വലുതും ചെറുതുമായ രാഷ്ട്രീയ പാർട്ടികൾ അരങ്ങ് വാഴുന്ന ഈ കാലത്ത് ജെൻസികളുടെ വകയായി പുതിയ പാർട്ടി വന്നിരിക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യൻ യുവാക്കളെ പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിച്ചത് സൈബറിടങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.
‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കളുണ്ട്. അവരിൽ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ കടന്നാക്രമിക്കുന്നു. ഇവര്‍ ‘കോക്രോച്ചു’കളും ‘പരാന്നഭോജികളു’മാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പരാമർശിച്ചത്. ഇതിനു പിന്നാലെയാണ് കോക്ക്റോച്ച് ജനത പാർട്ടി അഥവാ സിജെപി രൂപീകരിച്ചത്. ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് സിജെപി.
ഇതിനകം 50,000ത്തിലധികം അംഗങ്ങൾ പാര്‍ട്ടിയിൽ ചേര്‍ന്നിട്ടുണ്ട്. ‘മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം’ എന്നാണ് പർട്ടിയുടെ ടാഗലൈൻ. യുവാക്കള്‍ക്കായി, യുവാക്കളാല്‍, ഒരു രാഷ്ട്രീയ മുന്നണി. സെക്കുലര്‍ -സോഷ്യലിസ്റ്റ്-ഡെമോക്രാറ്റിക്-മടിയന്മാർ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്.
സിജെപിയുടെ മാനിഫെസ്റ്റോ
- സിജെപി. അധികാരത്തിൽ വന്നാൽ, വിരമിക്കലിന് ശേഷമുള്ള സമ്മാനമായി ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് നൽകില്ല.
- ഏതെങ്കിലും സംസ്ഥാനത്ത്, ഏതെങ്കിലും പാർട്ടിയുടെ ഒരു നിയമാനുസൃത വോട്ടെങ്കിലും റദ്ദാക്കപ്പെട്ടാൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ യുഎപിഎ (UAPA) പ്രകാരം കുറ്റപത്രം ചുമത്തും. ഒരു പൗരന്റെ വോട്ടവകാശം ഇല്ലാതാക്കുന്നത് മറ്റൊരു തരത്തിലുള്ള ഭീകരവാദമാണ്.
- പാർലമെന്റിന്റെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാതെതന്നെ സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകും. കൂടാതെ, ഓരോ മന്ത്രിസഭയുടെയും പകുതി ഭാഗം സ്ത്രീകളായിരിക്കും.
- സ്വതന്ത്ര മാധ്യമങ്ങൾക്ക് വഴിതുറക്കുന്നതിനായി അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങളുടെയും ബ്രോഡ്കാസ്റ്റിംഗ് ലൈസൻസുകൾ റദ്ദാക്കും. അധികാരികൾക്ക് വിധേയമായി പ്രവർത്തിക്കുന്ന മാധ്യമ അവതാരകരുടെ ബാങ്ക് അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യും.
- ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് കൂറുമാറുന്ന ഏതൊരു എംഎൽഎയെയും എംപിയെയും ഇരുപത് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും ഏതെങ്കിലും പൊതുപദവികൾ വഹിക്കുന്നതിൽ നിന്നും വിലക്കും.
അഭിജീത് ദിപ്കെയാണ് കോക്രോച്ച് പാര്‍ട്ടി എന്ന ആശയത്തിനു പിന്നിൽ. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ഥിയാണ് ഈ മുപ്പത്കാരൻ. 2020 മുതല്‍ 2023 വരെ ആം ആദ്മിയുടെ സോഷ്യല്‍ മീഡിയാ ടീമിനൊപ്പം അഭിജീത് പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീര്‍ത്തി ആസാദും ഈ പാർട്ടിയിൽ ചേർന്നിട്ടുണ്ട്.

