കാസര്‍കോട് ജില്ലയ്ക്ക് ഇക്കുറിയും മന്ത്രിയില്ല! എ.കെ.എം അഷ്‌റഫിനെ മന്ത്രിയാക്കാത്തത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്‍; 'രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല, എതിരാളികള്‍ മാത്രം'; കാസര്‍കോടിന് ഒരു മന്ത്രി പദവി ലഭിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു; ചര്‍ച്ചയായി ബിജെപി മുന്‍ അധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാസര്‍കോട് ജില്ലയ്ക്ക് ഇക്കുറിയും മന്ത്രിയില്ല! എ.കെ.എം അഷ്‌റഫിനെ മന്ത്രിയാക്കാത്തത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്‍; 'രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല, എതിരാളികള്‍ മാത്രം'; കാസര്‍കോടിന് ഒരു മന്ത്രി പദവി ലഭിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു; ചര്‍ച്ചയായി ബിജെപി മുന്‍ അധ്യക്ഷന്റെ ഫേസ്ബുക്ക് പോസ്റ്റ്



കോഴിക്കോട്: മന്ത്രിമാരെ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നിന്നും മന്ത്രിയാകുമെന്ന് കരുതിയ മുസ്ലിംലീഗിലെ എംഎല്‍എ.കെ.എം അഷ്‌റഫിന് ആ സ്ഥാനം ലഭിച്ചിരുന്നില്ല. ഇതോടെ കാസര്‍കോട് ജില്ലയ്ക്ക് മന്ത്രിയില്ലാത്ത അവസ്ഥയായി. ഇതിനിടെ ബിജടെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി. മഞ്ചേശ്വരത്ത് തന്നെ തോല്‍പ്പിച്ച മുസ്‌ലിം ലീഗിലെ എ.കെ.എം അഷറഫിന് മന്ത്രി പദവ ലഭിക്കണമായിരുന്നു എന്നാണ് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അഷറഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

'രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ ശത്രുക്കളില്ലാ എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തിനിതു പറയുന്നു എന്ന് ചോദിച്ചാല്‍ കാസര്‍കോടിന് ഒരു മന്ത്രി പദവി ലഭിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള കാരണം കേരളത്തിലെ ഏറ്റവും അവികസിത ജില്ല കാസര്‍കോടാണ് എന്നുള്ളതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും. മികച്ച ഭൂരിപക്ഷം നേടി മഞ്ചേശ്വരത്ത് വിജയിച്ച ശ്രീ. എ. കെ. എം അഷ്‌റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണ്' -സുരേന്ദ്രന്‍ കുറിപ്പില്‍ പറഞ്ഞു. അഷ്‌റഫിന്റെ ഫോട്ടോ സഹിതമാണ് ഫേസ്ബുക് പോസ്റ്റ്.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലീഗ് അണികളും ലൈക്കടിച്ചു 'കുത്തിത്തിരിപ്പില്ലാതെ മനസ്സറിഞ്ഞു പറഞ്ഞതെന്ന് വിശ്വസിക്കുന്നു..പറഞ്ഞത് നൂറ് ശതമാനം കറക്റ്റ് .. എന്നും കാസറഗോഡിന് അവഗണന തന്നെ..ഇദ്ദേഹത്തെ മന്ത്രിയാക്കണമായിരുന്നു ലീഗ്..' എന്ന വിധത്തിലാണ് എത്തിയ കമന്റുകള്‍.

വികസനം കേരളം മൊത്തം ഉണ്ടാവും. വേര്‍തിരിവ് ഉണ്ടാവില്ല. അത് ബിജെപി ജയിച്ച മണ്ഡലമായാലും' എന്നായിരുന്നു മറ്റൊരു കമന്റ്. വി.ഡി സതീശന്‍ സര്‍ക്കാറില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെയുള്ള നാല് പേരും മന്ത്രിസഭയില്‍ പുതുമുഖങ്ങളാണ്. എന്‍. ഷംസുദ്ധീന്‍, കെ.എം ഷാജി, പി.കെ ബഷീര്‍, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് മറ്റ് മന്ത്രിമാര്‍. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇതില്‍ ഒരാള്‍ മാറി പകരം പാറക്കല്‍ അബ്ദുല്ല മന്ത്രിയാകും. വി.ഇ അബ്ദുല്‍ ഗഫൂറിനെ മാറ്റി പാറക്കല്‍ അബ്ദുല്ലയെ മന്ത്രിയാക്കാനാണ് പാര്‍ട്ടി തലത്തിലെ ധാരണ.

പി.കെ കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ധീന്‍, കെ.എം ഷാജി എന്നിവര്‍ നേരത്തെ തന്നെ മന്ത്രിസ്ഥാനം ഉറപ്പിച്ചപ്പോള്‍ മറ്റ് രണ്ട് പേരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നു. പി.കെ ബഷീര്‍ പുറത്താകുമെന്ന വാര്‍ത്ത പരന്നതോടെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രതിഷേധമുയര്‍ന്നു. പകരം പാറക്കല്‍ അബ്ദുല്ലയെ പരിഗണിക്കുന്നുവെന്നായിരുന്നു വാര്‍ത്ത. പിന്നാലെ പി.കെ ബഷീറിനെ നിലനിര്‍ത്തി വി.ഇ അബ്ദുല്‍ ഗഫൂറിനെയും പാറക്കല്‍ അബ്ദുല്ലയെയും ടേം വ്യവസ്ഥയില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു. ആദ്യമായി സഭയിലെത്തുന്ന വി.ഇ അബ്ദുല്‍ ഗഫൂറിനെ, സീനിയര്‍ അംഗങ്ങളെ തഴഞ്ഞ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധം ഉയര്‍ന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ ലീഗ് കൈകാര്യം ചെയ്ത വകുപ്പുകള്‍ അതേപടി തുടരാനായിരുന്നു ആദ്യധാരണ. എന്നാല്‍, പൊതുവിദ്യാഭ്യാസ വകുപ്പ് നിലനിര്‍ത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഏറെക്കുറെ ധാരണയായി. പകരം ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കും. പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായം, ഐ.ടി, ഹജ്ജ്-വഖഫ് വകുപ്പുകളാകും കൈകാര്യം ചെയ്യുക. എന്‍. ഷംസുദ്ധീന്‍ -പൊതുവിദ്യാഭ്യാസം, കെ.എം ഷാജി -തദ്ദേശ സ്വയംഭരണം, പി.കെ ബഷീര്‍ -പൊതുമരാമത്ത്, വി.ഇ അബ്ദുല്‍ ഗഫൂര്‍ -ഫിഷറീസ് എന്നിങ്ങനെയാണ് ലീഗ് മന്ത്രിമാരുടെ വകുപ്പുകളിലെ ധാരണ.