17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി 


കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th World Cup goal). ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന എക്കാലത്തെയും വലിയ റെക്കോർഡ് ഇനി മെസ്സിക്ക് സ്വന്തം. ഗ്രൂപ്പ് ഘട്ടത്തിലെ നിർണ്ണായക മത്സരത്തിൽ ഓസ്ട്രിയക്കെതിരെ തകർപ്പൻ ഗോൾ നേടിയതോടെയാണ് മെസ്സി ഈ അസാധ്യ നേട്ടം കുറിച്ചത്. ഈ ഗോളോടെ ലോകകപ്പ് വേദികളിൽ മെസ്സിയുടെ ആകെ ഗോൾസമ്പാദ്യം 17 ആയി ഉയർന്നു.

ലോകകപ്പിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ വർഷങ്ങളായി തലപ്പത്തുണ്ടായിരുന്ന മുൻ ജർമൻ സ്‌ട്രൈക്കർ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡാണ് മെസ്സി കാൻസാസ് സിറ്റിയിൽ പഴങ്കഥയാക്കിയത്. കഴിഞ്ഞ മത്സരത്തിൽ അൾജീരിയക്കെതിരെ മിന്നുന്ന ഫോമിൽ കളിച്ച മെസ്സി തകർപ്പൻ ഹാട്രിക് കുറിച്ചതോടെയാണ് ക്ലോസെയ്ക്കൊപ്പമെത്തിയത്. ലോകകപ്പ് കരിയറിലെ താരത്തിന്റെ ആദ്യ ഹാട്രിക് കൂടിയായിരുന്നു അത്. തൊട്ടുപിന്നാലെ ഇപ്പോൾ ഓസ്ട്രിയക്കെതിരെയും വലകുലുക്കിയതോടെ താരം ചരിത്രത്തിൽ തനിച്ചായി. 15 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ ആണ് നിലവിൽ ഈ പട്ടികയിൽ മൂന്നാമതുള്ളത്.

ഗോൾവേട്ടയിൽ മാത്രമല്ല, മറ്റ് പല ലോകറെക്കോർഡുകളും ഈ ടൂർണമെന്റിലൂടെ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ അൾജീരിയക്കെതിരെ കളത്തിലിറങ്ങിയതോടെ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുത്ത താരമെന്ന ബഹുമതിയും മെസ്സി സ്വന്തമാക്കിയിരുന്നു. താരത്തിന്റെ കരിയറിലെ ആറാം ലോകകപ്പാണിത് (6th World Cup). ഫുട്ബോൾ ചരിത്രത്തിൽ ആറു ലോകകപ്പുകളിൽ രാജ്യത്തിനായി ബൂട്ട് കെട്ടുന്ന ലോകത്തിലെ ആദ്യത്തെ താരമെന്ന അപൂർവ്വ നേട്ടവും മുപ്പത്തിയെട്ടുകാരനായ മെസ്സി ഇതോടെ സ്വന്തം പേരിൽ കുറിച്ചു. കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള യുവനിര തൊട്ടുപിന്നാലെ വെല്ലുവിളിയ ഉയർത്തുന്നുണ്ടെങ്കിലും, ഈ പ്രായത്തിലും അർജന്റീനയെ മുന്നിൽ നിന്ന് നയിക്കുന്ന മെസ്സിയുടെ മാസ്മരിക പ്രകടനത്തെ അത്ഭുതത്തോടെയാണ് കായികലോകം നോക്കിക്കാണുന്നത്