ഗ്രാമത്തിൽ എത്തിയത്.കഴിഞ്ഞ ദിവസം ഉച്ചയോടെ സരയൂ നദിക്കരയിലായിരുന്നു അപകടം. മൃതദേഹം ദഹിപ്പിക്കുന്നതിനായി നദീതീരത്ത് ചിതയൊരുക്കാൻ ദീപക് മറ്റുള്ളവരെ സജീവമായി സഹായിച്ചിരുന്നു.
ഇതിനുശേഷം കൈകാലുകൾ വൃത്തിയാക്കാനും കുളിക്കാനുമായി നദിയിലിറങ്ങിയ ദീപക്കിനെ അപ്രതീക്ഷിതമായി മുതല ആക്രമിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം യുവാവിനെ കടിച്ചുവലിച്ച് മുതല വെള്ളത്തിനടിയിലേക്ക് പോയി.കൂവിവിളിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ല. നിലവിൽ കാണാതായ യുവാവിനായി പോലീസും ദുരന്തനിവാരണ സേനയും (SDRF) നദിയിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. മരണവീട്ടിൽ വെച്ച് നടന്ന ഈ ദാരുണ സംഭവം പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്
