ഇരട്ടി ഭൂരിപക്ഷം, സെക്രട്ടേറിയറ്റിനോട് കൂടുതല്‍ അടുത്ത്; പെരമ്പൂര്‍ നിലനിര്‍ത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞ് വിജയ്; തൃച്ചി ഈസ്റ്റില്‍ തൃഷയെ ഇറക്കാന്‍ വിജയിയുടെ മാസ്റ്റര്‍ പ്ലാന്‍; രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുമോ തെന്നിന്ത്യന്‍ സുന്ദരി? സമ്മതം മൂളിയാല്‍ തമിഴകത്തെ ഏറ്റവും വലിയ ഗ്ലാമര്‍ പോരാട്ടം; സസ്പെന്‍സ് നിലനിര്‍ത്തി ടിവികെ!

ഇരട്ടി ഭൂരിപക്ഷം, സെക്രട്ടേറിയറ്റിനോട് കൂടുതല്‍ അടുത്ത്; പെരമ്പൂര്‍ നിലനിര്‍ത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് ഒഴിഞ്ഞ് വിജയ്; തൃച്ചി ഈസ്റ്റില്‍ തൃഷയെ ഇറക്കാന്‍ വിജയിയുടെ മാസ്റ്റര്‍ പ്ലാന്‍; രാഷ്ട്രീയത്തില്‍ ഭാഗ്യം പരീക്ഷിക്കുമോ തെന്നിന്ത്യന്‍ സുന്ദരി? സമ്മതം മൂളിയാല്‍ തമിഴകത്തെ ഏറ്റവും വലിയ ഗ്ലാമര്‍ പോരാട്ടം; സസ്പെന്‍സ് നിലനിര്‍ത്തി ടിവികെ!




ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ നിന്നും രാജിവെച്ചു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയാണ് അദ്ദേഹം തന്റെ രാജി സമര്‍പ്പിച്ചത്.

നേരത്തെ തമിഴ്നാടിന്റെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്, താന്‍ മത്സരിച്ചു ജയിച്ച രണ്ട് സീറ്റുകളില്‍ പെരമ്പൂര്‍ നിലനിര്‍ത്താനും തൃച്ചി ഈസ്റ്റ് ഒഴിയാനും തീരുമാനിക്കുകയായിരുന്നു. ഇതോടെ ഈ മണ്ഡലത്തില്‍ ഒരു ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്.

തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തേക്കാള്‍ ഏകദേശം ഇരട്ടി ഭൂരിപക്ഷത്തില്‍ വിജയിച്ചതിനാലും, സെക്രട്ടേറിയറ്റിനോട് കൂടുതല്‍ അടുത്തായതിനാലുമാണ് പെരമ്പൂര്‍ മണ്ഡലം വിജയി നിലനിര്‍ത്തിയത്. തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റില്‍ മത്സരിക്കാനായി തൃഷ കൃഷ്ണനെ പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് വിജയിയും ടി.വി.കെ നേതാക്കളും. എന്നാല്‍, രാഷ്ട്രീയ പശ്ചാത്തലമില്ലാത്തതിനാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തൃഷയ്ക്ക് വലിയ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിജയിയുമായുള്ള അടുത്ത സൗഹൃദവും വിജയാഘോഷ വേളയിലും സത്യപ്രതിജ്ഞാ ചടങ്ങിലും താരം പങ്കെടുത്തതും തൃഷ ടി.വി.കെ.യുടെ 'സ്റ്റാര്‍ സ്ഥാനാര്‍ത്ഥി' ആയേക്കാം എന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. തൃഷ മത്സരിക്കുമെന്ന കാര്യത്തില്‍ താരത്തിന്റെ ഭാഗത്തുനിന്നോ ടി.വി.കെ.യുടെ ഭാഗത്തുനിന്നോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

തൃഷ സമ്മതം മൂളുകയാണെങ്കില്‍, വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റില്‍ തന്നെയാകും അവര്‍ ജനവിധി തേടാന്‍ സാധ്യത. അങ്ങനെ വന്നാല്‍, ആ ഉപതിരഞ്ഞെടുപ്പ് അതീവ ശ്രദ്ധേയമായ ഒരു പോരാട്ടമായി മാറും. വിജയിയും തൃഷയും തമ്മിലുള്ള ഓണ്‍-സ്‌ക്രീന്‍ ജോഡി രാഷ്ട്രീയത്തിലും വിജയിക്കുമോ എന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ വോട്ടര്‍മാരായിരിക്കും. ഉപതിരഞ്ഞെടുപ്പിനുള്ള ടി.വി.കെ.യുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുമ്പോള്‍ മാത്രമേ തൃഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ അതോ വിജയുടേ വെറുമൊരു അടുത്ത സുഹൃത്തായും സഹതാരമായും തുടരുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കൂ.





ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു വിജയ്യുടെ സത്യപ്രതിജ്ഞ. തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ ഫോര്‍ട്ട് സെന്റ് ജോര്‍ജ് കോംപ്ലക്‌സിലെ സെക്രട്ടേറിയറ്റിലെത്തി അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന വന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തന്റെ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ 'യഥാര്‍ത്ഥ മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും' യുഗത്തിന് തുടക്കം കുറിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു.

വിജയിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:

'സാധാരണക്കാരുടെ മനസ്സും അവരുടെ ജീവിതവും എങ്ങനെയുള്ളതാണെന്ന് എനിക്ക് നന്നായി അറിയാം. ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ മകനായാണ് ഞാന്‍ ജനിച്ചത്. ഞാന്‍ ഒരു രാജകുടുംബത്തില്‍ നിന്നല്ല വരുന്നത്. നിങ്ങളുടെ മകനായും സഹോദരനായും മാത്രമാണ് ഞാന്‍ എന്നെ കാണുന്നത്. നിങ്ങള്‍ എന്നെ അങ്ങനെ കണ്ടതുകൊണ്ടാണ് സിനിമയില്‍ എനിക്ക് ഇത്രയും വലിയൊരു സ്ഥാനം നല്‍കിയത്. ഇപ്പോള്‍ അതെല്ലാം പിന്നിലുപേക്ഷിച്ച് നിങ്ങളോടുള്ള കടപ്പാട് വീട്ടാനാണ് ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്.'ഞങ്ങള്‍ നിനക്കൊപ്പമുണ്ട് വിജയ്, ബാക്കി കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം' എന്ന് പറഞ്ഞ് അത്രമേല്‍ സ്‌നേഹത്തോടെയാണ് നിങ്ങള്‍ എന്നെ സ്വീകരിച്ചത്.'

'ഈ യാത്രയിലുടനീളം എനിക്ക് നിരവധി കഷ്ടപ്പാടുകളും അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്കുവേണ്ടി നിങ്ങളും ഒരുപാട് കളിയാക്കലുകളും ബുദ്ധിമുട്ടുകളും സഹിച്ചു. എന്റെ വേദന സ്വന്തം വേദനയായി കണ്ട് നിങ്ങള്‍ എനിക്കൊപ്പം ഉറച്ചുനിന്നു. ഇന്ന് 'ഐ, ജോസഫ് വിജയ്...' എന്ന് പറഞ്ഞ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ എനിക്ക് സാധിച്ചത് നിങ്ങളുടെ പിന്തുണ കൊണ്ടാണ്. എന്ത് പറയണമെന്ന് എനിക്ക് സത്യത്തില്‍ അറിയില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താല്‍ക്കാലിക ലാഭത്തിന് വേണ്ടി നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'പ്രിയപ്പെട്ട ജനങ്ങളേ, എന്റെ കുടുംബാംഗങ്ങളേ... ഞാന്‍ ഒരു ദൈവദൂതനോ പ്രവാചകനോ ഒന്നുമല്ല. നിങ്ങളെപ്പോലെ സാധാരണ ജീവിതം നയിക്കുന്ന ഒരാളാണ്. അസാധ്യമായ വാഗ്ദാനങ്ങള്‍ നല്‍കി ഞാന്‍ നിങ്ങളെ വഞ്ചിക്കില്ല. എന്ത് സാധിക്കുമോ അത് മാത്രമേ ഞാന്‍ ഉറപ്പുനല്‍കൂ. കോടിക്കണക്കിന് ആളുകള്‍ എനിക്കൊപ്പം നില്‍ക്കുമ്പോള്‍ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ആത്മവിശ്വാസം എനിക്കുണ്ട്.'

2024-ല്‍ മാത്രമാണ് ടി.വി.കെ ഔദ്യോഗികമായി രൂപീകരിച്ചതെങ്കിലും, സിനിമകളിലൂടെയും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും വിജയ് ദീര്‍ഘകാലമായി രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. അഴിമതി, മയക്കുമരുന്ന് മാഫിയ, സാമൂഹിക അസമത്വം എന്നിവയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ശബ്ദമുയര്‍ത്തിയിരുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ച വിജയ് രണ്ടിടത്തും മികച്ച വിജയം നേടിയിരുന്നു.