തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഭരണസാരഥികളായി മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേശീയ-സംസ്ഥാന നേതാക്കളുടെയും പതിനായിരക്കണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ചരിത്രപരമായ ഈ ചടങ്ങുകൾ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.(VD Satheesan Cabinet Oath Ceremony Live Updates Chennithala Kunhalikutty Sunny Joseph Sworn In)
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഭരണസാരഥ്യം ഏറ്റെടുത്തു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തുന്നത്. മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ, രണ്ടാമനായി പി.കെ. കുഞ്ഞാലിക്കുട്ടിയും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലീഗിന്റെയും യു.ഡി.എഫിന്റെയും മുന്നണി സമവാക്യങ്ങളിൽ നിർണ്ണായക ശക്തിയായ കുഞ്ഞാലിക്കുട്ടി വീണ്ടും മന്ത്രിസഭയുടെ മുൻനിരയിലേക്ക് എത്തുമ്പോൾ അണികളും വലിയ ആവേശത്തിലാണ്.
മന്ത്രിസഭയിലെ മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല മൂന്നാം തവണയും സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പുതിയ സർക്കാരിൽ സുപ്രധാനമായ ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ ചെന്നിത്തലയ്ക്കായിരിക്കും. കോൺഗ്രസ് നിരയിലെ മറ്റൊരു കരുത്തനായ നേതാവ് കെ. മുരളീധരനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുരളീധരന്റെ രാഷ്ട്രീയ ജീവിതത്തിലെ രണ്ടാമത്തെ മന്ത്രിപദവി ദൗത്യമാണിത്.
കോൺഗ്രസ് ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് പദവിയിലിരിക്കെ ഒരാൾ മന്ത്രിസഭയുടെ ഭാഗമാകുന്നത് ഇതാദ്യമായാണ്. സണ്ണി ജോസഫിന്റെ ആദ്യ മന്ത്രി പദവി കൂടിയാണിത്. സി.എം.പി (CMP) നേതാവ് സി.പി. ജോണിനും ഇത് കന്നി ദൗത്യമാണ്. ആർ.എസ്.പി നേതാവ് ഷിബു ബേബി ജോണും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫും സതീശൻ മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് ഭരണരംഗത്ത് മികച്ച പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഇരുവരുടെയും സാന്നിധ്യം മന്ത്രിസഭയ്ക്ക് കൂടുതൽ ഊർജ്ജം പകരും. കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബും പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
