ചെന്നൈ: തമിഴ് സിനിമാ ലോകത്തെ അനിഷേധ്യനായ നായകനിൽ നിന്ന് തമിഴ്‌നാടിന്റെ ഭരണസാരഥ്യത്തിലേക്ക് വിജയ് ചുവടുവെച്ചപ്പോൾ, അദ്ദേഹത്തിന്റെ വിജയയാത്രയിൽ നിഴലുപോലെ കൂടെയുണ്ടായിരുന്ന ഒരു മലയാളി സാന്നിധ്യം ഇന്ന് തമിഴ് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. വിജയ്‍യുടെ വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥനായ നയീം മൂസ എന്ന മാഹി സ്വദേശിയാണ് ആ താരം. തമിഴക വെട്രി കഴകത്തിന്റെ രൂപീകരണം മുതൽ തിരഞ്ഞെടുപ്പ് പര്യടനങ്ങളിലും പ്രചരണ റാലികളിലും വിജയ്‌ക്കൊപ്പം ഈ കരുത്തനായ ബോഡിഗാർഡിനെ കാണാമായിരുന്നു.
അതിവേഗത്തിൽ പിടിച്ചെടുത്ത് മാറ്റിവെച്ചും, ആൾക്കൂട്ടത്തിനിടയിലൂടെ താരത്തിന് സുരക്ഷിതമായ പാതയൊരുക്കിയും നയീം വാർത്തകളിൽ നിറഞ്ഞു. കന്യാകുമാരിയിലെ പ്രചരണത്തിനിടെ വിജയ് സൈക്കിളിൽ സഞ്ചരിച്ചപ്പോൾ, അദ്ദേഹത്തിന് ചുറ്റും സുരക്ഷാ കവചമൊരുക്കി മുൻനിരയിൽ തന്നെ നയീം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പര്യടനങ്ങളിൽ മാത്രമല്ല, ചലച്ചിത്ര സെറ്റുകളിലും പൊതുപരിപാടികളിലും കീർത്തി സുരേഷിന്റെ വിവാഹം പോലുള്ള സ്വകാര്യ ചടങ്ങുകളിലും വിജയ്‌ക്കൊപ്പം നയീം മൂസ ഒരു കാവൽക്കാരനായി നിലയുറപ്പിക്കാറുണ്ട്.
മാഹിയിൽ നിന്ന് ലോകപ്രശസ്തമായ സുരക്ഷാ ഏജൻസിയുടെ തലപ്പത്തേക്കുള്ള നയീമിന്റെ വളർച്ച ഏറെ ശ്രദ്ധേയമാണ്. വർഷങ്ങൾക്കുമുമ്പ് ജോലിയുടെ ഭാഗമായി ദുബായിലേക്ക് കുടിയേറിയ നയീം, അവിടെ വെച്ചാണ് ബോഡി ബിൽഡിംഗിൽ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ശാരീരികക്ഷമതയിലുള്ള ഈ കമ്പമാണ് പിന്നീട് പ്രൊഫഷണൽ സെക്യൂരിറ്റി വിംഗ് എന്ന വലിയ ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്.
ദുബായ് ആസ്ഥാനമായി 'ജെൻഡർ സെക്യൂരിറ്റി' എന്ന പേരിൽ ഒരു സുരക്ഷാ ഏജൻസി അദ്ദേഹം സ്ഥാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ എത്തുന്ന അന്താരാഷ്ട്ര സെലിബ്രിറ്റികൾക്ക് സുരക്ഷയൊരുക്കുന്നതിൽ ഇന്ന് നയീമിന്റെ ഏജൻസി മുൻപന്തിയിലുണ്ട്. ഹോളിവുഡ് താരം ടോം ക്രൂസ്, സംഗീത ഇതിഹാസം ജസ്റ്റിൻ ബീബർ, ഫോർമുല വൺ മുൻ ചാമ്പ്യൻ മൈക്കേൽ ഷൂമാക്കർ എന്നിവർക്ക് പുറമെ ഷാരൂഖ് ഖാൻ, ശിവകാർത്തികേയൻ തുടങ്ങിയ ഇന്ത്യൻ സിനിമാ താരങ്ങൾക്കും നയീമും സംഘവുമാണ് പലപ്പോഴും സുരക്ഷാ മേൽനോട്ടം വഹിക്കാറുള്ളത്.
ദുബായിലെ വിജയത്തിന് ശേഷം ഇന്ത്യയിലേക്കും തന്റെ ഏജൻസിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച നയീം, തളപതി വിജയിയുമായി വളരെയടുത്ത വ്യക്തിപരമായ ബന്ധമാണ് പുലർത്തുന്നത്. ദുബായിലാണ് താമസമെങ്കിലും വിജയിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വരുമ്പോഴെല്ലാം നയീം ചെന്നൈയിൽ എത്തും. ഒരു ബോഡിഗാർഡ് എന്നതിലുപരി വിജയിയുടെ വിശ്വസ്തനായ ഒരു സുഹൃത്ത് എന്ന നിലയിലാണ് ഇന്ന് ആരാധകർ നയീമിനെ കാണുന്നത്.
ടിവികെയുടെ രാഷ്ട്രീയ റാലികളിൽ വിജയിയുടെ വാഹനത്തിന് മുകളിൽ താരത്തിനൊപ്പം നിൽക്കുന്ന നയീമിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അച്ചടക്കത്തോടെയും കണിശതയോടെയുമുള്ള അദ്ദേഹത്തിന്റെ പ്രവർത്തനശൈലി സിനിമാ-രാഷ്ട്രീയ മേഖലകളിൽ വലിയ പ്രശംസയാണ് നേടിക്കൊടുക്കുന്നത്. തമിഴ് മക്കളുടെ മുഖ്യമന്ത്രിയായി വിജയ് മാറുമ്പോൾ, മാഹിക്കാരനായ നയീം മൂസ ആ വലിയ ചരിത്രത്തിന്റെ സുരക്ഷാ കാവലാളായി എന്നും കൂടെയുണ്ടാകും.




