ടർഫിലെ ഫുട്ബോൾ ടൂർണമെന്റ് പിന്നാലെ ക്ഷേത്രക്കുളത്തിലെ കുളി, വെള്ളത്തിലേക്ക് താണുപോയി 15കാരൻ, ദാരുണാന്ത്യം


ടർഫിലെ ഫുട്ബോൾ ടൂർണമെന്റ് പിന്നാലെ ക്ഷേത്രക്കുളത്തിലെ കുളി, വെള്ളത്തിലേക്ക് താണുപോയി 15കാരൻ, ദാരുണാന്ത്യം


കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഏലൂർ നോർത്ത് പാട്ടുപുരയ്ക്കൽ സമീപം തടത്തിപ്പറമ്പിൽ ആദർശ് (15) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കുളത്തിൽ അപകടമുണ്ടായത്. പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആദർശ്, ട്യൂഷൻ പഠിക്കുന്ന സ്ഥാപനം പെരുവാരം ടർഫിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം മടങ്ങുന്നതിനിടെയാണ് കുളിക്കാനിറങ്ങിയത്. കൂടെയുണ്ടായിരുന്നവരിൽ ചിലർ കുളത്തിൽ നീന്തിക്കയറിയെങ്കിലും ഇതിനിടെ വെള്ളത്തിൽ താണുപോയ ആദർശിനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.</p><p>കുട്ടികൾ കരയുന്നത് കേട്ട് നാട്ടുകാരും വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാസേന സ്കൂബാ സെറ്റ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറവൂർ താലൂക്ക് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും നഗരസഭ ചെയർപേഴ്സൺ രമേഷ് ഡി കുറുപ്പും ആശുപത്രിയിലെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച സംസ്കാരം നടക്കും. സഹോദരി: അതുല്യ