തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായത് നാണംകെട്ട തോല്‍വി; തോറ്റമ്പിയതിന് പിന്നാലെ തിരുത്തല്‍വാദവുമായി പി കെ ശ്രീമതിയും ശൈലജ ടീച്ചറും; ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചതും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതും സ്വാഗതം ചെയ്ത് ശ്രീമതി

തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായത് നാണംകെട്ട തോല്‍വി; തോറ്റമ്പിയതിന് പിന്നാലെ തിരുത്തല്‍വാദവുമായി പി കെ ശ്രീമതിയും ശൈലജ ടീച്ചറും; ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചതും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതും സ്വാഗതം ചെയ്ത് ശ്രീമതി



തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം നേരിട്ടത് നാണംകെട്ട തോല്‍വിയെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതി.

ഒട്ടും പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായതെന്നും വലിയ തോതിലുള്ള പരാജയമാണ് പാര്‍ട്ടിക്ക് സംഭവിച്ചതെന്നും മുന്‍ മന്ത്രി കെ.കെ. ശൈലജയും പ്രതികരിച്ചു. തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി വിശദമായി പഠിക്കുമെന്നും പരിശോധിക്കുമെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കിയപ്പോള്‍, പാര്‍ട്ടിയില്‍ മാറ്റങ്ങളോ തിരുത്തലുകളോ ആവശ്യമാണെങ്കില്‍ അത് വരുത്താന്‍ പാര്‍ട്ടി തയ്യാറാകുമെന്ന് ശൈലജ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി ഒറ്റക്കെട്ടായാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അതുകൊണ്ടുതന്നെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരാളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും പി.കെ. ശ്രീമതി ഓര്‍മ്മിപ്പിച്ചു. പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നത് സ്വാഗതാര്‍ഹമാണ്. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചതും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതുമായ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായും അവര്‍ പറഞ്ഞു.

അതേസമയം, നിയമസഭയില്‍ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കാന്‍ പിണറായി വിജയന്‍ തന്നെയാണ് ഏറ്റവും അനുയോജ്യനെന്ന് കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. അദ്ദേഹം പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗമാണ്. തന്നെ പാര്‍ട്ടി ഒതുക്കി എന്ന രീതിയില്‍ വരുന്ന വാര്‍ത്തകളെല്ലാം പൂര്‍ണ്ണമായും വ്യാജപ്രചാരണങ്ങള്‍ മാത്രമാണെന്നും കെ.കെ. ശൈലജ പ്രതികരിച്ചു