വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം, സ്വന്തം വീട്ടില്‍ നിന്നും അകറ്റി, ഭാര്യവീട്ടില്‍ അനുഭവിച്ചത് കൊടിയ നരകയാതന! ഭാര്യയുടെയും വീട്ടുകാരുടെയും ക്രൂരത തുറന്നുപറഞ്ഞ് 28-കാരന്റെ അവസാന വീഡിയോ; ജീവനൊടുക്കി യുവാവ്

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷം, സ്വന്തം വീട്ടില്‍ നിന്നും അകറ്റി, ഭാര്യവീട്ടില്‍ അനുഭവിച്ചത് കൊടിയ നരകയാതന! ഭാര്യയുടെയും വീട്ടുകാരുടെയും ക്രൂരത തുറന്നുപറഞ്ഞ് 28-കാരന്റെ അവസാന വീഡിയോ; ജീവനൊടുക്കി യുവാവ്


ഫരീദാബാദ്: ഭാര്യയുടെയും ഭാര്യവീട്ടുകാരുടെയും ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ സഹിക്കാനാകാതെ ബിസിനസ്സുകാരനായ ഇരുപത്തിയെട്ടുകാരന്‍ ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയായ രാഹുല്‍ ആണ് താന്‍ അനുഭവിച്ച കൊടിയ പീഡനങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ഹൃദയഭേദകമായ വീഡിയോ പങ്കുവെച്ച ശേഷം തൂങ്ങിമരിച്ചത്. ഭാര്യയും അവരുടെ കുടുംബവും തന്നെ ഒരു അടിമയെപ്പോലെയാണ് കണ്ടിരുന്നതെന്നും ക്രൂരമായി ദ്രോഹിച്ചിരുന്നെന്നും വ്യക്തമാക്കുന്നതാണ് യുവാവിന്റെ അവസാന വീഡിയോ.

രണ്ട് വര്‍ഷം മുന്‍പാണ് ജ്യോതി (പ്രീതി) എന്ന യുവതിയെ രാഹുല്‍ വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹത്തിന് തൊട്ടുപിന്നാലെ തന്നെ രാഹുലിനെ സ്വന്തം മാതാപിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകറ്റാന്‍ ജ്യോതി ശ്രമിച്ചിരുന്നതായി രാഹുല്‍ വീഡിയോയില്‍ പറയുന്നു. ഒടുവില്‍ ഭാര്യയുടെ കടുത്ത നിര്‍ബന്ധത്തിന് വഴങ്ങി രാഹുലിന് സ്വന്തം വീട് വിട്ട് ഭാര്യവീട്ടിലേക്ക് താമസം മാറ്റേണ്ടി വന്നു. തുടര്‍ന്ന് ഭാര്യവീടിന് സമീപത്തുതന്നെ ഇയാള്‍ ഒരു തുണിക്കട ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ഭാര്യവീട്ടിലെത്തിയ രാഹുലിനോട് മൃഗീയമായ പെരുമാറ്റമാണ് ഭാര്യാകുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. രാഹുലിനെക്കൊണ്ട് വീട് അടിച്ചുവാരലും തുടയ്ക്കലുമുള്‍പ്പെടെയുള്ള മുഴുവന്‍ വീട്ടുജോലികളും നിര്‍ബന്ധിപ്പിച്ച് ചെയ്യിപ്പിച്ചു. ഇതിനെല്ലാം പുറമെ തികച്ചും നിസ്സാരമായ കാര്യങ്ങളുടെ പേരില്‍പ്പോലും ഭാര്യയും വീട്ടുകാരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും യുവാവ് വെളിപ്പെടുത്തി. ഭാര്യ ജ്യോതിക്ക് പുറമെ അവരുടെ സഹോദരി നീതു, മാതാവ് വീണ, പിതാവ് ബിട്ടു എന്നിവരും തന്നെ നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നതായി രാഹുല്‍ വീഡിയോയില്‍ ആരോപിക്കുന്നുണ്ട്.

തന്റെ മരണത്തിന് കാരണക്കാരായ ഭാര്യയ്ക്കും കുടുംബത്തിനുമെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും, തന്റെ സമ്പാദ്യവും കുടുംബസ്വത്തും അമ്മയും സഹോദരങ്ങളും വീതിച്ചെടുക്കണമെന്നും രാഹുല്‍ വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. തന്റെ തുണിക്കടയില്‍ വെച്ചാണ് രാഹുല്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. ദൃശ്യങ്ങള്‍ കണ്ട് പരിഭ്രാന്തനായ സഹോദരന്‍ ഉടന്‍ തന്നെ കടയിലേക്ക് ഓടിയെത്തുകയും പൂട്ട് കുത്തിത്തുറന്ന് അകത്തുകയറുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും രാഹുല്‍ മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തില്‍ രാഹുലിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഭാര്യയ്ക്കും വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.