
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നീറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടർന്ന് 23 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 1999-ലെ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ മകളായ റിയ കുമാരി ഥാപ്പയാണ് മരിച്ചത്. മരണത്തിന് മുൻപ് മാതാപിതാക്കൾക്കായി റിയ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് റിയയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രാത്രി വൈകിയിരുന്ന് പഠിക്കുന്ന ശീലമുള്ളതിനാൽ റിയ രാവിലെ വൈകിയാണ് എഴുന്നേൽക്കാറുള്ളതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഉച്ചഭക്ഷണത്തിനായി വിളിക്കാൻ അമ്മ മുറിയിലെത്തിയപ്പോൾ വാതിൽ ഉള്ളിൽനിന്ന് പൂട്ടിയ നിലയിലായിരുന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് അമ്മ റിയയുടെ അച്ഛനെ വിവരമറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് വാതിൽ തുറന്ന് അകത്തു കടന്നപ്പോഴാണ് റിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹിന്ദിയിൽ എഴുതിയ ആത്മഹത്യാക്കുറിപ്പാണ് റിയയുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തത്. "അമ്മേ, അച്ഛാ.. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. എന്റെ ഈ തീരുമാനത്തിന് ആരും കുറ്റക്കാരല്ല," എന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിനായി യുവതി വളരെക്കാലമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ മുൻപത്തെ ശ്രമങ്ങളിൽ വിജയം നേടാൻ കഴിയാത്തത് കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലും നിരാശയിലുമാഴ്ത്തിയിരുന്നു.
പന്ത്രണ്ടാം ക്ലാസിൽ 97 ശതമാനം മാർക്കോടെ സ്കൂൾ ടോപ്പറായിരുന്ന റിയയ്ക്ക്, എന്നാൽ ആദ്യ ശ്രമത്തിൽ നീറ്റ് പരീക്ഷ വിജയിക്കാൻ സാധിച്ചിരുന്നില്ല. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു റിയ. ഇതിനിടയിലുണ്ടായ കടുത്ത പഠന സമ്മർദ്ദവും പരാജയഭീതിയുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
