കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം, പങ്കെടുക്കരുതെന്ന് കർണാടക പൊലീസ്, മുന്നറിയിപ്പ്!


കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം, പങ്കെടുക്കരുതെന്ന് കർണാടക പൊലീസ്, മുന്നറിയിപ്പ്!


ബെം​ഗളൂരു: കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം. പിന്നാലെ മുന്നറിയിപ്പുമായി കർണാടക പൊലീസ് രം​ഗത്തെത്തി. മറ്റന്നാൾ ബെംഗളൂരു ടൗൺഹാൾ പരിസരത്താണ് മനുഷ്യച്ചങ്ങല. കോക്ക്റോച്ച് ജനതാ പാർട്ടി കർണാടക എന്ന സാമൂഹിക മാധ്യമ പേജിലാണ് ആഹ്വാനം. നിയമവരുദ്ധ കൂട്ടായ്മയിൽ പങ്കെടുക്കരുതെന്ന് കർണാടക പൊലീസ് അറിയിച്ചു. പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സിജെപി കർണാടക പേജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും നിർദേശം നൽകി. ഹൈക്കോടതി നി‍ർദേശമുള്ളതിനാൽ ഫ്രീഡം പാർക്കിൽ മാത്രമേ പ്രതിഷേധം അനുവദിക്കാനാവൂ എന്നും പൊലീസ് അറിയിച്ചു.കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി. നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങള്‍ ദീപ്കേ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്നാണ് ഭീഷണി. ദീപ്കേയുടെ രക്ഷിതാക്കൾ ആശങ്ക അറിയിച്ച് രം​ഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാനാവില്ലെന്ന് ബിജെപി പ്രതികരിച്ചു.കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ പൂട്ടുക. നിങ്ങള്‍ക്ക് പണം കിട്ടും. ബിജെപിയില്‍ ചേരുക. അല്ലെങ്കില്‍ അമേരിക്കയില്‍ വെച്ച് കൊല്ലപ്പെടും. സാമൂഹിക മാധ്യമമായ എക്സില്‍ അഭിജിത് ദീപ്കേ പങ്കുവച്ച സന്ദേശങ്ങളിലൊന്നിലെ ഭീഷണിയാണിത്. പാര്‍ട്ടി രൂപീകരിച്ച ശേഷം ഫോണിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും നിരന്തരം ഭീഷണി സന്ദേശങ്ങളെത്തുന്നുവെന്നാണ് അഭിജിത് വ്യക്തമാക്കുന്നത്. വീഡിയോ സന്ദേശമായെത്തിയ ഭീഷണിയും അഭിജിത് പങ്കുവെച്ചു. മധ്യപ്രദേശ് സ്വദേശിയായ അഭിജിത് നിലവില്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ്