‘UAPA കേസുകളിലും ജാമ്യം നിയമവും ജയിൽ അപവാദവുമാണ്’: ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീം കോടതി

‘UAPA കേസുകളിലും ജാമ്യം നിയമവും ജയിൽ അപവാദവുമാണ്’: ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീം കോടതി 

ന്യൂഡൽഹി: യു.എ.പി.എ (UAPA) ചുമത്തപ്പെട്ട കേസുകളിലും ‘ജാമ്യം നിയമവും ജയിൽ അപവാദവുമാണ്’ എന്ന അടിസ്ഥാന തത്വം ബാധകമാണെന്ന് സുപ്രീം കോടതി. 2020-ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച മുൻ ഉത്തരവിനെതിരെ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.(Supreme Court UAPA bail ruling, Supreme Court Rules Bail Is The Rule In UAPA Cases Questions Umar Khalid Bail Denial)

ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ വ്യക്തിസ്വാതന്ത്ര്യ സംരക്ഷണത്തിൽ നിർണ്ണായകമായ ഈ വിധി പ്രസ്താവിച്ചത്. യു.എ.പി.എ നിയമത്തിലെ സെക്ഷൻ 43D(5) ജാമ്യം നൽകുന്നതിന് കർശനമായ നിബന്ധനകൾ വെക്കുന്നുണ്ടെങ്കിലും, അവയ്ക്കൊന്നും ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ മറികടക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ നീണ്ടുപോകുന്ന സാഹചര്യങ്ങളിൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്ന് മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയ നിയമപരമായ അച്ചടക്കം, കഴിഞ്ഞ ജനുവരിയിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ച രണ്ടംഗ ബെഞ്ച് ലംഘിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ചെറിയ ബെഞ്ചിന് വലിയ ബെഞ്ചിന്റെ വിധിന്യായം ലഘൂകരിക്കാനോ അവഗണിക്കാനോ കഴിയില്ലെന്ന് ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി.

ഭീകരവാദത്തിന് ഫണ്ടിംഗ് നടത്തി എന്നാരോപിച്ച് ആറ് വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന സയ്യിദ് ഇഫ്തിഖർ അന്ദ്രാബിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ നിരീക്ഷണം. കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപുള്ള നീണ്ട തടവ് ശിക്ഷയായി മാറരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. പ്രാഥമികമായി കേസ് നിലനിൽക്കുമെന്ന് കാണിച്ച് വർഷങ്ങളോളം ഒരാളെ വിചാരണ കൂടാതെ ജയിലിലിടുന്നത് അംഗീകരിക്കാനാകില്ല. 2020 സെപ്റ്റംബർ മുതൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ തള്ളിയ മുൻ വിധിയിലെ സമീപനം അംഗീകരിക്കാൻ പ്രയാസമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു