ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും


പുതിയ കരസേന മേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് നിയമിതനായി. ജൂൺ 30ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുന്നത്. നിലവിൽ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. ഇതേ ദിവസം തന്നെയാണ് നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സർവീസിൽ നിന്ന് വിരമിക്കുന്നത്.

നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വവിദ്യാർത്ഥിയായ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമഡ് കോർപ്സിൽ സേവനം ആരംഭിച്ചത്. നാലു പതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ സേവന ജീവിതം ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനക്ഷമതയ്ക്കും ദീർഘകാല പരിവർത്തനങ്ങൾക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

മരുഭൂമിയിലെ ആർമഡ് റെജിമെന്റ്, വെസ്റ്റേൺ തിയേറ്ററിലെ ആർമഡ് ബ്രിഗേഡ്, ജമ്മു കശ്മീരിലെ കൗണ്ടർ ഇൻസർജൻസി ഫോഴ്സ് എന്നിവ അദ്ദേഹം നയിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറൽ എന്ന നിലയിൽ സുദർശൻ ചക്ര കോർപ്സിനും, ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗായും പ്രവർത്തിച്ചു. സതേൺ കമാൻഡ്, സൗത്ത് വെസ്റ്റേൺ കമാൻഡ് എന്നീ രണ്ട് ഓപ്പറേഷണൽ ആർമി കമാൻഡുകൾ കമാൻഡ് ചെയ്യാനുള്ള അപൂർവ്വ നേട്ടവും രണ്ടര വർഷത്തോളം നിർണായക മേഖലകളിൽ തന്ത്രപരമായ മേൽനോട്ടം വഹിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്