
മുംബൈ: മഹാരാഷ്ട്രയില്‍ കടുവയുടെ ആക്രമണത്തില്‍ നാലു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ചന്ദ്രപുര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബീഡി തെറുപ്പിനുള്ള തെണ്ടുല്‍ ഇലകള്‍ ശേഖരിക്കുകയായിരുന്ന നാല് സ്ത്രീകളെയാണ് കടുവ കടിച്ചു കീറി കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ഗുഞ്ചേവാഹി നിവാസികളായ കവാഡബായ് മൊഹുര്‍ലെ (45), അനിതബായ് മൊഹുര്‍ലെ (40), സുനിത മൊഹുര്‍ലെ (38), സംഗീത ചൗധരി (50) എന്നിവരാണ് മരിച്ചത്.ചന്ദ്രാപുര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിനടുത്താണ് സംഭവംനടന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തെണ്ടുല്‍ ഇലകള്‍ ശേഖരിക്കാന്‍ ഒരു കൂട്ടം സ്ത്രീകള്‍ കാട്ടിലേക്ക് പോകുകയായിരുന്നു. ഇലകള്‍ ശേഖരിക്കുന്ന സമയം ഒരു കടുവ അവരില്‍ നാലുപേരെ ആക്രമിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരുസംഘം സ്ഥലത്തെത്തിയെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ചന്ദ്രപൂര്‍ സര്‍ക്കിള്‍) ആര്‍.എം. രാമാനുജന്‍ പറഞ്ഞു.
