വരവറിയിച്ചു ലാമിന്‍ യമാല്‍; ആദ്യ ലോകകപ്പ് ഗോളുമായി 18കാരന്‍; സൗദി അറേബ്യക്കെതിരെ വല നിറച്ച് സ്‌പെയിനിന്റെ ശക്തമായ തിരിച്ചുവരവ്; ഏഷ്യന്‍ ശക്തരെ തകര്‍ത്തത് എതിരില്ലാത്ത 4 ഗോളുകള്‍ക്ക്; ഒയര്‍സബാലിന് ഇരട്ടഗോള്‍; ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡിനൊപ്പം ലാമിന്‍ യമാല്‍

വരവറിയിച്ചു ലാമിന്‍ യമാല്‍; ആദ്യ ലോകകപ്പ് ഗോളുമായി 18കാരന്‍; സൗദി അറേബ്യക്കെതിരെ വല നിറച്ച് സ്‌പെയിനിന്റെ ശക്തമായ തിരിച്ചുവരവ്; ഏഷ്യന്‍ ശക്തരെ തകര്‍ത്തത് എതിരില്ലാത്ത 4 ഗോളുകള്‍ക്ക്; ഒയര്‍സബാലിന് ഇരട്ടഗോള്‍; ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡിനൊപ്പം ലാമിന്‍ യമാല്‍



അറ്റ്ലാന്റ: കേപ് വെര്‍ദെയ്‌ക്കെതിരായ ആദ്യ മത്സരത്തിലെ നിറംമങ്ങലിന് സ്‌പെയിന്‍ പ്രായശ്ചിത്തം ചെയ്തത് ഗോളുകളുടെ പൂരം തീര്‍ത്ത്. കൗമാരവിസ്മയം ലാമിന്‍ യമാലും മധ്യനിരയിലെ പടയാളി മൈക്കേല്‍ ഒയര്‍സബാലും ചേര്‍ന്ന് സൗദി അറേബ്യയെ തരിപ്പണമാക്കിയപ്പോള്‍ സ്‌പെയിന് എതിരില്ലാത്ത നാലു ഗോളിന്റെ തകര്‍പ്പന്‍ ജയം. ഈ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരുടെ ആദ്യ വിജയമാണിത്. ഒയര്‍സബാല്‍ ഇരട്ടഗോളുകളുമായി തിളങ്ങിയപ്പോള്‍, ലോകകപ്പ് കരിയറിലെ തന്റെ ആദ്യ ഗോളോടെ ലാമിന്‍ യമാല്‍ വരവറിയിച്ചു. സ്പാനിഷ് കോച്ചിന്റെ തന്ത്രങ്ങള്‍ക്കൊപ്പം ഒരു സെല്‍ഫ് ഗോളും കൂടിയായപ്പോള്‍ സൗദിയുടെ പതനം പൂര്‍ത്തിയായി.

ആദ്യ ഇലവനില്‍ ലാമിന്‍ യമാല്‍ എത്തിയതോടെ സ്പാനിഷ് നിരയ്ക്ക് അസാധാരണ വേഗത കൈവന്നു. കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ സ്‌പെയിന്‍ ആദ്യ വെടിപൊട്ടിച്ചു. ഒരു മിന്നല്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഒയര്‍സബാല്‍ ഇടതുവിങ്ങില്‍ നിന്ന് ബോക്‌സിലേക്ക് നല്‍കിയ മനോഹരമായ ക്രോസ് സൗദി പ്രതിരോധത്തെ കാഴ്ചക്കാരാക്കി യമാലിന്റെ കാലുകളിലേക്ക്. പിഴവേതുമില്ലാതെ കൗമാരതാരം പന്ത് വലയിലെത്തിച്ചു (1-0). യമാലിന്റെ കരിയറിലെ ആദ്യ ലോകകപ്പ് ഗോള്‍ കൂടിയായിരുന്നു ഇത്.

ആദ്യ ഗോളിന്റെ ഞെട്ടലില്‍ നിന്ന് സൗദി മുക്തമാകും മുന്‍പ് സ്‌പെയിന്‍ അടുത്ത പ്രഹരമേല്‍പ്പിച്ചു. ഒയര്‍സബാലും അലക്‌സ് ബെയ്‌നയും സൗദി ബോക്‌സിലേക്ക് നിരന്തരം ഇരച്ചുകയറി. 21-ാം മിനിറ്റില്‍ ഒരു കോര്‍ണര്‍ കിക്കിനെത്തുടര്‍ന്ന് സൗദി ബോക്‌സിലുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയിലൂടെ ഒയര്‍സബാല്‍ തന്റെ ആദ്യ ഗോള്‍ നേടി (2-0).

സൗദി പ്രതിരോധം പുനഃക്രമീകരിക്കും മുന്‍പ് തന്നെ ഒയര്‍സബാല്‍ അടുത്ത വെടിയും ഉതിര്‍ത്തു. 24-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് ലപോര്‍ട്ട നല്‍കിയ ഹെഡര്‍ ഒരു ക്ലിനിക്കല്‍ ഇടംകാലന്‍ ഷോട്ടിലൂടെ ഒയര്‍സബാല്‍ വലയിലെത്തിക്കുകയായിരുന്നു (30). കേവലം 24 മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് ഗോളിന് മുന്നിലെത്തിയ സ്‌പെയിന്‍ മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും കൈക്കലാക്കി. പിന്നീട് പ്രതിരോധം കടുപ്പിച്ച സൗദി ആദ്യപകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടു.


 



ആദ്യപകുതിയിലെ 3-0 ലീഡിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പകുതിയില്‍ സ്‌പെയിന്‍ പ്രധാന താരങ്ങളായ യമാലിനും ഒയര്‍സബാലിനും വിശ്രമം നല്‍കി. പകരം യെറെമി പിനോയും ഫെറാന്‍ ടോറസും കളത്തിലിറങ്ങി. 49-ാം മിനിറ്റില്‍ സ്‌പെയിനിന്റെ ലീഡ് നാലായി ഉയര്‍ന്നു. മാര്‍ക് കുകുറെയ്യയുടെ ഒരു ഉഗ്രന്‍ ഷോട്ട് സൗദി ഗോളി തട്ടിയകറ്റിയെങ്കിലും റീബൗണ്ട് ചെയ്ത പന്ത് നിര്‍ഭാഗ്യവശാല്‍ സൗദി താരം ഹസ്സന്റെ ശരീരത്തില്‍ തട്ടി സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു (സെല്‍ഫ് ഗോള്‍, 4-0).

നാലാം ഗോളും വീണതോടെ സൗദി പൂര്‍ണ്ണമായും പ്രതിരോധത്തിലായി. പിന്നീട് നിക്കോ വില്യംസിനെയും മെറിനോയെയും ഇറക്കി സ്‌പെയിന്‍ ആക്രമണം തുടര്‍ന്നുകൊണ്ടേയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സ്‌പെയിന്‍ ഒരിക്കല്‍ക്കൂടി പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്‌സൈഡ് വിധി തിരിച്ചടിയായി. ഒടുവില്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത നാല് ഗോളുകളുടെ ആധികാരിക ജയവുമായി സ്‌പെയിന്‍ ഗ്രൂപ്പില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു.

പെലെയുടെ റെക്കോര്‍ഡിനൊപ്പം ലാമിന്‍ യമാല്‍

സൗദിക്കെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ച ലാമിന്‍ യമാല്‍ കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ സ്‌പെയിനെ മുന്നിലെത്തിച്ചതാണ് സ്‌പെയിനിന് തുണയായി മാറിയത്. ഈ ഗോളോടെ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ 96 വര്‍ഷത്തെ അപൂര്‍വ ലോകകപ്പ് റെക്കോര്‍ഡിനൊപ്പമാണ് യമാല്‍ ഇടംപിടിച്ചത്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ ഇടതുവിങ്ങില്‍ നിന്ന് മൈക്കേല്‍ ഒയര്‍സബാല്‍ നല്‍കിയ മനോഹരമായ ക്രോസ് സ്വീകരിച്ച് സ്ലൈഡിങ്ങിലൂടെയാണ് യമാല്‍ സൗദി വല കുലുക്കിയത്.


 



18 വയസ്സും 343 ദിവസവും പ്രായമുള്ളപ്പോള്‍ ഗോള്‍ നേടിയതോടെ, ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തിലെ ആദ്യ ഗോള്‍ നേടുന്ന, 18 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള രണ്ടാമത്തെ മാത്രം താരമെന്ന ചരിത്ര റെക്കോര്‍ഡ് ലാമിന്‍ യമാല്‍ സ്വന്തമാക്കി. ബ്രസീല്‍ ഇതിഹാസം പെലെ മാത്രമാണ് ഇതിനുമുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇപ്പോള്‍ യമാല്‍. സ്പാനിഷ് താരങ്ങളില്‍ ഗാവിക്ക് (18 വയസ്സും 110 ദിവസവും) തൊട്ടുപിന്നില്‍ രണ്ടാമതുമാണ് ഈ കൗമാരതാരം.