ട്രെയിനില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി; കൈകാലുകള്‍ പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍: ഉടല്‍ ഭാഗം ലോഹപെട്ടിയില്‍ പൂട്ടിയ നിലയില്‍

ട്രെയിനില്‍ യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി; കൈകാലുകള്‍ പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍: ഉടല്‍ ഭാഗം ലോഹപെട്ടിയില്‍ പൂട്ടിയ നിലയില്‍



ലക്‌നൗ: ട്രെയിനിലെ ആളൊഴിഞ്ഞ കോച്ചില്‍ നിന്നും യുവതിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഛപ്രയില്‍ നിന്ന് ലക്‌നൗവിലേക്കു സര്‍വീസ് നടത്തുന്ന ഗോംതിനഗര്‍ എക്സ്പ്രസിലെ എസ് വണ്‍ സ്ലീപ്പര്‍ കോച്ചില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശുചീകരണ തൊഴിലാളിയാണ് ബര്‍ത്തിനു താഴെ സംശയാസ്പദമായ രീതിയില്‍ ലോഹ പെട്ടിയും ബാഗും കണ്ടത്. സംശയം തോന്നി തൊഴിലാളി വിവരപം റെയില്‍വെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചു.

വിവരമറിഞ്ഞയുടന്‍ റെയില്‍വേ പൊലീസും റെയില്‍വേ സംരക്ഷണ സേനയും സ്ഥലത്തെത്തി. താഴും താക്കോലും ഉപയോഗിച്ച് പൂട്ടിയിട്ട നിലയിലായിരുന്നു പെട്ടി. പെട്ടി തുറന്ന് പരിശോധിച്ചപ്പോള്‍ യുവതിയുടെ ഉടല്‍ ഭാഗം കണ്ടെത്തി. ഏതാണ്ട് മുപ്പതിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്ന യുവതിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പെട്ടിക്കടുത്ത് സൂക്ഷിച്ചിരുന്ന ബാഗില്‍ പോളിത്തീന്‍ കവറുകളില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ കൈകളും കാലുകളും കണ്ടെത്തി. നിലവില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ വിവിധ മാര്‍ഗങ്ങളിലൂടെ ശ്രമിച്ചെങ്കിലും ഇതുവരെ അതിനു സാധിച്ചില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ടെന്നും മറ്റു നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.