ചക്കരക്കൽ : ചക്കരക്കലിൽ വൻ കഞ്ചാവ് വേട്ട. 2.25 കിലോ കഞ്ചാവുമായി ബിഹാർ സ്വദേശിയായ സന്തോഷ് മോനി (39) യെ ചക്കരക്കൽ പൊലീസും നാർക്കോട്ടിക്ക് സെല്ലും ചേർന്ന് പിടികൂടി. കാവിൻമൂല ടൗണിലെ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാൾ.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വ്യാഴാഴ്ച അർദ്ധരാത്രിയോടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. പ്രതി താമസിക്കുന്ന മുറിയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. ഇവിടെ നടത്തിയ വിശദമായ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെടുത്തത്.
ചെറുപൊതികളിലാക്കി ചില്ലറ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. ഒരു പൊതിക്ക് 750 രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നത്. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിന് 200 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത് എന്നതിനാൽ, വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ചക്കരക്കൽ എസ് ഐ ഇ വി വിനീത്, സി പി ഒ മാരായ ലിജു, മുഹമ്മദ് റമീസ്, നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രതിയെ കണ്ണൂർ കോടതി 3 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

