അന്ന് 'വനവാസ'ത്തിന് പോകേണ്ടി വരുമെന്ന് പരിഹസിച്ചവര്‍ ഇന്ന് ആ ധൈര്യത്തിന് സല്യൂട്ട് അടിക്കുന്നു! വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത ചാണക്യന്റെ വരവ്; തോറ്റിരുന്നെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നു; ജനവികാരണം തുണയായപ്പോള്‍ കീഴ് വഴക്കങ്ങള്‍ തെറ്റിച്ച് ഹൈക്കമാന്‍ഡും; സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ കനല്‍വഴികള്‍ ചര്‍ച്ചയാകുന്നു!

അന്ന് 'വനവാസ'ത്തിന് പോകേണ്ടി വരുമെന്ന് പരിഹസിച്ചവര്‍ ഇന്ന് ആ ധൈര്യത്തിന് സല്യൂട്ട് അടിക്കുന്നു! വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത ചാണക്യന്റെ വരവ്; തോറ്റിരുന്നെങ്കില്‍ രാഷ്ട്രീയം വിടുമായിരുന്നു; ജനവികാരണം തുണയായപ്പോള്‍ കീഴ് വഴക്കങ്ങള്‍ തെറ്റിച്ച് ഹൈക്കമാന്‍ഡും; സതീശന്‍ മുഖ്യമന്ത്രിയാകുമ്പോള്‍ കനല്‍വഴികള്‍ ചര്‍ച്ചയാകുന്നു!


കൊച്ചി: രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയൊരു വീരഗാഥയ്ക്കാണ് ഇപ്പോള്‍ തിരശ്ശീല ഉയരുന്നത്. 'അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകും, നിങ്ങളെന്നെ പിന്നെ കാണില്ല' - കഴിഞ്ഞ വര്‍ഷം ജൂലൈ 28-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ ഈ വെല്ലുവിളി കേട്ട് ചിരിച്ചവര്‍ക്കും ട്രോളിയവര്‍ക്കും ഇന്ന് മുഖം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

102 സീറ്റുകളുടെ വമ്പന്‍ ഭൂരിപക്ഷവുമായി സതീശന്‍ കോട്ട പിടിച്ചപ്പോള്‍, അന്ന് ആ വാക്കുകളില്‍ ഉണ്ടായിരുന്നത് വെറും ആത്മവിശ്വാസമല്ല, നൂറിലധികം സീറ്റുകള്‍ നേടാനുള്ള കൃത്യമായ ഹോംവര്‍ക്ക് ആയിരുന്നുവെന്ന് ഇന്ന് രാഷ്ട്രീയ കേരളം തിരിച്ചറിയുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 28നായിരുന്നു രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആ പ്രഖ്യാപനം. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 98 സീറ്റ് നേടി അധികാരത്തിലെത്തിയാല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പദം രാജിവെക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍ പറഞ്ഞതിങ്ങനെ:

''അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിക്കാനായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകും. നിങ്ങള്‍ പിന്നെ എന്നെ കാണില്ല''. തന്റേടമുള്ള ആ വാക്കുകളില്‍ നിറച്ചുവെച്ച ആത്മവിശ്വാസത്തിന് അന്നേ നൂറിലധികം സീറ്റിന്റെ ശക്തിയുണ്ടായിരുന്നു.

അണികളില്‍ ആവേശം കൊളുത്താന്‍ വെറും വാക്ക് പറയുന്ന ആളല്ല സതീശന്‍ എന്നറിയാവുന്ന ടീം യു.ഡി.എഫ് ആ പ്രഖ്യാപനത്തിന്റെ ഊര്‍ജം ഉള്ളിലേറ്റിയാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. സതീശന്റെ ആ 'വാ വിട്ട' വാക്കിന് കേരളം കൈ കൊടുത്തപ്പോള്‍ 102 സീറ്റുമായി യു.ഡി.എഫ് ചരിത്രമെഴുതിയതാണ് പിന്നീട് കണ്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സതീശന് വനവാസത്തിന് പോകേണ്ടിവരുമെന്ന് എതിരാളികള്‍ പരസ്യമായും ചില കൂട്ടാളികളെങ്കിലും ഉള്ളാലെയും ഉറപ്പിച്ചു. അപ്പോഴും പറഞ്ഞതില്‍നിന്ന് ഒരിഞ്ചുപോലും അദ്ദേഹം പിറകോട്ട് പോയില്ല.

ട്രോളന്മാരുടെ 'വനവാസം' വഴിമാറുന്നു!

സതീശന്റെ ആ പ്രഖ്യാപനത്തെ പിന്നീട് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. വോട്ടെടുപ്പിന് ശേഷം അദ്ദേഹം വാഗമണ്ണിലും മൂന്നാറിലും ട്രക്കിംഗിന് പോയപ്പോള്‍ 'സതീശന്റെ വനവാസം തുടങ്ങി' എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ ഏറെയാണ്. ഇതിനിടയില്‍ വാഗമണ്ണിലെ 'വനവാസം' എന്ന റിസോര്‍ട്ടിന്റെ ഉദ്ഘാടകനായി അദ്ദേഹം എത്തിയതും വലിയ ചര്‍ച്ചയായിരുന്നു. അന്ന് സതീശന്‍ പോയത് വനവാസത്തിനല്ല, വരാനിരിക്കുന്ന പടയോട്ടത്തിനുള്ള ഊര്‍ജ്ജം സംഭരിക്കാനായിരുന്നു എന്ന് വോട്ടെണ്ണല്‍ ദിനം തെളിയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോലും സതീശന്റെ വാക്കിനെക്കുറിച്ച് ഭിന്നാഭിപ്രായമുണ്ടായിരുന്നു. വാക്ക് പാലിക്കുമെങ്കില്‍ സതീശന്‍ രാഷ്ട്രീയത്തില്‍ നിന്ന് പോകേണ്ടി വരുമെന്ന് കെ. സുധാകരന്‍ വരെ സംശയം പ്രകടിപ്പിച്ചു. എന്നാല്‍, ചരിത്രവിജയത്തോടെ സതീശന്‍ ആ സംശയങ്ങളെല്ലാം കടപുഴക്കി എറിഞ്ഞു.

മുഖ്യമന്ത്രി നിര്‍ണ്ണയത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ എത്തിയപ്പോള്‍ സതീശനെ വെട്ടാന്‍ ചിലര്‍ നടത്തിയ നീക്കങ്ങള്‍ ഘടകകക്ഷികളുടെ ഉറച്ച നിലപാടിന് മുന്നില്‍ തകര്‍ന്നു വീഴുകയായിരുന്നു. എംഎല്‍എമാരുടെ എണ്ണത്തില്‍ ചില കളികള്‍ നടന്നപ്പോഴും മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും ആര്‍എസ്പിയും പാറപോലെ സതീശന് പിന്നില്‍ ഉറച്ചുനിന്നു. ഭരണമില്ലാത്ത 10 വര്‍ഷം നിരാശയിലായിരുന്ന മുന്നണിക്ക് സതീശന്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. മുന്നണിയെ തകര്‍ക്കാന്‍ ഇടത് പാളയത്തില്‍ നിന്ന് വര്‍ഗ്ഗീയ ചാരങ്ങള്‍ എറിഞ്ഞപ്പോഴും, വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തിനെതിരെ വിദ്വേഷം വമിപ്പിച്ചപ്പോഴും നെഞ്ചുവിരിച്ചു നിന്ന് പ്രതിരോധിച്ചത് സതീശന്‍ എന്ന നേതാവായിരുന്നു.

ജനവികാരം സതീശന് അനുകൂലമാണെന്ന് ലീഗ് നേതാക്കള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരെ ബോധ്യപ്പെടുത്തി. സതീശന്‍ മുഖ്യമന്ത്രിയായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന കടുത്ത നിലപാട് വരെ ലീഗ് ക്യാമ്പില്‍ ചര്‍ച്ചയായി. വയനാട്ടില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച പ്രിയങ്ക ഗാന്ധിയെ പോലും ലീഗ് നേതൃത്വം തങ്ങളുടെ നിലപാട് അറിയിച്ചു. സിറ്റിംഗ് എംഎല്‍എ തന്നെ മുഖ്യമന്ത്രിയാകണമെന്ന പി.ജെ ജോസഫിന്റെ നിലപാടും സതീശന് കരുത്തായി. മുന്നണിയില്‍ 'വല്ല്യേട്ടന്‍' ചമയാതെ ചെറിയ കക്ഷികളെ പോലും ചേര്‍ത്തുപിടിച്ച് അദ്ദേഹം പയറ്റിയ 'ടീം യുഡിഎഫ്' എന്ന തന്ത്രമാണ് ഇന്ന് 100 കടന്ന ഭൂരിപക്ഷമായി മാറിയത്.

ഭരണമില്ലാത്ത 10 വര്‍ഷം സമാനതകളില്ലാത്ത നിരാശയുടെ പടുകുഴിയിലേക്ക് വീണ് വെല്ലുവിളികള്‍ നേരിട്ട ഘടക കക്ഷികള്‍ക്ക് മുന്നില്‍ സതീശന്‍ പ്രതീക്ഷയുടെയും നിലപാടിന്റെയും ആള്‍രൂപമായി മാറിയെന്നതാണ് വസ്തുത. ഘടകകക്ഷികള്‍ക്കും മുന്നണിക്കും അദ്ദേഹം പകര്‍ന്നത് വലിയ പ്രതീക്ഷകളാണ്. ഒടുവില്‍ ചരിത്രവിജയം മുന്നണിക്കൊപ്പം വന്നപ്പോള്‍ പടനയിച്ചവനെ പുറംതള്ളാന്‍ ഒരുക്കിയ തന്ത്രങ്ങള്‍ ഘടകകക്ഷികളുടെ നിലപാടില്‍ തകര്‍ന്നുവീഴുകയായിരുന്നു.

ഹൈകമാന്‍ഡ് നിരീക്ഷകര്‍ അഭിപ്രായം തേടിയപ്പോള്‍ ലീഗിനും കേരള കോണ്‍ഗ്രസിനും ആര്‍.എസ്.പിക്കും സതീശനൊപ്പം നില്‍ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ജനവിധിയും ജനവികാരവും സതീശന് അനുകൂലമാണെന്ന് ഹൈകമാന്‍ഡ് നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ജനവികാരം മാനിക്കാതെയുള്ള മുഖ്യമന്ത്രി തീരുമാനമുണ്ടായാല്‍ മന്ത്രിസഭയില്‍നിന്ന് ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ മാറിനില്‍ക്കണമെന്ന ചര്‍ച്ചയും ലീഗിലുണ്ടായി. ലീഗിന്റെ ശക്തികേന്ദ്രമായ വയനാട് ലോക്‌സഭ മണ്ഡലത്തില്‍നിന്ന് നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയെകൂടി പാര്‍ട്ടി നിലപാട് അറിയിച്ചു. ഇതെല്ലാം തുണയായതോടെയാണ് വി ഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറിയത്.