പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയ്ക്ക് സമീപം ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയായ യുവതി മരിച്ച അതിദാരുണമായ സംഭവത്തില്‍ ഞെട്ടിക്കുന്ന വന്‍ വഴിത്തിരിവ്. സംഭവദിവസം കാറിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതില്‍ ഭര്‍ത്താവ് രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തിലേക്കാണ് പോലീസ് ഇപ്പോള്‍ എത്തിച്ചേരുന്നത്. കഴിഞ്ഞ 15-ാം തീയതി രാത്രി ഒന്‍പത് മണിയോടെ നാടിനെ നടുക്കിയ ദുരന്തം ഉണ്ടായതിന് പിന്നാലെ, കാര്‍ കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് വ്യക്തമായിരുന്നു.
ഇതിനെത്തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ്, മരണപ്പെട്ട സോന (27) സ്വന്തമായി പെട്രോള്‍ വാങ്ങിയതാണെന്ന നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിക്കുന്നത്. പേരാമ്പ്രയിലെ പെട്രോള്‍ പമ്പില്‍ വെച്ച് വൈകിട്ട് 7.25-ഓടെ സോന ഒറ്റയ്ക്ക് കന്നാസില്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതോടെ ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മനംനൊന്ത് സോന കാറിനുള്ളില്‍ വെച്ച് സ്വയം തീയിട്ട് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുകയാണ്.
സംഭവം നടന്ന ദിവസം ഉച്ചയോടെ സോന ഭര്‍ത്താവ് രജിന്‍ലാലിനൊപ്പം വാല്യക്കോട്ടെ ഇളയമ്മയുടെ വീട്ടില്‍ എത്തിയിരുന്നു. സോനയെ അവിടെ ഇറക്കിയ ശേഷം ഭര്‍ത്താവ് തിരികെപ്പോയി. പിന്നീട് ഇളയമ്മയുടെ മകള്‍ക്കൊപ്പം പേരാമ്പ്ര ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് സോന രഹസ്യമായി പെട്രോള്‍ പമ്പില്‍പ്പോയി പെട്രോള്‍ വാങ്ങിയത്. രാവിലെ വീട്ടില്‍നിന്നു കൊണ്ടുപോയ വലിയ ബാഗിലാണ് പെട്രോള്‍ കന്നാസ് സൂക്ഷിച്ചിരുന്നത്.
പിന്നീട് രാത്രി ബന്ധുവീട്ടില്‍നിന്ന് ഭര്‍ത്താവ് രജിന്‍ലാലിനൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുന്ന വഴി, കയ്യില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് സോന തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ 60 ശതമാനം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രജിന്‍ലാലിന്റെ മൊഴിയിലും കാറിനുള്ളില്‍ പെട്രോളിന്റെ കടുത്ത ഗന്ധം ഉണ്ടായിരുന്നതായി പറയുന്നുണ്ട്. കാറിന്റെ പിന്‍സീറ്റില്‍ നിന്നാണ് തീ പടര്‍ന്നതെന്ന നിഗമനത്തിന് ആക്കം കൂട്ടുന്നതാണ് മറ്റ് തെളിവുകളും. ഡ്രൈവിങ് സീറ്റിലായിരുന്ന രജിന്‍ലാലിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്താണ് കൂടുതല്‍ പൊള്ളലേറ്റത്. കൂടാതെ സോന വാങ്ങിയ പെട്രോള്‍ കാനിന്റെ മൂടി കാറിന്റെ ഉള്ളില്‍ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
മരണത്തിന് മുമ്പ് താന്‍ അനുഭവിച്ച മാനസിക വിഷമങ്ങള്‍ സോന സഹോദരിയോട് പറഞ്ഞിരുന്നതായി വിവരമുണ്ട്. എന്നാല്‍ സോന ഭര്‍ത്തൃവീട്ടില്‍ അതീവ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും മകനും മരുമകളും തമ്മില്‍ ഒരു പ്രശ്നവുമില്ലായിരുന്നുവെന്നുമാണ് ഭര്‍ത്തൃപിതാവ് കക്കറമുക്ക് പൂവത്തുംചാലില്‍ രാജന്‍ വ്യക്തമാക്കുന്നത്. സോനയെ സ്വന്തം മകളെപ്പോലെയാണ് വീട്ടുകാര്‍ നോക്കിയിരുന്നതെന്നും അവള്‍ക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങി നല്‍കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണിയായ ശേഷം പലതവണ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴൊന്നും സ്വന്തം വീട്ടുകാര്‍ വന്നു നോക്കിയിട്ടില്ലെന്നും മുന്‍പ് കേസ് നല്‍കിയ ശേഷമാണ് സോന രജിന്‍ലാലിനെ വിവാഹം കഴിച്ചതെന്നും അതിന് മുന്‍പും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും രാജന്‍ ആരോപിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മകന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതായും പോലീസ് യഥാര്‍ത്ഥ വസ്തുത ഉടന്‍ പുറത്തുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതേസമയം തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് സോനയുടെ അമ്മ വസന്ത. സംഭവദിവസം രാവിലെ സംസാരിക്കുമ്പോഴും മകള്‍ക്ക് യാതൊരു വിഷമവും ഉണ്ടായിരുന്നില്ലെന്നും ഗര്‍ഭിണിയായ സോന തന്റെ കുഞ്ഞിനെ അത്രയേറെ ശ്രദ്ധിക്കുന്നതിനാല്‍ സ്വയം ജീവനൊടുക്കില്ലെന്നും അമ്മ പറയുന്നു. സോന പെട്രോള്‍ വാങ്ങിയിട്ടുണ്ടാകാമെന്നത് സത്യമായിരിക്കാം, എന്നാല്‍ അത് രജിന്‍ലാല്‍ ഭീഷണിപ്പെടുത്തി വാങ്ങിപ്പിച്ചതാകാനാണ് സാധ്യതയെന്നും മകള്‍ക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു.ആശുപത്രിയില്‍ മരണത്തോട് മല്ലിടുന്ന രജിന്‍ലാലിന്റെ വിശദമായ മൊഴി പൂര്‍ണ്ണമായി രേഖപ്പെടുത്തുന്നതോടെ മാത്രമേ ഈ നിഗൂഢതകള്‍ക്ക് മേല്‍ ഔദ്യോഗികമായ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.
