'കുഞ്ഞുങ്ങൾ ഒരു ആഗ്രഹം പറഞ്ഞാൽ പറ്റുവാണേൽ അതങ്ങ് സാധിച്ച് കൊടുത്തേക്കണം'; വി.ഡി. സതീശനെ കാണാൻ കുറ്റ്യാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുട്ടിപ്പട; വസ്ത്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഓട്ടോഗ്രാഫ്; പിന്നാലെ കുട്ടികളോട് കുശലവും സെൽഫിയും; വീണ്ടും 'പൂക്കി മുഖ്യ'ന്റെ വീഡിയോ വൈറലാകുമ്പോൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ 'പൂക്കി മുഖ്യൻ' തരംഗത്തിന് പിന്നാലെ, പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാനും ഒപ്പുവെപ്പിക്കാനുമായി കുറ്റ്യാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ കുട്ടി ആരാധകരുടെ സംഘം സമൂഹമാധ്യമങ്ങളിൽ കൗതുകക്കാഴ്ചയാകുന്നു. മാതാപിതാക്കളോടൊപ്പം തലസ്ഥാനത്തെത്തിയ കുട്ടികൾ തങ്ങൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽത്തന്നെ മുഖ്യമന്ത്രിയുടെ ഒപ്പ് വാങ്ങി മടങ്ങുന്ന വിഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും വൈറലാകുന്നത്. വി. ഡി സതീശൻ ഈ വീഡിയോ തന്റെ ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ രസകരമായ മറുപടിയും ഭാവവും സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു. 'പൂക്കി മുഖ്യൻ' എന്നും 'പൂക്കി സതീശൻ' എന്നുമുള്ള ഹാഷ്‌ടാഗുകളോടെ ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഈ വിഡിയോ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കുരുന്നുകളോടൊപ്പമുള്ള വീഡിയോ പുറത്ത് വന്നിരിക്കുന്നത്.
കുട്ടികളുടെ സ്നേഹപൂർവ്വമായി കുശലങ്ങൾ ചോദിക്കുന്നതും, ഒരുമിച്ച് നിന്ന് സെൽഫി എടുക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. പിന്നാലെ മുഖ്യമന്ത്രി ഓരോരുത്തരുടെയും കുപ്പായങ്ങളിൽ പുഞ്ചിരിയോടെ ഓട്ടോഗ്രാഫ് നൽകുകയായിരുന്നു. തങ്ങളുടെ വസ്ത്രങ്ങളിൽ മുഖ്യമന്ത്രിയുടെ സിഗ്നേച്ചർ പതിഞ്ഞതോടെ വലിയ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു കുട്ടികൾ.
കുട്ടികളുടെ ഈ കുസൃതിയും മുഖ്യമന്ത്രിയുടെ ഇടപെടലും അവിടെയുണ്ടായിരുന്നവരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റി. കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ ജനകീയ ഇടപെടലും കുട്ടികളുടെ കുസൃതിയും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും ശ്രദ്ധ ഒരുപോലെ പിടിച്ചുപറ്റി. അധികാരമേറ്റയുടൻ തന്നെ കുട്ടികൾ അടക്കമുള്ള എല്ലാ തലമുറയിലെയും ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ 'പൂക്കി' മുഖ്യമന്ത്രിക്ക് സാധിക്കുന്നു എന്നതിന്റെ തെളിവായി ഈ വിഡിയോ സോഷ്യൽ മീഡിയയിൽ മാറിയിരിക്കുകയാണ്.
'കുഞ്ഞുങ്ങൾ ഒരു ആഗ്രഹം പറഞ്ഞാൽ പറ്റുവാണേൽ അതങ്ങ് സാധിച്ച് കൊടുത്തേക്കണം', എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, സാറാ അർജുൻ, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തി മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗ് ആണിത്. ചിത്രത്തിൽ ദുൽഖർ സൽമാന്റെ അതിഥി വേഷവും വലിയ ജനശ്രദ്ധ നേടിയിരുന്നു. മികച്ച പ്രതികരണമാണ് മുഖ്യമന്ത്രി പങ്കുവെച്ച ഈ റീലിന് ലഭിക്കുന്നത്. പൂക്കി സി.എം, ഇതുപോലെ ചിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ കിട്ടിയല്ലോ നമ്മുക്ക്, കുട്ടികൾ വളരെ ഹാപ്പിയാണ് എന്നിങ്ങനെ പോകുന്നു വീഡിയോയിലെ കമന്റുകൾ.
സോഷ്യൽ മീഡിയയിൽ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശനെ യുവാക്കളും കുട്ടികളും ഒരേപോലെ 'പൂക്കി മുഖ്യൻ' എന്ന് വിളിക്കാൻ തുടങ്ങിയതോടെ പലരുടെയും മനസ്സിൽ ഉയർന്ന ചോദ്യമാണ്– എന്താണ് ഈ 'പൂക്കി'? വാത്സല്യത്തോടെയും സ്നേഹത്തോടെയും കൂടെയുള്ളവരെ ചേർത്തുപിടിക്കാൻ 'ജെൻസി' (Gen Z) തലമുറ ഉപയോഗിക്കുന്ന ഒരു ഇംഗ്ലിഷ് പദമാണ് 'പൂക്കി' (Pookie). ഒരു വ്യക്തിയിൽ പ്രകടമാകുന്ന ഭംഗിയുള്ള, കൗതുകം നിറഞ്ഞതോ നിഷ്കളങ്കമായതോ ആയ സ്വഭാവത്തെ സൂചിപ്പിക്കാനാണ് ഈ വാക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
മുൻപ് കടുത്ത നിലപാടുകളുമായും ഗൗരവക്കാരനായും മാത്രം കണ്ടിട്ടുള്ള മുൻ മുഖ്യമന്ത്രിമാരിൽ നിന്നും വ്യത്യസ്തമായി, ചിരിച്ചും തോളിൽ കൈയിട്ടും തമാശകൾ പറഞ്ഞും സംസാരിക്കുന്ന പുതിയ മുഖ്യമന്ത്രിയെ സ്നേഹത്തോടെ 'പൂക്കി' എന്ന് വിളിച്ച് നെഞ്ചിലേറ്റുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
