പതിനേഴുകാരിയുമായി ദീര്‍ഘകാലമായി പ്രണയം; അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് ഒരുമിച്ച് യാത്രപോകാന്‍; ഇരുവരും തമ്മില്‍ പെട്ടെന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ 26കാരന്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിച്ചുവെച്ചതില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്‌

പതിനേഴുകാരിയുമായി ദീര്‍ഘകാലമായി പ്രണയം; അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് ഒരുമിച്ച് യാത്രപോകാന്‍; ഇരുവരും തമ്മില്‍ പെട്ടെന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ 26കാരന്‍ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അഴിച്ചുവെച്ചതില്‍ ദുരൂഹത; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്‌


ബാലുശ്ശേരി: കോഴിക്കോട് പെരുമണ്ണയില്‍ അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ പെണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി പറമ്പിന്റെമുകള്‍ താമസിക്കുന്ന അറപ്പീടിക പേരാറ്റും പൊയില്‍ കുഴിക്കാട്ട് ഷവാദ് അന്‍വര്‍ (26) ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ 11.45 ഓടെ പെരുമണ്ണ കൊല്ലക്കാംപറമ്പത്തെ വാടകവീട്ടിലായിരുന്നു സംഭവം. സംഭവത്തില്‍ പന്തീരാങ്കാവ്, ബാലുശ്ശേരി പോലീസ് വിഭാഗങ്ങള്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരു നിലയുള്ള ഓടിട്ട വീടിന്റെ ഇടനാഴിയിലെ ഉത്തരത്തില്‍ ഷാളില്‍ കഴുത്തിന് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു ഷവാദിന്റെ മൃതദേഹം. എന്നാല്‍, മരിക്കുമ്പോള്‍ യുവാവ് അടിവസ്ത്രം മാത്രമാണ് ധരിച്ചിരുന്നതെന്നും ധരിച്ചിരുന്ന പാന്റസും ഷര്‍ട്ടും അഴിച്ചുവെച്ച നിലയിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ ഈ നടപടി മരണത്തില്‍ വലിയ രീതിയിലുള്ള ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ പതിനേഴുകാരിയായ പെണ്‍കുട്ടിയും മാതാവും സഹോദരനും അടങ്ങുന്ന കുടുംബമാണ് നാലഞ്ച് മാസമായി പെരുമണ്ണയിലെ ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നത്. സംഭവസമയത്ത് പെണ്‍കുട്ടിയുടെ ഉമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നില്ല. പെണ്‍കുട്ടി മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.

വിദേശത്ത് ജോലിയുള്ള ഷവാദ് ലീവിന് നാട്ടിലെത്തിയതായിരുന്നു. വെള്ളിയാഴ്ച രാവിലെ ബൈക്കിലാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ച് യാത്ര പോകാന്‍ തയ്യാറായി വന്നതായിരുന്നു ഷവാദെന്നുമാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇതിനിടെ ഇരുവരും തമ്മില്‍ പെട്ടെന്നുണ്ടായ തര്‍ക്കവും പിണക്കവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. തര്‍ക്കത്തിനിടെ പെണ്‍കുട്ടി യുവാവിന്റെ അമ്മയെ ഫോണില്‍ വിളിച്ചതായും വിവരമുണ്ട്. തുടര്‍ന്ന് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരേതനായ അന്‍വര്‍ സാദത്താണ് ഷവാദിന്റെ പിതാവ്. മാതാവ്: റൗഫിയ, സഹോദരന്‍: മിന്‍ഹാജ്. പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഉള്ളിയേരി ഈസ്റ്റ് മുക്ക് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മരണത്തിലെ യഥാര്‍ത്ഥ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.