വീണ്ടും ഇരുട്ടടി! രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് മൂന്നുരൂപ

വീണ്ടും ഇരുട്ടടി! രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് മൂന്നുരൂപ



രാജ്യത്തെ സാധാരണക്കാര്‍ക്ക് ഇരുട്ടടിയേകി ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നുരൂപ വീതമാണ് കൂട്ടിയത്. പുതിയ നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.


ഇതോടെ രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോളിനു ലിറ്ററിന്റെ വില 97.77 രൂപയായി. 90.67 രൂപയാണ് ഡീസല്‍ വില. കൊല്‍ക്കത്തയിലും ചെന്നൈയിലും മുംബൈയിലും പെട്രോള്‍ വില 100 രൂപ കടന്നു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഫലപ്രദമായി നേരിടുന്നതില്‍ പരാജയപ്പെട്ടതോടെ രാജ്യം കടുത്ത നിയന്ത്രണത്തിലേക്കെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെലവ് ചുരുക്കല്‍ നാടകത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന ദില്ലിയില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്.


സര്‍ക്കാര്‍ ജീവനക്കാരും ആഴ്ചയില്‍ രണ്ട് ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നാണ് നിര്‍ദേശം. ഔദ്യോഗിക മീറ്റിംഗുകളുടെ 50 ശതമാനവും ഓണ്‍ലൈനായി നടത്തും. ഗതാഗതക്കുരുക്കും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനായി ദില്ലി സര്‍ക്കാരും എം.സി.ഡിയും ഓഫീസ് സമയങ്ങളിലും മാറ്റം വരുത്തും. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പ്രതിമാസ പെട്രോള്‍ പരിധി 20 ശതമാനമായി കുറച്ചു. അടുത്ത ആറ് മാസത്തേക്ക് പുതിയ സര്‍ക്കാര്‍ വാഹനങ്ങള്‍ വാങ്ങില്ല എന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി