പത്തനാപുരത്ത് യുഡിഎഫ് -ബിജെപി ഡീൽ നടന്നെന്ന് കെ ബി ഗണേഷ് കുമാർ, കണക്കുകൾ നിരത്തി ഫേസ്ബുക്ക് പോസ്റ്റ്

പത്തനാപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പത്തനാപുരം നിയോജക മണ്ഡലത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടം നടന്നെന്ന ഗുരുതര ആരോപണവുമായി കെ.ബി. ഗണേഷ് കുമാര്‍ രംഗത്ത്. കണക്കുകള്‍ നിരത്തി സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഈ 'ഡീല്‍' രാഷ്ട്രീയത്തെ തുറന്നുകാട്ടിയത്. മണ്ഡലത്തില്‍ ബിജെപിയുടെ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മറിഞ്ഞുവെന്നും ഇതിനായി ട്വന്റി ട്വന്റി പാര്‍ട്ടിയെ മറയാക്കിയെന്നുമാണ് ഗണേഷിന്റെ പ്രധാന ആക്ഷേപം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെയും തദ്ദേശ തിരഞ്ഞെടുപ്പിലെയും വോട്ട് വിഹിതം താരതമ്യം ചെയ്താണ് ഗണേഷ് കുമാര്‍ തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കുന്നത്. 2016-ല്‍ ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ 11,700 വോട്ടുകള്‍ ലഭിച്ചിരുന്നു. 2021-ല്‍ ഇത് 12,398 ആയി വര്‍ദ്ധിച്ചു. എന്നാല്‍ ഏറ്റവും ഒടുവില്‍ നടന്ന 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മാത്രം മണ്ഡലത്തില്‍ 23,000-ത്തോളം വോട്ടുകള്‍ നേടി കരുത്ത് തെളിയിച്ചിരുന്നതായി ഗണേഷ് ചൂണ്ടിക്കാട്ടുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ വമ്പിച്ച മുന്നേറ്റത്തിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് വെറും 7,031 വോട്ടുകള്‍ മാത്രമാണ്. ബിജെപി ജയിച്ച പഞ്ചായത്ത് വാര്‍ഡുകളില്‍ പോലും വോട്ടുകള്‍ രണ്ടക്കം കടന്നില്ല എന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം പറയുന്നു. ബിജെപിയുടെ വോട്ടുകള്‍ എങ്ങോട്ടു പോയി എന്ന ചോദ്യത്തിന് യുഡിഎഫ് പാളയത്തിലേക്കെന്ന ഉത്തരമാണ് ഗണേഷ് നല്‍കുന്നത്.
പത്തനാപുരത്ത് ബിജെപി നേരിട്ട് മത്സരിക്കാതെ ട്വന്റി ട്വന്റി പാര്‍ട്ടിക്ക് സീറ്റ് നല്‍കിയത് തന്നെ ഈ ഡീലിന്റെ ഭാഗമാണെന്ന് ഗണേഷ് ആരോപിക്കുന്നു. മണ്ഡലത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത ട്വന്റി ട്വന്റിക്ക് 'ചക്ക' ചിഹ്നത്തില്‍ സീറ്റ് നല്‍കിയത് വോട്ടുകള്‍ ഭിന്നിപ്പിക്കാനല്ല, മറിച്ച് ബിജെപി വോട്ടുകള്‍ സുരക്ഷിതമായി യുഡിഎഫിലേക്ക് മാറ്റാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. പ്രചാരണ രംഗത്ത് എന്‍ഡിഎ മുന്നണി സജീവമല്ലാതിരുന്നതും ഈ സംശയം ബലപ്പെടുത്തുന്നു.
സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള വോട്ട് കച്ചവടം നടന്നതായി ഗണേഷ് കുമാര്‍ നിരീക്ഷിക്കുന്നു. ബിജെപി ഇക്കുറി മൂന്ന് സീറ്റുകളില്‍ ജയിച്ച മണ്ഡലങ്ങളിലെ വോട്ട് നില ഇതിന് തെളിവാണ്. ഈ മൂന്ന് സ്ഥലങ്ങളിലും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസ് വോട്ടുകള്‍ കുത്തനെ ഇടിഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് പോയി. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് നല്‍കുകയും പകരം പത്തനാപുരം പോലുള്ള ഇടങ്ങളില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കുകയും ചെയ്യുന്ന 'അവിശുദ്ധ സഖ്യമാണ്' നടന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകള്‍ പോലും ബിജെപി ജയിച്ച മണ്ഡലങ്ങളില്‍ അവര്‍ക്ക് നേടാനായില്ല. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ബിജെപി ജയിച്ചതെന്നതും കോണ്‍ഗ്രസ് വോട്ടുകളുടെ ചോര്‍ച്ചയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് ഗണേഷ് കുമാര്‍ വിലയിരുത്തുന്നു. എല്‍ഡിഎഫിനെ എങ്ങനെയെങ്കിലും തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഈ മുന്നണികള്‍ കൈകോര്‍ത്തത്.
പത്തനാപുരത്തെ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ചുനല്‍കാന്‍ പ്രാദേശിക തലത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നാണ് ഗണേഷ് കുമാറിന്റെ പോസ്റ്റ് സൂചിപ്പിക്കുന്നത്. ബിജെപി ജയിച്ച വാര്‍ഡുകളില്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിന്നോട്ട് പോയത് രാഷ്ട്രീയമായ ആത്മഹത്യയാണെന്നും ഇതിന് പിന്നില്‍ വലിയ സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം സംശയിക്കുന്നു.
കേരളത്തില്‍ ഇക്കുറി യുഡിഎഫിന് ഭരണത്തിലേറാന്‍ കഴിഞ്ഞത് ബിജെപിയുമായുള്ള ഈ രഹസ്യ ധാരണ കൊണ്ടാണെന്ന എല്‍ഡിഎഫിന്റെ പൊതുവായ രാഷ്ട്രീയ നിലപാട് തന്നെയാണ് ഗണേഷും ആവര്‍ത്തിക്കുന്നത്. മതേതരത്വം പറയുന്ന കോണ്‍ഗ്രസ്, ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം പരിഹസിക്കുന്നു. വരും ദിവസങ്ങളില്‍ ഈ കണക്കുകള്‍ നിരത്തി ജനങ്ങള്‍ക്കിടയില്‍ പ്രചാരണം നടത്താനാണ് എല്‍ഡിഎഫ് തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ 23,000 വോട്ടുകള്‍ നിയമസഭയില്‍ 7,000 ആയി കുറഞ്ഞത് ബിജെപിക്കുള്ളിലും വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായിട്ടുണ്ട്. സ്വന്തം വോട്ട് ബാങ്ക് മറ്റൊരു മുന്നണിക്ക് പണയം വെച്ചതിനെതിരെ ബിജെപിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്. ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍ ഈ ആഭ്യന്തര കലഹത്തിന് ആക്കം കൂട്ടും.
കെബി ഗണേഷ് കുമാറിന്റെ പോസ്റ്റ് ചുവടെ
പത്തനാപുരത്തും യുഡിഎഫ് -ബിജെപി ഡീല്‍
.................................
2016 ല്‍ ബിജെപി സ്ഥാനാര്‍ഥി ഭീമന്‍ രഘുവിന് ലഭിച്ച വോട്ട് 11,700.
2021 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ച വോട്ട് 12,398.
2025 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മാത്രം നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 23,000 ഓളം വോട്ടുകളാണ്...
ആ സ്ഥാനത്താണ് സംസ്ഥാനത്ത് ഇപ്രാവശ്യം 3 സീറ്റുകളില്‍ ജയിച്ച ബിജെപിയ്ക്ക് പത്തനാപുരത്ത് ലഭിച്ചത് ആകെ 7,031 മാത്രം...അതും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചത് പത്തനാപുരത്ത് പ്രാതിനിധ്യമില്ലാത്ത ട്വന്റി ട്വന്റി പാര്‍ട്ടിയും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച പല പഞ്ചായത്ത് വാര്‍ഡുകളില്‍ പോലും വോട്ടുകള്‍ രണ്ടക്കം കടക്കുവാന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതില്‍ നിന്നുതന്നെ കാര്യം വ്യക്തമാണ്. പ്രചാരണ രംഗത്ത് പോലും സജീവമായി എന്‍.ഡി.എ മുന്നണി ഇല്ലായിരുന്നു..യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായാണ് പത്തനാപുരം മണ്ഡലത്തിലും ഇരു കൂട്ടരും എല്‍ഡിഎഫ് നു എതിരെ പ്രവര്‍ത്തിച്ചത്. ഇവിടെ ചക്ക ചിഹ്നത്തില്‍ ടെന്റി ടെന്റി യ്ക്ക് സീറ്റ് നല്‍കിയത് വഴി അവരുടെ ഡീല്‍ ആരംഭിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരം ഡീലുകള്‍ ഉണ്ടായിരുന്നു.പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ട് ഷെയറുകള്‍ നോക്കിയാല്‍ മനസിലാകും. സംസ്ഥാനത്ത് തന്നെ ബിജെപി ജയിച്ച മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എത്തിയത് എല്‍ഡിഎഫ്ആണ്, വളരെ കുറഞ്ഞ വോട്ടുകള്‍ക്കാണ് മൂന്ന് സ്ഥലത്തും ബിജെപിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത് . മൂന്ന് സ്ഥലത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.. ആ സ്ഥലങ്ങളില്‍ കഴിഞ്ഞ പാര്‍ലമെന്റ്,തദ്ദേശ തെരഞ്ഞെടുപ്പുകളിലെ വോട്ടുകള്‍ പോലും കോണ്‍ഗ്രസ് നു ലഭിച്ചില്ല..
