പുടിന്റെ തട്ടകത്തില്‍ യുക്രെയ്‌ന്റെ ഡ്രോണ്‍ താണ്ഡവം; മോസ്‌കോയില്‍ ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; റഷ്യയെ ഞെട്ടിച്ച് സെലന്‍സ്‌കിയുടെ മിന്നല്‍ നീക്കം; ഉണ്ടായത് സമീപകാലത്ത് മോസ്‌കോയ്ക്ക് നേരെ യുക്രെയ്ന്‍ നടത്തുന്ന ഏറ്റവും ശക്തമായ ഡ്രോണ്‍ ആക്രമണം

പുടിന്റെ തട്ടകത്തില്‍ യുക്രെയ്‌ന്റെ ഡ്രോണ്‍ താണ്ഡവം; മോസ്‌കോയില്‍ ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; റഷ്യയെ ഞെട്ടിച്ച് സെലന്‍സ്‌കിയുടെ മിന്നല്‍ നീക്കം; ഉണ്ടായത് സമീപകാലത്ത് മോസ്‌കോയ്ക്ക് നേരെ യുക്രെയ്ന്‍ നടത്തുന്ന ഏറ്റവും ശക്തമായ ഡ്രോണ്‍ ആക്രമണം



മോസ്‌കോ: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി റഷ്യ-യുക്രെയ്ന്‍ യുദ്ധം അതിന്റെ എല്ലാ ഭീകരതയോടും കൂടി തുടരുമ്പോള്‍, റഷ്യന്‍ മണ്ണില്‍ ഇന്ത്യന്‍ ചോര വീണു. മോസ്‌കോ ലക്ഷ്യമാക്കി യുക്രെയ്ന്‍ നടത്തിയ അതിശക്തമായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ തൊഴിലാളി കൊല്ലപ്പെട്ടു. മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയിലെ ഇന്ത്യന്‍ എംബസിയാണ് ഞായറാഴ്ച ഞെട്ടിക്കുന്ന ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ശനിയാഴ്ച രാത്രിയാണ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയെ വിറപ്പിച്ചുകൊണ്ട് യുക്രെയ്‌ന്റെ ഡ്രോണുകള്‍ ഇരച്ചെത്തിയത്. കനത്ത സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ച് ജനവാസ മേഖലകള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഈ സ്‌ഫോടനങ്ങളിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ നമ്മുടെ നാട്ടുകാരനായ ഇന്ത്യക്കാരനാണെന്ന വിവരം വൈകിയാണ് പുറംലോകം അറിഞ്ഞത്. പരിക്കേറ്റ മൂന്ന് ഇന്ത്യക്കാരും ഇപ്പോള്‍ മോസ്‌കോയിലെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

സംഭവം അറിഞ്ഞയുടന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ റഷ്യന്‍ ഭരണകൂടവുമായും അവര്‍ ജോലി ചെയ്തിരുന്ന കമ്പനി അധികൃതരുമായും എംബസി ചര്‍ച്ച നടത്തി. കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു എന്നാണ് പ്രാഥമിക വിവരം.

സമീപകാലത്ത് മോസ്‌കോ ലക്ഷ്യമാക്കി യുക്രെയ്ന്‍ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. യുദ്ധം മുറുകുമ്പോള്‍ സൈനികര്‍ക്കൊപ്പം വിദേശ തൊഴിലാളികളും സാധാരണക്കാരും ഇരകളാകുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പുടിന്റെ ഭരണസിരാകേന്ദ്രമായ മോസ്‌കോയിലേക്ക് പോലും ഡ്രോണുകള്‍ എത്തിയത് റഷ്യന്‍ പ്രതിരോധ സംവിധാനങ്ങളുടെ പരാജയമായിട്ടാണ് പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നത്. ഇതോടെ റഷ്യയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും വലിയ പേടിയിലാണ്