ആലപ്പുഴയില്‍ വയോധികനെ ഉടുമുണ്ടുരിഞ്ഞ് തെങ്ങില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു; മൂക്കിന്റെ അസ്ഥി തകര്‍ത്തു; അയല്‍വാസിയും കുടുംബവും നടത്തിയത് കൊടുംക്രൂരത

ആലപ്പുഴയില്‍ വയോധികനെ ഉടുമുണ്ടുരിഞ്ഞ് തെങ്ങില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു; മൂക്കിന്റെ അസ്ഥി തകര്‍ത്തു; അയല്‍വാസിയും കുടുംബവും നടത്തിയത് കൊടുംക്രൂരത



ആലപ്പുഴ: ആലപ്പുഴ പാണാവള്ളിയില്‍ വയോധികനെ വീടിന് പുറത്തിറക്കി വലിച്ചിഴച്ച് കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് (64) അയല്‍വാസിയായ സത്താറിന്റെയും കുടുംബത്തിന്റെയും മര്‍ദ്ദനത്തിന് ഇരയായത്. ആക്രമണം തടയാനെത്തിയ വിജയന്റെ കുടുംബാംഗങ്ങളെയും ഈ ഗുണ്ടാ സംഘം വെറുതെ വിട്ടില്ല.

വിജയനും സത്താറും തമ്മില്‍ നേരത്തെയും തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വിജയനെ മുന്‍പ് മര്‍ദ്ദിച്ചതിന് സത്താറിനെതിരെ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഈ കേസ് പിന്‍വലിക്കാത്തതിലുള്ള വൈരാഗ്യമാണ് ഇപ്പോള്‍ അതിക്രൂരമായ ആക്രമണത്തില്‍ കലാശിച്ചത്. വിജയനെ വീട്ടില്‍ നിന്നും ബലമായി വലിച്ചിഴച്ച് സത്താറിന്റെ വീട്ടുമുറ്റത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഉടുമുണ്ടുരിഞ്ഞ് തെങ്ങില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം.

കൂട്ടം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ വിജയന്റെ മൂക്കിന്റെ അസ്ഥി തകര്‍ന്നു. മുഖത്തും ശരീരമാസകലവും മാരകമായ പരിക്കുകളുണ്ട്. പ്രതിരോധിക്കാന്‍ പോലുമാകാത്ത വയോധികനെ ഒരു കുടുംബം മുഴുവന്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ഭീകരത പുറംലോകം അറിഞ്ഞത്. നാട്ടുകാരെ പോലും ഭയപ്പെടുത്തി നിര്‍ത്തിയായിരുന്നു സത്താറിന്റെയും മക്കളുടെയും ഈ വിളയാട്ടം.

സംഭവം വിവാദമായതോടെ പൂച്ചാക്കല്‍ പോലീസ് സത്താറിനും മക്കള്‍ക്കും ഉള്‍പ്പെടെ അഞ്ച് കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്തു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സത്താറിനും കുടുംബത്തിനുമെതിരെ കര്‍ശന നടപടി വേണമെന്ന പ്രതിഷേധം ശക്തമാണ്.