
ബെംഗളൂരു: ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെ റൺവേയിലിടിച്ചു. വിമാനത്തിന്റെ പിൻഭാഗമാണ് റൺവേയിൽ ഇടിച്ചത്. എന്നാൽ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു അപകടം ഒഴിവായി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണമായി സുരക്ഷിതരാണ്. ഇവർ പിന്നീട് സാധാരണ രീതിയിൽ വിമാനത്തിൽ നിന്നും പുറത്തിറങ്ങി. എയർ ഇന്ത്യയുടെ AI2651 എന്ന എയർബസ് A321 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തെത്തുടർന്ന് വിമാനം വിശദമായ പരിശോധനകൾക്കായി ബെംഗളൂരു വിമാനത്താവളത്തിൽ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. ഇതുകാരണം ഈ വിമാനത്തിന്റെ ഡൽഹിയിലേക്കുള്ള മടക്കയാത്ര എയർ ഇന്ത്യ റദ്ദാക്കി. യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കുമെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അറിയിച്ചു. ബെംഗളൂരുവിലെ ഗ്രൗണ്ട് ടീം യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ട്. സംഭവത്തെക്കുറിച്ച് വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യാൻ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് ഒരു കൂറ്റൻ ബോയിങ് 747 വിമാനം അവിടെ നിന്നും പറന്നുയർന്നത്. ഈ വലിയ വിമാനത്തിന്റെ എഞ്ചിനുകൾ റൺവേയിൽ ശക്തമായ വായുചലനവും കാറ്റും ഉണ്ടാക്കിയിരുന്നു. ഈ കാറ്റിൽ ലാൻഡിംഗ് സുരക്ഷിതമാകില്ലെന്ന് എയർ ഇന്ത്യ പൈലറ്റ് മനസ്സിലാക്കി. തുടർന്ന് വിമാനം ലാൻഡ് ചെയ്യാതെ വീണ്ടും മുകളിലേക്ക് പറത്താൻ പൈലറ്റ് തീരുമാനിച്ചു. ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കുന്ന സാധാരണ നടപടിയാണിത്.
ഇങ്ങനെ വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നതിനിടയിലാണ് വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു
