
തൃശ്ശൂർ വാടാനപ്പള്ളിയിൽ കെസി വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് വെച്ച് സിസിടിവിയിൽ കുടുങ്ങിയ സിപിഎം നേതാവ് മുഹമ്മദ് അരവശേരി പുതിയ വിശദീകരണവുമായി രംഗത്ത്. കെസിയോടുള്ള ഇഷ്ടം കൊണ്ട് വെച്ചതാണെന്നും കോൺഗ്രസുകാരും നമ്മുടെ സഹോദരന്മാരല്ലേ? എന്നും മുഹമ്മദ് അരവശേരി ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.
തൊട്ടടുത്ത കടയിലെ സിസിടിവി കേടായിക്കിടക്കുകയാണെന്ന് കരുതിയാണ് ഫ്ളക്സ് വെയ്ക്കാൻ മുതിർന്നതെന്നായിരുന്നു നേരത്തെ മുഹമ്മദ് വാട്സ്ആപ്പ് ഗ്രൂപ്പിൽ വിശദീകരിച്ചത്. കെ സി വേണുഗോപാലിനോടുള്ള സ്നേഹം കൊണ്ടാണ് ഫ്ലക്സ് വെച്ചത്. കെ സി മുഖ്യമന്ത്രി ആകണമെന്നാണ് തന്റെ ആഗ്രഹം. കോൺഗ്രസിന്റെ മുഖ്യമന്ത്രിയല്ലേ ഭരണത്തിൽ വരൂ. മൂന്നുപേർ ലൈനിൽ നിൽക്കുകയല്ലേ, ഇതിൽ കെ സി ആവണമെന്നാണ് തന്റെ ആഗ്രഹം. കോൺഗ്രസുകാരെ നമ്മൾ വെറുക്കരുതല്ലോ. അവരും നമ്മുടെ സഹോദരന്മാരല്ലേ എന്നും കെസിയോടുള്ള താല്പര്യം കൊണ്ട് ചെയ്തു പോയതാണെന്നുമാണ് മുഹമ്മദ് അരവശേരിയുടെ വിശദീകരണം.
സിപിഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടിലങ്ങാടി ബ്ലോക്ക് മെന്പറുടെ ഭർത്താവുമാണ് മുഹമ്മദ് അരവശേരി. രാത്രിയുടെ മറവിൽ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് മുഹമ്മദ് ഫ്ലക്സ് വെച്ചത്. പിന്നീട് അത് ഫേസ്ബുക്കിലിട്ട് ആഘോഷിക്കുകയും ചെയ്തു. എന്നാൽ, തൊട്ടടുത്ത മൊബൈൽ കടയിൽ കേടായ സിസിടിവി നന്നാക്കിയതാണ് മുഹമ്മദിന് കെണിയായത്. യുഡിഎഫ് പ്രവർത്തകർ കടയിലെത്തി കൈയ്യോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വെളിപ്പെട്ടത്.
