കല്യാണം കഴിഞ്ഞ് 40-ാം ദിവസം ഗര്‍ഭിണിയായ 19-കാരി തൂങ്ങി മരിച്ചു; പാനൂരിലെ ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണം; മൊബൈല്‍ തുറന്നപ്പോള്‍ കണ്ടത് ക്രൂരപീഡനത്തിന്റെ തെളിവുകള്‍; 11.5 ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കിയിട്ടും കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടു; പെരുന്നാള്‍ ദിനത്തില്‍ എല്ലാം അവസാനിപ്പിച്ചു ഫാത്തിമ

കല്യാണം കഴിഞ്ഞ് 40-ാം ദിവസം ഗര്‍ഭിണിയായ 19-കാരി തൂങ്ങി മരിച്ചു; പാനൂരിലെ ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണം; മൊബൈല്‍ തുറന്നപ്പോള്‍ കണ്ടത് ക്രൂരപീഡനത്തിന്റെ തെളിവുകള്‍; 11.5 ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കിയിട്ടും കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടു; പെരുന്നാള്‍ ദിനത്തില്‍ എല്ലാം അവസാനിപ്പിച്ചു ഫാത്തിമ


ആറാട്ടുപുഴ: വിവാഹത്തിന്റെ മധുരം മാറും മുന്‍പേ, കനത്ത പ്രതീക്ഷകളോടെ ഭര്‍തൃവീട്ടിലേക്ക് വലതുകാല്‍ വെച്ചുകയറിയ പത്തൊന്‍പതുകാരിയായ ഗര്‍ഭിണി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണങ്ങള്‍ കടുക്കുന്നു. കല്യാണം കഴിഞ്ഞ് കൃത്യം നാല്‍പ്പതാമത്തെ ദിവസം പാനൂരില്‍ ഫാത്തിമ എന്ന യുവതി ആത്മഹത്യ ചെയ്തതിന് പിന്നില്‍ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ സ്ത്രീധന പീഡനമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ സഹോദരന്‍ തൃക്കുന്നപ്പുഴ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്.

തൃക്കുന്നപ്പുഴ പാനൂര്‍ കൊല്ലന്റെഴത്ത് വീട്ടില്‍ അബ്ദുല്‍നാസര്‍ - റഹ്‌മത്ത് ദമ്പതികളുടെ മകളായ ഫാത്തിമയെ (19) കഴിഞ്ഞ പെരുന്നാള്‍ ദിനത്തിലാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭര്‍ത്താവ് നൗഫല്‍ ഫാത്തിമയെ പാനൂരിലെ സ്വന്തം വീട്ടിലാക്കാന്‍ എത്തിയത്. പെരുന്നാള്‍ ദിവസമായതിനാല്‍ അന്ന് അവിടെ നില്‍ക്കാന്‍ ഫാത്തിമയും വീട്ടുകാരും നൗഫലിനെ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും കടയില്‍ പോകാനുണ്ടെന്ന കാരണം പറഞ്ഞ് നൗഫല്‍ പെട്ടെന്ന് തന്നെ മടങ്ങുകയായിരുന്നു.

ഇതിനുശേഷം നൗഫലും ഫാത്തിമയും തമ്മില്‍ ഫോണിലൂടെ കടുത്ത വാക്കുതര്‍ക്കവും വഴക്കും ഉണ്ടായതായും, ഇതിന് തൊട്ടുപിന്നാലെ മാനസികമായി തകര്‍ന്ന ഫാത്തിമ രാത്രി എട്ടരയോടെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നുമാണ് വീട്ടുകാര്‍ പറയുന്നത്. മരണപ്പെടുമ്പോള്‍ ഫാത്തിമ ഒരു ജീവനെ ഉള്ളില്‍ ചുമക്കുന്ന ഗര്‍ഭിണി കൂടിയായിരുന്നു എന്ന വിവരം നാടിനെയാകെ കണ്ണീരിലാഴ്ത്തുകയാണ്.

11.5 ലക്ഷത്തിന്റെ സ്വര്‍ണ്ണം പോരാഞ്ഞ് വീണ്ടും പീഡനം

കഴിഞ്ഞ ഏപ്രില്‍ 19-നായിരുന്നു ഫാത്തിമയുടെയും ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നൗഫലിന്റെയും വിവാഹം നടന്നിരുന്നത്. വിവാഹസമയത്ത് 11.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് ഫാത്തിമയുടെ കുടുംബം കാന്‍പൂര്‍വ്വമായി നല്‍കിയിരുന്നത്. എന്നാല്‍ ഈ സമ്പാദ്യം കൊണ്ടും തൃപ്തിപ്പെടാതെ ഭര്‍ത്താവ് നൗഫല്‍, ഇയാളുടെ മാതാവ് റുമൈലത്ത്, സഹോദരി ബീമ എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഫാത്തിമയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു.

മറ്റുള്ളവരുടെ മുന്നില്‍ വെച്ചും യാത്ര ചെയ്യുന്ന വാഹനങ്ങളില്‍ വെച്ചും ഫാത്തിമയെ ഇവര്‍ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ക്രൂരതയുടെ അങ്ങേയറ്റമെന്നോണം, മരണപ്പെടുന്നതിന് വെറും മൂന്ന് ദിവസം മുന്‍പ് അര്‍ദ്ധരാത്രി രണ്ട് മണിക്ക് ഫാത്തിമയെ ഭര്‍തൃവീട്ടുകാര്‍ ചേര്‍ന്ന് വീടിന് പുറത്താക്കി കതകടച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഭര്‍തൃവീട്ടില്‍ താന്‍ അനുഭവിച്ചിരുന്ന നരകയാതനകള്‍ ഒന്നും തന്നെ ഫാത്തിമ തുടക്കത്തില്‍ സ്വന്തം വീട്ടുകാരെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഫാത്തിമയുടെ മരണശേഷം വീട്ടുകാര്‍ അവളുടെ മൊബൈല്‍ ഫോണ്‍ എടുത്ത് വിശദമായി പരിശോധിച്ചപ്പോഴാണ് നൗഫലും കുടുംബവും നടത്തിയ ക്രൂരമായ ചതിയുടെയും പീഡനങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെയാണ് ഫാത്തിമയുടെ സഹോദരന്‍ തെളിവുകള്‍ സഹിതം തൃക്കുന്നപ്പുഴ പോലീസിനെ സമീപിച്ചത്.