തിരൂര്‍: മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിക്കുകയും ആക്രമിച്ച് സ്വര്‍ണമാലയും പണവും ബൈക്കും കവരുകയും ചെയ്ത സംഭവത്തില്‍ മസാജ് സെന്റര്‍ നടത്തിപ്പുകാരനെയും രണ്ട് ജീവനക്കാരികളെയും പോലിസ് അറസ്റ്റ് ചെയ്തു. സെന്ററില്‍ മസാജ് ചെയ്യാനെത്തിയ തലക്കാട് തെക്കന്‍ കുറ്റൂര്‍ കരിമ്പന സ്വദേശിയായ മനോജ് ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ തിരൂര്‍ എറ്റിരിക്കടവില്‍ പ്രവര്‍ത്തിക്കുന്ന ഓറ വെല്‍നെസ് സെന്ററിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സൗദ് (36), ജീവനക്കാരികളായ കോട്ടയം സ്വദേശി ജയന്തി (39), ഓച്ചിറ സ്വദേശി വീണ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മസാജ് സെന്ററിലെ വനിതാ ജീവനക്കാരെ ഉപദ്രവിച്ചെന്ന പരാതിയില്‍ മനോജിനെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്. തിരൂര്‍ എറ്റിരിക്കടവിലെ ആയുര്‍വേദ മസാജ് സെന്ററില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് മസാജിങിനായി എത്തിയ മനോജിനെ മൂന്നു പേരും സംഘം ചേര്‍ന്ന് ആക്രമിച്ചത്. ആദ്യം ഹണിട്രാപ്പില്‍ കുരുക്കാന്‍ ശ്രമിച്ചെങ്കിലും പണം നല്‍കില്ലെന്ന് കണ്ടതോടെ ഒന്നര പവന്‍ സ്വര്‍ണമാലയും 28,500 രൂപയും രൂപയും ബൈക്കും കവരുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റതോടെ മനോജ് ആശുപത്രിയില്‍ ചികിത്സ തേടുകയും പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
മസാജിനായി എത്തിയ മനോജിനോട് 1,500 രൂപ അടച്ച ശേഷം വസ്ത്രം മാറിയെത്താന്‍ ആവശ്യപ്പെട്ടു. വസ്ത്രം മാറിയയുടന്‍ യുവാവിന്റെ ഫോട്ടോ പകര്‍ത്തി. ഇതുകാണിച്ച് രണ്ട് ലക്ഷം രൂപ നല്‍കണമെന്നും വെള്ളക്കടലാസില്‍ ഒപ്പിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതിനു തയാറാകുന്നില്ലെന്നു കണ്ടതോടെ, യുവാവിന്റെ പഴ്‌സിലുണ്ടായിരുന്ന 28,500 രൂപയും കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണമാലയും കയ്യിലുണ്ടായിരുന്ന പവര്‍ ബാങ്കും ബൈക്കും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. ആക്രമണത്തിനിടെ യുവാവിന്റെ കഴുത്തില്‍ പിടിച്ചു ഞെരിക്കുകയും കയ്യില്‍ മുറിവുണ്ടാക്കുകയും ചെയ്തു.
വിരലിലെ മോതിരം ഊരിയെടുക്കാനും ശ്രമിച്ചെങ്കിലും നടന്നില്ല. പരുക്കേറ്റതിനെ തുടര്‍ന്ന് യുവാവ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വര്‍ണമാലയും ബൈക്കും സൗദിന്റെ കൈവശം കണ്ടെത്തി. ഇയാള്‍ പത്തോളം കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
ഡിവൈഎസ്പി കെ.എം.സിദ്ദീഖിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ അനില്‍കുമാര്‍ ടി.മേപ്പള്ളി, എസ്‌ഐമാരായ വിശാഖ് കെ.വിശ്വന്‍, കെ.എസ്.ജയന്‍, കെ.ജയന്‍, എഎസ്‌ഐ പി.ഹൈമവതി, ഉദ്യോഗസ്ഥരായ കെ.അനില്‍കുമാര്‍, പി.മുജീബ്, കെ.ജിനീഷ്, പി.കെ.രതീഷ്‌കുമാര്‍, അരുണ്‍ ചോലയ്ക്കല്‍, എം.വി.ദൃശ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
