15-ാം വയസ്സിൽ ബ്രെസ്റ്റിൽ കണ്ട മുഴ, ഓപ്പറേഷൻ പേടിയിൽ വീട്ടുകാരോട് പറയാതെ ഒളിച്ചുവെച്ചു'; കാൻസർ ഇപ്പോള്‍ മൂന്നാം ഘട്ടത്തില്‍; വളരെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന കാര്യമാണ് ഇപ്പോൾ എല്ലാവരുമായി പങ്കുവെക്കുന്നത്; മുന്നോട്ട് ജീവിക്കണം എന്ന ഒറ്റ ചിന്ത മാത്രമാണ് എന്നെ നയിക്കുന്നത്; രോഗവിവരം വാസ്തവമാണെന്ന് രേണു സുധി

കൊച്ചി: തനിക്ക് കാൻസർ ആണെന്ന് ബിഗ് ബോസ് മുൻ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ രേണു സുധി. രോഗം മൂന്നാം ഘട്ടത്തിന്റെ അവസാനത്തിലാണെന്നും ഉടൻ തന്നെ കീമോതെറാപ്പി ആരംഭിക്കുമെന്നും രേണു സുധി തന്നെയാണ് ആദ്യമായി തുറന്നുപറഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രേണുവിന് ഗുരുതരമായ രോഗമാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടന്നിരുന്നു. തുടക്കത്തിൽ ഇത് നിഷേധിച്ചിരുന്നെങ്കിലും, രോഗവിവരം വാസ്തവമാണെന്ന് കാണിച്ച് കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം മനസ്സ് തുറന്നത്.
തനിക്ക് രോഗം ബാധിച്ചതിനെക്കുറിച്ചും അത് മറച്ചുവെച്ചതിനെക്കുറിച്ചും രേണു സുധി പറയുന്നത് ഇങ്ങനെ: "എനിക്ക് കാൻസർ ആണ്. ഇത്രയും ദിവസം എന്നെ സ്നേഹിക്കുന്നവരിൽ നിന്ന് ഞാനിത് മറച്ചുവെച്ചു. പലരും കരുതുന്നത് ദുബായിൽ വെച്ചാണ് ഇത് സ്ഥിരീകരിച്ചത് എന്നാണ്, എന്നാൽ അങ്ങനെയല്ല. എനിക്ക് 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെടുന്നത്. വേദനയില്ലാതിരുന്നതിനാൽ അന്ന് ഞാനത് കാര്യമാക്കിയില്ല, വീട്ടുകാരോടും പറഞ്ഞില്ല. പിന്നീട് ഡിപ്ലോമയ്ക്ക് പഠിക്കുമ്പോഴാണ് വീട്ടുകാർ ഇതറിയുന്നത്. അവർ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ബയോപ്സി ചെയ്തു. അന്ന് ഡോക്ടർ പറഞ്ഞത്, ഇപ്പോൾ പ്രശ്നമില്ലെങ്കിലും ഭാവിയിൽ ഇത് കാൻസർ ആകാൻ സാധ്യതയുണ്ടെന്നാണ്. എന്നാൽ ആ സമയത്ത് എനിക്ക് അപ്പൻഡിസൈറ്റിസ് ഓപ്പറേഷൻ കഴിഞ്ഞു നിൽക്കുകയായിരുന്നു. ആ വേദനയുടെ പേടി കാരണം പിന്നീട് ഞാൻ ശസ്ത്രക്രിയയ്ക്ക് മുതിർന്നില്ല, വീട്ടുകാരോട് ഒന്നും പറഞ്ഞതുമില്ല."
തന്റെ കുറച്ച് സുഹൃത്തുക്കൾക്കും മാനേജർക്കും വീട്ടുകാർക്കും കസിൻസിനും മാത്രം അറിയാവുന്ന കാര്യമാണ് ഇപ്പോൾ എല്ലാവരുമായി പങ്കുവെക്കുന്നതെന്ന് രേണു പറഞ്ഞു. മുന്നോട്ട് ജീവിക്കണം എന്ന ഒറ്റ ചിന്ത മാത്രമാണ് ഇപ്പോൾ തനിയെ നയിക്കുന്നത്. ശരീരത്തിൽ വേദനയില്ലാത്ത മുഴകൾ കണ്ടാൽ പെൺകുട്ടികൾ അത് ഒട്ടും നിസ്സാരമായി കാണരുതെന്നും, വേദനയില്ലല്ലോ എന്ന് കരുതി വെച്ചുകൊണ്ടിരിക്കാതെ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധിക്കണമെന്നും രേണു സുധി ഓർമ്മിപ്പിച്ചു.
പരിഹാസങ്ങൾ അവസാനിപ്പിക്കണം: ഫിറോസ് പറഞ്ഞത്
രേണു സുധി ഗുരുതരമായ രോഗാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന വെളിപ്പെടുത്തലുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് രംഗത്തെത്തിയിരുന്നു. സുധിയുടെ പേരില്‍ വീട് വച്ചുനല്‍കാന്‍ നേതൃത്വം നല്‍കിയത് ഫിറോസ് ആയിരുന്നു. രേണുവിന് എതിരെ സോഷ്യൽ മീഡിയയിൽ നിറയുന്ന പരിഹാസങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്നും രോഗം കൂടുതൽ സാരമായി അവരെ ബാധിച്ചിരിക്കുകയാണെന്നും, അന്തരിച്ച നടൻ സുധിയുടെ കുടുംബത്തിന് വീട് വെച്ചുനൽകാൻ നേതൃത്വം വഹിച്ച ഫിറോസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഫിറോസിന്റെ കുറിപ്പിന് താഴെ എന്ത് അസുഖമാണെന്ന ആരാധകരുടെ ചോദ്യത്തിന് 'കാൻസർ' ആണെന്ന് അദ്ദേഹം മറുപടിയും നൽകി.
രേണു ഇന്ന് ഒരു വലിയ പോരാട്ടത്തിന്റെ നടുവിലാണെന്നും അത്ര ചെറുതല്ലാത്ത രോഗത്തോടാണ് അവർ ധൈര്യത്തോടെ പൊരുതുന്നതെന്നും ഫിറോസ് പറയുന്നു. അസുഖം മുൻകൂട്ടി അറിഞ്ഞിട്ടും അതിന്റെ വേദനയും ഭയവും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാൻ മനസ്സിൽ ഒതുക്കി ചികിത്സയുമായി മുന്നോട്ട് പോയ ആളാണ് അവർ. എന്നാൽ പുതിയ മെഡിക്കൽ റിപ്പോർട്ട് പ്രകാരം രോഗം കൂടുതൽ സാരമായി ബാധിച്ചിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ കോട്ടയം മെഡിക്കൽ കോളജിൽ തുടർ ചികിത്സ ആരംഭിക്കുമെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തിൽ രേണുവിനെതിരെയുള്ള നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളും ദയവായി ഒഴിവാക്കണമെന്ന് ഫിറോസ് അഭ്യർത്ഥിച്ചു. ജീവിതം എത്ര ദിവസം ബാക്കിയുണ്ടെന്ന് ആർക്കും അറിയില്ലെന്നും, അതുകൊണ്ട് അവർക്ക് സന്തോഷം നൽകുന്ന റീലുകളും വീഡിയോകളും ചെയ്ത് ആ കുഞ്ഞു സന്തോഷങ്ങൾ അവർ ആഘോഷിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു. രേണുവിന്റെ ചില മുൻകാല പ്രതികരണങ്ങൾ മൂലം ജീവിതത്തിൽ താനടക്കം പലരും ഇതിനോടകം തന്നെ ഒരുപാട് വേദനകളും നഷ്ടങ്ങളും നേരിട്ടിട്ടുണ്ടെന്നും എന്നാൽ അതൊന്നും മനസ്സിൽ വെച്ച് പ്രതികാരം ചെയ്യാനോ, അസുഖവിവരം അറിഞ്ഞ് സന്തോഷിക്കാനോ തന്റെ മനസ്സ് അനുവദിക്കുന്നില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
അവർക്ക് സഹതാപം ആവശ്യമില്ലെന്ന് അറിയാമെന്നും എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് അവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇഷ്ടമില്ലെങ്കിൽ അവരുടെ വീഡിയോകൾ അവഗണിക്കാം, പക്ഷേ ദയവായി വേദനിപ്പിക്കരുത്. ചിലപ്പോൾ ഒരു നല്ല വാക്കും പ്രാർത്ഥനയും മരുന്നുകളേക്കാൾ വലിയ ആശ്വാസമാകാറുണ്ട്. രേണുവിന് ഈ പോരാട്ടത്തിൽ വിജയിക്കാൻ ശക്തിയും ധൈര്യവും ലഭിക്കട്ടെയെന്നും ഫിറോസ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
കുറച്ചു നാളുകൾക്ക് മുമ്പ് രേണുവിന് സ്തനാർബുദമാണെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും താരം ഇതേക്കുറിച്ച് ഇതുവരെ തുറന്നുപറഞ്ഞിരുന്നില്ല. ദുബായിൽ പ്രൊമോഷനായി പോയപ്പോൾ അവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയതെന്നാണ് സൂചനകൾ. തുടർന്ന് നാട്ടിലെത്തി ചികിത്സ ആരംഭിച്ചതിന്റെ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം സഹോദരിക്കും മറ്റ് ബന്ധുക്കൾക്കും ഒപ്പം ആശുപത്രിയിൽ പോയതിന്റെ വീഡിയോ രേണു പങ്കുവെച്ചിരുന്നു. ‘‘പാവം ചേച്ചി, ചേട്ടാപ്പി... ഹോസ്പിറ്റലില്‍ എനിക്ക് വേണ്ടി ക്യൂ നില്‍ക്കുന്നു, ഡോക്ടറെ കാണാന്‍’’ എന്നായിരുന്നു രേണു ഈ വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. ഇതിന് താഴെ 'ദൈവം സുഖപ്പെടുത്തട്ടെ' എന്ന് കമന്റ് ചെയ്ത ആൾക്ക്, ‘‘എന്റെ കുഞ്ഞിനെ ഓര്‍ത്ത് ദൈവം സുഖമാക്കട്ടെ’’ എന്നാണ് രേണു മറുപടി നൽകിയത്.
ആരാണ് രേണു സുധി:
മലയാളികൾക്ക് ഏറെ പരിചിതയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് മുൻ താരവുമാണ് രേണു സുധി. അന്തരിച്ച പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യ എന്ന നിലയിലാണ് രേണു ആദ്യമായി പൊതുജനശ്രദ്ധ നേടുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഒരു കലാകാരിയാണ്. ഏഷ്യാനെറ്റിലെ പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 7-ൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് അവർ കൂടുതൽ ജനശ്രദ്ധ നേടിയത്. അഭിനയത്തിലും മോഡലിംഗിലും സജീവമായ രേണു നിരവധി ആൽബങ്ങളിലും ഹ്രസ്വചിത്രങ്ങളിലും സിനിമകളിലും വേഷമിട്ടിട്ടുണ്ട്. മികച്ച പ്രകടനങ്ങൾക്ക് പുരസ്കാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്,
പ്രത്യേകിച്ച് 'കരിമിഴി കണ്ണാൽ' എന്ന മ്യൂസിക് ആൽബത്തിലെ അഭിനയത്തിന് ഗുരുപ്രിയ ഷോർട്ട് ഫിലിം ഫെസ്റ്റ് 2025-ൽ മികച്ച സ്റ്റാർ കപ്പിൾ അവാർഡ് ലഭിക്കുകയുണ്ടായി. അഭിനയത്തിന് പുറമെ 'അവൻ അഭയകുമാർ' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗായികയായും രേണു അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. തൻ്റെ റീലുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും ആരാധകരുമായി നിരന്തരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. എന്നാൽ പ്രശസ്തിയോടൊപ്പം തന്നെ നിരവധി വിവാദങ്ങളും സൈബർ ആക്രമണങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഭർത്താവും പ്രശസ്ത നടനുമായിരുന്ന കൊല്ലം സുധിയുടെ മരണശേഷം അഭിനയ-മോഡലിംഗ് രംഗങ്ങളിൽ കരിയർ തുടർന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്ഷേപങ്ങൾക്കും ക്രൂരമായ ട്രോളുകൾക്കും രേണു ഇരയായിട്ടുണ്ട്.
